Steffy Sunny : "നമ്മൾ ആരെ പരിചയപ്പെട്ടാലും അവരെ സന്തോഷിപ്പിക്കുക"; ചിരിച്ചും ചിരിപ്പിച്ചും വിശേഷങ്ങൾ പങ്കുവച്ച് ഇൻസ്റ്റ താരം സ്റ്റെഫി സണ്ണി

Steffy Sunny Influencer : 'യുവർ മലയാളി ആക്സെന്റ് ഇസ് സെക്സി എന്ന വീഡിയോയിലൂടെയാണ് സ്റ്റെഫി സണ്ണി എന്ന കലാകാരിയെ മലയാളക്കരയിലെ കൗമാരക്കാരും യുവജനങ്ങളും ഏറ്റെടുത്ത് തുടങ്ങിയത്.

Written by - Jenish Thomas | Last Updated : May 12, 2023, 03:16 PM IST
  • ഇത്തരത്തിലുള്ള അമ്മമാർ ഒരു മലയാളിയും കൂടിയാണെങ്കിൽ എങ്ങനെയാകുമെന്ന് അറിയിക്കുന്ന നിരവധി വീഡിയോകളുടെ സ്രഷ്ടാവാണ് സ്റ്റെഫി സണ്ണി.
  • ഇത് ഒറ്റപ്പെട്ട ചില വീടുകളിൽ സംഭവിക്കുന്നതല്ല മിക്ക മലയാളികളുടെ വീട്ടിലും സംഭവിക്കുന്ന കാര്യങ്ങളാണ്.
  • അതുകൊണ്ട് ഇരു കൈയ്യും നീട്ടിയാണ് സ്റ്റെഫിയുടെ നുറുങ്ങ് തമാശകൾ കൊണ്ട് നിറഞ്ഞ വീഡിയോകൾ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.
Steffy Sunny : "നമ്മൾ ആരെ പരിചയപ്പെട്ടാലും അവരെ സന്തോഷിപ്പിക്കുക"; ചിരിച്ചും ചിരിപ്പിച്ചും വിശേഷങ്ങൾ പങ്കുവച്ച് ഇൻസ്റ്റ താരം സ്റ്റെഫി സണ്ണി

എല്ലാ മിഡിൽ ക്ലാസ് വീടുകളിലെ കൗമാരക്കാർ പ്രധാന പരാതിയാണ് അവരെ കടിഞ്ഞാൺ ഇടുന്ന മാതാപിതാക്കൾ. സ്വന്തം ഇഷ്ടത്തിന് അൽപം മേക്കപ്പ് ഇട്ടാൽ, മുടിക്ക് നിറം വരുത്തിയാൽ, പുതിയ ഫാഷൻ തുണിത്തരങ്ങൾ വാങ്ങിയാൽ അങ്ങനെ എന്തിനും ഏതിനും ഒരു കുറ്റം കണ്ടുപിടിക്കുന്ന മാതാപിതാക്കളെ കുറിച്ച് പറായത്ത കൗമാരക്കാരായ കുട്ടികൾ വളരെ വിരളമാണ്. അങ്ങനെ വീടുകളിൽ സംഭവിക്കുന്ന ഇത്തരത്തിലുള്ള പരാതികളെ നുറുങ്ങ് തമാശകളായി അവതരിപ്പിച്ച് ഇൻസ്റ്റാഗ്രാം എന്ന നവമാധ്യമത്തിൽ തരംഗമായി തീർന്ന ഒരു മലയാളി പെൺകുട്ടിയുണ്ട്- സ്റ്റെഫി സണ്ണി.

ഇത്തരത്തിലുള്ള അമ്മമാർ ഒരു മലയാളിയും കൂടിയാണെങ്കിൽ എങ്ങനെയാകുമെന്ന് അറിയിക്കുന്ന നിരവധി വീഡിയോകളുടെ സ്രഷ്ടാവാണ് സ്റ്റെഫി സണ്ണി. ഇത് ഒറ്റപ്പെട്ട ചില വീടുകളിൽ സംഭവിക്കുന്നതല്ല, മിക്ക മലയാളി വീട്ടിലും ഈ സംഭവിക്കുന്ന കാണപ്പെടാറുണ്ട്. അതുകൊണ്ട് ഇരു കൈയ്യും നീട്ടിയാണ് സ്റ്റെഫിയുടെ നുറുങ്ങ് തമാശകൾ കൊണ്ട് നിറഞ്ഞ വീഡിയോകൾ സ്വീകരിക്കപ്പെട്ടിരിക്കുന്നത്.

