Digestion problems: മലബന്ധം, വയറുവീർക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ നേരിടുന്നുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കരുത്
Healthy Digestion Tips: നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാനും വിഷാംശങ്ങളെ പുറന്തള്ളാനും ആരോഗ്യകരമായ ദഹനവ്യവസ്ഥ നമ്മുടെ ശരീരത്തെ സഹായിക്കുന്നു.
ആരോഗ്യകരമായ ദഹനവ്യവസ്ഥ നിലനിർത്തുന്നത് ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിൽ പ്രധാനപ്പെട്ട കാര്യമാണ്. ആരോഗ്യകരമായ ദഹനവ്യവസ്ഥ നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അവശ്യ പോഷകങ്ങൾ ആഗിരണം ചെയ്യാനും വിഷാംശങ്ങളെ പുറന്തള്ളാനും നമ്മുടെ ശരീരത്തെ സഹായിക്കുന്നു.
എന്നാൽ, ചില ഭക്ഷണങ്ങൾ ഈ അതിലോലമായ ദഹനവ്യവസ്ഥയുടെ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്തുകയും വയറുവേദന, മലബന്ധം, വയറിളക്കം, അസിഡിറ്റി തുടങ്ങിയ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും. നിങ്ങളുടെ ദഹനവ്യവസ്ഥ ആരോഗ്യകരമായി നിലനിൽക്കുന്നതിന് ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.
വറുത്ത ഭക്ഷണം: വറുത്ത ഭക്ഷണത്തിൽ കൊഴുപ്പ് കൂടുതലാണ്, വയറിളക്കം പോലുള്ള അവസ്ഥകളിലേക്ക് ഇത് നിങ്ങളെ എത്തിക്കും. വലിയ അളവിൽ സോസുകൾ, കൊഴുപ്പ് കൂടിയ മാംസം, വെണ്ണ അല്ലെങ്കിൽ ക്രീം, മധുരപലഹാരങ്ങൾ എന്നിവ പോലുള്ള ചില ഭക്ഷണ പദാർത്ഥങ്ങൾ ഒഴിവാക്കേണ്ടവയാണ്. നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്, വറുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ ശ്രമിക്കുക. പകരം, ബേക്കിംഗ്, ഗ്രില്ലിംഗ് അല്ലെങ്കിൽ സ്റ്റീമിംഗ് പോലുള്ള ആരോഗ്യകരമായ പാചക രീതികൾ തിരഞ്ഞെടുക്കുക.
വളരെ ഉയർന്ന അളവിൽ നാരുകൾ അടങ്ങിയ ഭക്ഷണം: ധാന്യങ്ങളും പച്ചക്കറികളും പോലുള്ള ഭക്ഷ്യവസ്തുക്കൾ, ആരോഗ്യകരമായ കാർബോഹൈഡ്രേറ്റിന്റെ അളവ് കാരണം ദഹനത്തിന് നല്ലതാണ്. എന്നാൽ നിങ്ങൾ അവ ധാരാളം കഴിക്കാൻ തുടങ്ങിയാൽ, നിങ്ങളുടെ ദഹനവ്യവസ്ഥയിൽ പ്രശ്‌നമുണ്ടാകാം. ഇത് ഉദരസംബന്ധമായ പ്രശ്‌നങ്ങൾക്കും വയറിളക്കത്തിനും കാരണമാകും. അതിനാൽ, നിങ്ങൾ കഴിക്കുന്ന നാരുകളുടെ അളവ് ക്രമേണ വർധിപ്പിക്കാൻ ശുപാർശ ചെയ്യുന്നു.
അസിഡിക് ഗുണമുള്ള ഭക്ഷണങ്ങൾ: ഓറഞ്ച്, ഗ്രേപ്ഫ്രൂട്ട്, തക്കാളി, നാരങ്ങ തുടങ്ങിയ ഉയർന്ന അസിഡിക് ഗുണമുള്ള ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് വയറെരിച്ചിലിന് കാരണമാകും. കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക. നിങ്ങളുടെ ഭക്ഷണത്തിൽ പെട്ടെന്ന് മാറ്റം വരുത്തുന്നതും ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. അതിനാൽ സാവധാനത്തിലും ചെറിയ അളവിലും മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കുക.
സംസ്‌കരിച്ച ഭക്ഷണം: സംസ്‌കരിച്ച ഭക്ഷണത്തിൽ പോഷകമൂല്യമില്ല. അവയിൽ നാരുകൾ ഇല്ല. കൂടാതെ, ആരോഗ്യത്തിന് ദോഷം ചെയ്യുന്ന അഡിറ്റീവുകളുടെയും പ്രിസർവേറ്റീവുകളുടെയും സാന്നിധ്യം ഉണ്ട്. ഇത് കുടലിനെ പ്രകോപിപ്പിക്കാം. നിങ്ങളുടെ ദഹനവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്, സംസ്കരിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാനോ പരിമിതപ്പെടുത്താനോ ശ്രമിക്കുക. പകരം, പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ തുടങ്ങിയ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക.
എരിവുള്ള ഭക്ഷണം: ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ ഭക്ഷണത്തിൽ സുഗന്ധവ്യഞ്ജനങ്ങൾ ചേർക്കുന്നു. എന്നാൽ ചില ആളുകൾക്ക്, സുഗന്ധവ്യഞ്ജനങ്ങളോട് ഉയർന്ന സംവേദനക്ഷമതയുള്ളതിനാൽ അവ പ്രതികൂല ഫലമുണ്ടാക്കുന്നു. മസാലകൾ കൂടുതലായി കഴിക്കുന്നത് വഴി പലർക്കും ഗ്യാസ്, വയറിളക്കം, നെഞ്ചെരിച്ചിൽ, ആസിഡ് റിഫ്ലക്സ്, കൂടാതെ വയറുവേദന എന്നിവ ഉണ്ടാകുന്നു. എരിവുള്ള ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് നിങ്ങളുടെ ദഹനനാളത്തിൽ വീക്കം ഉണ്ടാക്കുകയും നെഞ്ചെരിച്ചിൽ, ദഹനക്കേട്, വയറിളക്കം തുടങ്ങിയ അവസ്ഥകൾ ഉണ്ടാക്കുകയും ചെയ്യും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...