കണ്മണി കാലുകൊണ്ടെഴുതിയെടുത്ത് ഒന്നാം റാങ്ക്; ബിരുദത്തിലെ അഭിമാനനേട്ടം സീ മലയാളം ന്യൂസിനോട് പങ്കുവയ്ക്കുമ്പോൾ!!!
തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനി കൂടിയായ കൺമണിക്ക് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനും സംഗീതം തന്നെ കരിയറായി തിരഞ്ഞെടുക്കാനുമാണ് താൽപര്യം. പ്രതിസന്ധികളെയും വെല്ലുവിളികളെയും എങ്ങനെ അഭിമുഖീകരിക്കണമെന്നും ഈ മിടുക്കി പറയുന്നുണ്ട്.
തിരുവനന്തപുരം: പ്രതിസന്ധികളോട് പടവെട്ടി കൺമണി കാലുകൊണ്ട് എഴുതിയെടുത്ത പരീക്ഷയിൽ ഒന്നാം റാങ്കിന്റെ വിജയത്തിളക്കം. കേരള സർവകലാശാല ബിഎ വോക്കൽ പരീക്ഷയിലാണ് റാങ്ക് സ്വന്തമാക്കി കൺമണി അഭിമാനമായത്. തിരുവനന്തപുരം സ്വാതി തിരുനാൾ ഗവ.സംഗീത കോളജ് വിദ്യാർഥിനി കൂടിയായ കൺമണിക്ക് സംഗീതത്തിൽ ബിരുദാനന്തര ബിരുദം നേടാനും സംഗീതം തന്നെ കരിയറായി തിരഞ്ഞെടുക്കാനുമാണ് താൽപര്യം. പ്രതിസന്ധികളെയും വെല്ലുവിളികളെയും എങ്ങനെ അഭിമുഖീകരിക്കണമെന്നും ഈ മിടുക്കി പറയുന്നുണ്ട്. കൺമണി സീ മലയാളം ന്യൂസിനോട് മനസ്സു തുറക്കുന്നു...
ഒന്നാം റാങ്ക് പ്രതീക്ഷിച്ചിരുന്നോ? സ്വാതി തിരുനാൾ കോളേജിൽ നിന്ന് ലഭിച്ച അംഗീകാരത്തെക്കുറിച്ച്?
റാങ്ക് പ്രതീക്ഷിച്ചില്ല. മികച്ച വിജയം നേടാൻ കഴിയുമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാം അപ്രതീക്ഷിതമായിരുന്നു. പരീക്ഷ നന്നായി എഴുതാൻ കഴിഞ്ഞിരുന്നു. ഒന്നാം റാങ്ക് ലഭിച്ചുവെന്നറിഞ്ഞപ്പോൾ മുതൽ വലിയ സന്തോഷമാണ്. അധ്യാപകരോടും കൂട്ടുകാരോടും ജഗദീശ്വരനോടും നന്ദി പറയുന്നു. അതിലുപരി അച്ഛൻ അമ്മ അനിയൻ ഇവർ നൽകുന്ന പ്രചോദനം വളരെ വലുതാണ് ഇവരെയും ഈ ഘട്ടത്തിൽ ചേർത്തുനിർത്തുന്നു.
കൺമണിയെ അറിയാത്തവരായി ആളുകൾ കുറവാണ്? സ്കൂൾ കലോത്സവം ഉയർച്ചകളിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അതിനെക്കുറിച്ച്?
ചെറുപ്പം മുതൽ തന്നെ പാട്ടുകൾ പഠിക്കുന്നുണ്ട്. അതോടൊപ്പം പെയിന്റിംഗും ഇഷ്ടമാണ്. നിരവധി വേദികൾ ലഭിച്ചു. പാട്ടുകൾ ഓരോന്നും പാടി പഠിച്ചാണ് കലോത്സവ വേദിയിലേക്ക് വരുന്നത്. കലോത്സവത്തിലൂടെ പ്രേക്ഷകരിലേക്ക് എത്താൻ ഭാഗ്യമുണ്ടായി. പാട്ടും വരയും പഠനവുമെല്ലാം ഒരേ രീതിയിൽ കൊണ്ടുപോകണം എന്നാണ് ആഗ്രഹം. ഡിഗ്രിക്ക് മ്യൂസിക് തന്നെ പഠിക്കണമെന്ന് പണ്ടുകാലം മുതൽ തന്നെ ആഗ്രഹമുണ്ടായിരുന്നു. അതും സഫലീകരിക്കാനാകുന്നതിനോടൊപ്പം ഒന്നാം റാങ്കും ലഭിച്ചു. എല്ലാരോടും സന്തോഷം പങ്കുവയ്ക്കുന്നു.
