Bone Marrow: മജ്ജ മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് ചരിത്ര മുന്നേറ്റവുമായി കേരളം; കേരള ബോണ്‍മാരോ രജിസ്ട്രി യാഥാര്‍ത്ഥ്യത്തിലേക്ക്
Bone marrow transplant treatment: തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് ബോണ്‍മാരോ രജിസ്ട്രി തയ്യാറാക്കുന്നത്.
തിരുവനന്തപുരം: മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആദ്യമായാണ് കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിന് തയ്യാറെടുക്കുന്നത്.
തലശേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ കെ ഡിസ്‌കിന്റെ സഹകരണത്തോടെയാണ് ബോണ്‍മാരോ രജിസ്ട്രി പൈലറ്റ് പ്രോജക്ടായി തയ്യാറാക്കുന്നത്. രക്താര്‍ബുദം ബാധിച്ചവര്‍ക്ക് അനുയോജ്യമായ മൂലകോശം ലഭിക്കുന്നതിന് നിലവില്‍ വളരെയേറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. ഇത് പരിഹരിക്കാനായി ഇവരുടെ ഡാറ്റാബേസ് തയ്യാക്കുകയാണ് പ്രധാന ലക്ഷ്യം.
ഇന്ത്യയില്‍ സര്‍ക്കാരിതര മേഖലയില്‍ ആറ് ബോണ്‍മാരോ രജിസ്ട്രികള്‍ മാത്രമാണ് നിലവിലുള്ളത്. മജ്ജ മാറ്റിവെക്കല്‍ ചികിത്സാ ചെലവ് ഗണ്യമായി കുറയ്ക്കുക, യോജിച്ച മൂലകോശ ലഭ്യത വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് രജിസ്ട്രി തയ്യാറാക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
ALSO READ: ക്ഷയരോഗ മുക്തകേരളം ലക്ഷ്യം; കേരളം നടത്തുന്നത് ശക്തമായ പ്രവര്‍ത്തനങ്ങളെന്ന് മന്ത്രി വീണാ ജോര്‍ജ്
കാന്‍സര്‍ പ്രതിരോധവും ചികിത്സയും നവകേരള കര്‍മപദ്ധതി ആര്‍ദ്രം രണ്ടിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ഇതിന്റെ ഭാഗമായാണ് ബോണ്‍മാരോ രജിസ്ട്രിയും കാന്‍സര്‍ രജിസ്ട്രിയും തയ്യാറാക്കുന്നത്. കേരള കാന്‍സര്‍ രജിസ്ട്രിയുമായി ഈ രജിസ്ട്രി സംയോജിപ്പിക്കും.
ഇതിലൂടെ ബോണ്‍മാരോ ദാതാക്കളുടേയും ആവശ്യക്കാരുടേയും വിവരം ശേഖരിച്ച് അര്‍ഹമായവര്‍ക്ക് ബോണ്‍മാരോ വേഗത്തില്‍ ലഭ്യമാക്കാനും സാധിക്കും. അഡ്വാന്‍സ്ഡ് ബ്ലഡ് കളക്ഷന്‍ സെന്ററുകളുമായി ബന്ധിപ്പിച്ചാണ് ബോണ്‍മാരോ രജിസ്ട്രി പ്രവര്‍ത്തിക്കുക.
ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട വേള്‍ഡ് മാരോ ഡോണര്‍ അസോസിയേഷന്‍ മാനദണ്ഡ പ്രകാരമാണ് ദാതാക്കളേയും സ്വീകര്‍ത്താക്കളേയും തെരഞ്ഞെടുക്കുക. വേള്‍ഡ് ബോണ്‍മാരോ ഡോണര്‍ അസോസിയേഷനുമായി രജിസ്ട്രി സംയോജിപ്പിക്കുന്നതിനാല്‍ കേരളത്തില്‍ നിന്നുള്ള രോഗികള്‍ക്ക് ലോകമെമ്പാടുമുള്ള സാധ്യമായ ദാതാക്കളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സാധിക്കും.
രോഗിയുടേയും ദാതാവിന്റേയും മാച്ചിംഗിനായും ട്രാന്‍സ്പ്ലാന്റിന്റെ വിജയ സാധ്യതകളും ട്രാന്‍സ്പ്ലാന്റിന് ശേഷമുള്ള സങ്കീര്‍ണതകളും പ്രവചിക്കുന്നതിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റേയും മെഷീന്‍ ലേണിംഗിന്റേയും സാധ്യകളും ഉപയോഗിക്കും.
മലബാര്‍ കാന്‍സര്‍ സെന്ററില്‍ കുട്ടികളുള്‍പ്പെടെ ഇരുന്നൂറോളം മജ്ജ മാറ്റിവെക്കല്‍ ചികിത്സ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൂടുതല്‍ രോഗികള്‍ക്ക് മജ്ജ മാറ്റിവെക്കല്‍ ചികിത്സ ലഭ്യമാക്കുവാന്‍ ദാതാക്കളെ വർധിപ്പിക്കേണ്ടതുണ്ട്. രക്തദാതാക്കളുടെ കൂട്ടായ്മകളുമായി യോജിച്ച് പ്രവര്‍ത്തിച്ചു കൊണ്ട് മലബാര്‍ കാന്‍സര്‍ സെന്റര്‍ അനുയോജ്യരായ ദാതാക്കളെ കണ്ടെത്തുന്നതിനായി വിവിധ ബോധവല്‍ക്കരണ പരിപാടികള്‍ നടത്തി വരുന്നുണ്ട്. സംസ്ഥാനത്ത് രക്താര്‍ബുദം ബാധിച്ച അനേകം പേര്‍ക്ക് ബോണ്‍മാരോ ഡോണര്‍ രജിസ്ട്രി ആശ്വാസമാകും.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.