ആദ്യ ഡോസിന് ശേഷം 12 ആഴ്ച കാക്കേണ്ട ; കോവി ഷീൽഡ് ഇടവേള പുതുക്കാൻ സർക്കാർ
നേരത്തെ കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 12 മുതൽ 16 ആഴ്ച ഇടവേളയിലായിരുന്നു സ്വീകരിച്ചിരുന്നത്
ന്യൂഡൽഹി: കോവിഷീൽഡിന്റെ രണ്ട് ഡോസുകൾ തമ്മിലുള്ള ഇടവേള പുതുക്കി . 12-16 ആഴ്ചകൾക്ക് പകരം ഒന്നാം ഡോസിന് ശേഷം 8-16 ആഴ്ചത്തെ ഇടവേളയിൽ രണ്ടാം ഡോസ് എടുക്കാം. നാഷണൽ ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പ് ഓഫ് ഇമ്യൂണൈസേഷൻ ആണ് പുതിയ ശുപാർശ നൽകിയത്.
നേരത്തെ കോവിഷീൽഡിന്റെ രണ്ടാമത്തെ ഡോസ് 12 മുതൽ 16 ആഴ്ച ഇടവേളയിലായിരുന്നു സ്വീകരിച്ചിരുന്നത്. ഇങ്ങനെ സ്വീകരിക്കുമ്പോൾ ഉണ്ടാകുന്ന ആന്റിബോഡി തന്നെയാണ് എട്ട് ആഴ്ചയ്ക്ക് ശേഷവും ശരീരത്തിന് ലഭിക്കുന്നത് .
കോവാക്സിൻ ഡോസുകളുടെ ഇടവേള സംബന്ധിച്ച് നിലവിൽ മാറ്റമൊന്നും ഇല്ല . ആദ്യ ഡോസിന് ശേഷം 28 ദിവസങ്ങൾക്ക് ശേഷമാണ് നിലവിൽ കോവാക്സിൻ രണ്ടാം ഡോസ് എടുക്കാൻ അനുവാദമുള്ളത്.
കോവിഡ് കുറഞ്ഞിട്ടില്ല
അതേസമയം മിക്ക രാജ്യങ്ങളിലും കോവിഡ് വീണ്ടും ഉയരുന്ന സാഹചര്യമാണെന്ന് നേരത്തെ ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. ജനങ്ങൾക്കിടയിൽ തെറ്റായ വിവരങ്ങളുടെ പ്രചാരണം നടക്കുന്നതായും സംഘടന ചൂണ്ടിക്കാണിച്ചു. ഇത് കോവിഡ് വ്യാപനത്തെ കുറച്ച് കാട്ടുന്നുവെന്നും ഇത് ഗുരുതര പ്രശ്നങ്ങൾക്ക് ഇടയാക്കുന്നുതായും ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക വിഭാഗ മേധാവി മരിയ വാൻ ഖെർകോവ് വ്യക്തമാക്കി.