പി.ജിയും വോക്കൽ വിഭാഗത്തിൽ തന്നെ ചെയ്യാനാണോ താത്പര്യം? ഉപരിപഠനം ഏതു വിധത്തിൽ ക്രമീകരിക്കാനാണ് ആഗ്രഹിക്കുന്നത്?
പി.ജിയും സ്വാതി തിരുനാൾ കോളേജിൽ വോക്കൽ വിഭാഗത്തിൽ പഠിക്കണമെന്നു തന്നെയാണ് ആഗ്രഹം. അത് നല്ല രീതിയിൽ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പാട്ടാണ് എല്ലാം. പാട്ടിന്റെയും രചനയുടെയും വഴിയിൽ തന്നെ തുടർന്നും സഞ്ചരിക്കും. അമ്മയാണ് പാട്ടിന്റെ വഴിയെ സഞ്ചരിക്കാൻ മാർഗദർശിയായി തീർന്നത്. പാട്ട് പഠിക്കാൻ തുടക്കമിട്ടത് അമ്മ തന്നെയാണ്. ഗുരുക്കന്മാരും ഒരുപാട് സഹായിച്ചിട്ടുണ്ട്.
സർക്കാർ ജോലി ആഗ്രഹിക്കുന്നുണ്ടോ? പാട്ടിന്റെ വഴിയേ തുടരാനാണോ തീരുമാനം?
സംഗീതം വിട്ടൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയില്ല. സർക്കാർ ജോലിയിൽ താല്പര്യമില്ലായ്മ ആയിട്ടില്ല. സർക്കാർ ജോലി കിട്ടിയാൽ സംഗീതം തുടർന്നും കൊണ്ടു പോകും. അതിനൊരു തടസ്സമുണ്ടാകില്ല. ഗസറ്റഡ് ജോലിയോട് ആഗ്രഹമുണ്ട്. സംഗീതം തന്നെ കരിയറാക്കാനാണ് കൂടുതൽ മോഹം. സംഗീത കച്ചേരി നടത്താനേറെയിഷ്ടമാണ്. സംഗീത അധ്യാപികയായി ജോലി ചെയ്യാനും മോഹമുണ്ട്. സംഗീതത്തിൽ ഉപരിപഠനം നടത്താനും താത്പര്യമേറെയാണ്.
ALSO READ : Navya Nair: ശരിക്കും എന്റെ പേരിൽ 'നായർ' ഇല്ല, നവ്യ പറയുന്നു...
സംഗീതവും ചിത്രരചനയും കുട്ടികളെ പഠിപ്പിക്കുന്നുണ്ടോ?
ചിത്രരചനയുടെ അടിസ്ഥാന പാഠങ്ങളും സംഗീതവുമാണ് കുട്ടികളെ ഇപ്പോൾ പഠിപ്പിക്കുന്നത്. ഓൺലൈനായും ഓഫ് ലൈനായും ക്ലാസുകൾ നടത്തുന്നുണ്ട്. അവധിക്കാലത്ത് കുട്ടികളുടെ സൗകര്യത്തിനനുസരിച്ചായിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. കോളേജിൽ ക്ലാസുകളൊക്കെ റെഗുലറായി തുടങ്ങിയ ശേഷം വൈകിട്ട് ക്യാമ്പസ് കഴിഞ്ഞ് വന്ന ശേഷമായിരുന്നു ക്ലാസുകളെടുത്തിരുന്നത്. ഇത് ഭംഗിയായി ഇപ്പോഴും നടക്കുന്നുണ്ട്. സാംസ്കാരിക പരിപാടികളോ ക്ഷേത്രോത്സവ പരിപാടികളോ ഉണ്ടെങ്കിൽ പോലും ക്ലാസുകൾ പരമാവധി മുടക്കാതിരിക്കാൻ ശ്രമിക്കും. കോവിഡ് കാലത്തും പത്താം ക്ലാസ് പരീക്ഷാകാലയളവിലും മാത്രമാണ് സംഗീത പരിപാടികൾക്ക് ഒരിടവേള നൽകിയത്. നാലാം ക്ലാസിലെ അരങ്ങേറ്റം കഴിഞ്ഞതിൽ പിന്നെ പാട്ടിനൊപ്പം തന്നെയുണ്ട്. കച്ചേരിയാണ് പാടാൻ കൂടുതൽ ഇഷ്ടം.
കുടുംബത്തെക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പരിചയപ്പെടുത്താമോ?
അച്ഛൻ ജി.ശശികുമാർ, വിദേശത്താണ് ജോലി. അമ്മ രേഖ ശശികുമാർ, വീട്ടമ്മയാണ്. അനുജൻ മണികണ്ഠൻ പ്ലസ് ടു വിദ്യാർഥിയാണ്. അമ്മയെ പോലെ തന്നെ 90% ശതമാനത്തോളം കാര്യങ്ങളിലും അനുജൻ സഹായിയാണ്. ഫോൺ ഉപയോഗത്തിന് പോലും സഹായിക്കുന്നത് അനുജൻ തന്നെയാണ്. അവന് നേടാൻ കഴിയാത്ത നേട്ടങ്ങൾ ഞാൻ സ്വന്തമാക്കണമെന്നുള്ള ആഗ്രഹം പലപ്പോഴും പങ്കുവയ്ക്കാറുണ്ട്.