യുവർ മലയാളി ആക്സെന്റ് സോ സെക്സി എന്ന വീഡിയോയിലൂടെയാണ് സ്റ്റെഫി സണ്ണി എന്ന കലാകാരിയെ മലയാളക്കരയിലെ കൗമാരക്കാരും യുവജനങ്ങളും കൂടതൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഒരു ചെറിയ വീഡിയോ പങ്കുവെച്ചതിൽ നിന്ന് ഇന്നൊരു ഇൻഫ്ലുവെൻസറായി മാറിയ സ്റ്റെഫി സണ്ണി തന്റെ വിശേഷങ്ങൾ സീ മലയാളം ന്യൂസുമായി പങ്കുവെക്കുന്നു.

ചോദ്യം: എല്ലാവർക്കും അറിയാൻ ആഗ്രഹമുള്ള കാര്യമാണ് എങ്ങനെയാണ് സ്റ്റെഫി സണ്ണി ഇൻസ്റ്റാഗ്രാമിലെ താരമായി?

2019ലാണ് ഞാൻ ആദ്യ വീഡിയോ ചെയ്യുന്നത്. ശരിക്കും പറഞ്ഞാൽ പള്ളിയിൽ പോകാൻ മടി കാണിച്ചപ്പോൾ അമ്മയും ഞാനും തമ്മിൽ വഴക്കായി. അതിൽ നിന്നാണ് ആദ്യ വീഡിയോയ്ക്കുള്ള വഴിതെളിയുന്നത്. ഹിന്ദിയിലൊക്കെ തരംഗമായിരുന്ന ഭുവൻ ബാം എന്ന കൊമേഡിയനെ പോലെ മൊബൈൽ കൈയ്യിൽ പിടിച്ച് സെൽഫി ക്യാമറയിൽ അന്ന് പള്ളിയിൽ പോകാൻ മടി കാണിച്ചു കൊണ്ടുള്ള പ്രശ്നം വീഡിയോയാക്കി ചിത്രീകരിച്ചു. 

അത് എന്റെ സർക്കിളിനുള്ളിൽ വൈറലായിരുന്നു. അവരെല്ലാം ഇതുപോലെ വീഡിയോ ഇനിയും തുടരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് ഓരോ വീഡിയോകളുമായി ഞാൻ എത്തി. ഇതെല്ലാം മലയാളികളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ആയതിനാൽ എല്ലാവരും ഏറ്റെടുക്കാനും തുടങ്ങി. 

ALSO READ : Kadaseela Biriyani | 'ജൊഹാൻ കറിയയെ കണ്ട് വിജയ് സേതുപതി വിളിച്ച് അഭിനന്ദിച്ചപ്പോൾ എന്റെ കിളിപോയി' ; കടസീലെ ബിരിയാണി സിനിമയുടെ വിശേഷവുമായി ഹക്കിം ഷാജഹാൻ

ചോദ്യം: മലയാളി അമ്മമാരെ കുറിച്ചുള്ള തമാശ വീഡിയോകളാണ് സ്റ്റെഫി ഏറ്റവും കൂടതൽ പങ്കുവെച്ചിട്ടുള്ളത്. എന്നാൽ സ്റ്റെഫി എന്ന വീഡിയോ കണ്ടന്റ് ക്രിയേറ്ററെ കുടുതൽ മലയാളികൾ അറിയാൻ തുടങ്ങിയത് യുവർ മലയാളി ആക്സെന്റ് ഈസ് സോ സെക്സി എന്ന വീഡിയോയിലൂടെയാണ്. ആ വീഡിയോ എങ്ങനെയാണ് ഉടലെടുത്തത്?

ആ സമയത്ത് ഇൻസ്റ്റാഗ്രാമിൽ പല ഭാഷകളുടെ ആക്സെന്റെ വെച്ചുള്ള ട്രെൻഡ് ഇങ്ങനെ നിൽക്കുവായിരുന്നു. അതായത് മറാത്തി ആക്സെന്റെ ഭോജ്പുരി ആക്സെന്റ് സെക്സി എന്ന് പറഞ്ഞു കൊണ്ടുള്ള ട്രെൻഡിങ്. ഈ ട്രെൻഡിന്റെ കൂടെ പോയപ്പോൾ പെട്ടെന്ന് കിട്ടയ ഒരു ഐഡിയിയാണ് മലയാളി ആക്സെന്റിലേക്കെത്തുന്നത്. 

നമ്മൾ മിക്സ്ച്ചെറിനെ മിച്ചറെന്നും വാട്സ്ആപ്പിനെ വാട്ട്സാപ്പെന്നുമല്ലേ പറയുന്നത്. അപ്പോൾ ഞാൻ ഓർത്തു ഓ മൈ ഗോഡ് യുവർ മലയാളി ആക്സെന്റ് ഈസ് സോ സെക്സി. പിന്നലെ അതെല്ലാം അതിന്റെ വഴിക്ക് വന്നു. സത്യം പറയാമെല്ലോ ഇത്രയ്ക്ക് വൈറലാകുമെന്ന് ഞാൻ ചിന്തിച്ചിരുന്നില്ല. ആ ട്രെൻഡ് പിന്തുടർന്നതെയുള്ളു. ഇത്രയും ഹിറ്റ് ആയതുകൊണ്ട് മലയാളി ആക്സെന്റിന്റെ നാലാം ഭാഗം വരെ ഞാൻ ഉണ്ടാക്കിയത്.