പ്രതിസന്ധികളെ മറികടക്കുന്നതെങ്ങനെ?
പ്രതിസന്ധികളെ മറികടക്കാൻ കുഞ്ഞുനാൾ മുതൽ തന്നെ കഴിഞ്ഞു. പരസഹായമില്ലാതെ തന്നാൽ കഴിയുന്നതൊക്കെയും ചെയ്യാൻ ശ്രമിക്കുമായിരുന്നു. അത് വലിയ അനുഗ്രഹമായിരുന്നു. ഉടുപ്പ് ഇടുന്നതും മുടി കെട്ടുന്നതുമൊഴിച്ച് ബാക്കി എല്ലാ കാര്യങ്ങളും പരസഹായമില്ലാതെ തന്നെയാണ് ചെയ്യുക. മൊബൈൽ ഫോൺ ഉൾപ്പെടെ കാലുകൊണ്ടാണ് ഉപയോഗിക്കുന്നത്. തന്റെ കുറവുകളെക്കാൾ കഴിവുകൾ പ്രയോജനപ്പെടുത്തുകയും അത് മറ്റുള്ളവർക്ക് പ്രചോദനമാക്കാനുമാണ് ശ്രമിക്കുന്നത്.
ALSO READ : Joby Interview : "എന്റെ കുറവുകളെ ഞാൻ പോസിറ്റീവ് ആയി മാത്രമേ കണ്ടിട്ടുളളു"; വിശേഷങ്ങൾ പങ്കുവെച്ച് ജോബി
കേന്ദ്രസർക്കാരിന്റെ ഒരു അംഗീകാരവും കൺമണിയെ തേടിയെത്തിയല്ലോ?
ചിത്രരചനയിലും സംഗീതത്തിലും പഠനത്തിലുമായി നിരവധി അംഗീകാരങ്ങളാണ് കിട്ടിയത്. സർഗാത്മക മികവിനുള്ള 2019-ലെ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്കാരം ലഭിച്ചത് വലിയ അംഗീകാരമായി കാണുന്നു. ഓരോ കൊച്ചു കൊച്ചു അംഗീകാരങ്ങളും പ്രൊഫഷൻ കൂടുതൽ മെച്ചപ്പെടുത്താനുള്ള പിന്തുണ നൽകുന്നുണ്ട് എന്നതിൽ തർക്കമില്ല.
നെറ്റിപ്പട്ടം നിർമ്മാണത്തെക്കുറിച്ച്?
കോവിഡ് കാലത്ത് സമയം തള്ളിനീക്കാനാണ് നെറ്റിപ്പട്ടം നിർമ്മാണം ആരംഭിച്ചത്. നെറ്റിപ്പട്ടം ലഭിക്കുന്നതിനു വേണ്ട സാധനങ്ങൾ പുറത്തു നിന്ന് വാങ്ങി സ്വയമായി കാര്യങ്ങൾ പഠിച്ച് നിർമ്മാണം നടത്തി. മാധ്യമശ്രദ്ധ ലഭിച്ചതിലൂടെ ഇത് നിരവധി ആളുകൾ അറിഞ്ഞു. സന്തോഷമായി...
പത്താം ക്ളാസും പ്ലസ്ടുവും കടന്ന് ബിരുദ പരീക്ഷയും കാൽ കൊണ്ടെഴുതി കൺമണി ഉയരങ്ങൾ കീഴടക്കുന്നു. ജന്മസിദ്ധമായ കഴിവ് കൊണ്ട് സദസ്സിനെയാകെ കൈയിലെടുക്കുന്ന ഇവൾ പ്രചോദവും മാതൃകയുമാണ്. ജീവിതത്തിൽ നേരിട്ട പ്രതിസന്ധികളത്രയും ഈ കൊച്ചുപെൺകുട്ടി തന്റെ ശ്രുതിശുദ്ധമായ ആലാപനത്തിലൂടെ തിരികെപ്പിടിക്കുമ്പോൾ കണ്ടു നിൽക്കുന്നവരുടെ മനസ്സിനെ പോലും വല്ലാതെ സന്തോഷത്തിലാഴ്ത്തുമെന്നറുപ്പാണ്. പ്രതിസന്ധികളെ വകഞ്ഞ് മാറ്റി ആത്മാർഥതയുടെ നിറകുടമായി കൺമണി മാറുമ്പോൾ ആ കുടുംബത്തിനും ഇത് ധന്യനിമിഷം.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.