ചോദ്യം: ഒരു മലയാളിക്ക് പെട്ടെന്ന് ഇതുപോലെത്തെ തങ്ങളുടെ വാക്കുകളിലുള്ള പ്രയോഗങ്ങളിലെ തെറ്റുകൾ കണ്ടെത്താൻ സാധക്കില്ല. ശരിക്കും സ്റ്റെഫി മലയാളി തന്നെയാണോ?

മലയാളിയാണ് പക്ഷെ ഡൽഹിക്കാരിയാണ്. ജനിച്ചതും വളർന്നതും പഠിച്ചതുമെല്ലാം ഡൽഹിയിലാണ്. ശരിക്കും കേരളത്തിൽ നാട് കണ്ണൂർ ജില്ലയിലാണ്. എന്റെ അപ്പച്ചന്റെ കാലത്ത് കോട്ടയത്തെ നിന്ന് കണ്ണൂരിലേക്ക് മാറുകയായിരുന്നു. പക്ഷെ ഞാൻ ഡൽഹിക്കാരിയായ ഒരു മലയാളിയാണ്. ഇവിടെ ഒരു സ്കൂളിൽ ജോലി ചെയ്ത് അങ്ങനെ പോകുന്നു. 

ചോദ്യം: ജോലി ചെയ്യുന്നുണ്ടെന്ന് പറഞ്ഞല്ലോ, ജോലിയും ഈ വീഡിയോകളുമായി എങ്ങനെയാണ് ഒരുമിച്ച് കൊണ്ടുപോകുന്നത്?

രാവിലെ എട്ട് മുതൽ നാല് വരെ സ്കൂളിലെ ജോലി. ശേഷം വീട്ടിലെത്തി വീഡിയോയുടെ കാര്യങ്ങൾ നോക്കും. പക്ഷെ രണ്ടും കൂടി ഒരുമിച്ച് കൊണ്ടുപോകാൻ അൽപം ബുദ്ധിമുട്ടൊക്കെയുണ്ട്. എന്നാലും എന്റെ കൂടെ ഒരു ടീമുണ്ട്. എന്റെ ബ്രാൻഡ് അങ്ങനെയുള്ള ബാക്കി പ്രൊമോഷൻ സംബന്ധമായ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നത് ടീമെന്ന് പറയുന്ന എന്റെ സുഹൃത്ത് ആദർശാണ്. അതുകൊണ്ട് ജോലിയും ഇതും ബാലൻസ് ചെയ്ത് പോകാൻ സാധിക്കുന്നുണ്ട്. 

ചോദ്യം: സ്റ്റെഫി 2019തിൽ ആദ്യമായി വീഡിയോ ചെയ്യുന്നത് പള്ളിയിൽ പോകാൻ മടി കാണുക്കമ്പോൾ അമ്മയുടെയും തന്റെയും റിയാക്ഷനാണ്. ഇപ്പോൾ ഏറ്റവും അവസാനമായി ഇറങ്ങിയ വീഡിയോകളിൽ ഒന്ന് അമ്മയെ കുറിച്ച് തന്നെയാണ്. അപ്പോൾ ഈ വീഡിയോ ഒക്കെ കാണുമ്പോൾ സ്റ്റെഫിയുടെ അമ്മ എന്താണ് പറയാറുള്ളത്?

ഞാൻ നേരത്തെ പറഞ്ഞത് പോലെ ഇത് എല്ലാവരുടെ വീട്ടിൽ നടക്കുന്നതാണ് വെച്ച ചെയ്തതാണ്. വീഡിയോ കുറച്ചധികം ആൾക്കാരിലേക്കെത്തിയപ്പോൾ ഞാൻ അത് മമ്മിയെ കാണിച്ചു. 'എന്നെ കളിയാക്കുവാണല്ലേ' എന്നായിരുന്നു ആദ്യം മമ്മി പറഞ്ഞത്. പിന്നെ ഈ വീഡിയോകൾ കൂടുതൽ പേരിലേക്കെത്തിയപ്പോൾ അമ്മയ്ക്ക് കാര്യം മനസ്സിലായി. ഇപ്പോൾ വീഡിയോ ഒക്കെ കാണുമ്പോൾ 'ങ്ങാ' എന്ന ഒരു പ്രതികരണമാണ് ഇപ്പോൾ കിട്ടുന്നത്.

കുറച്ച് ആൾക്കാരൊക്കെ എന്നെ അറിയാൻ തുടങ്ങിയപ്പോൾ മമ്മി പറയുന്നത് "ആ എന്തൊക്കെയോ ചെയ്യുന്നുണ്ട് ഇവൾ" എന്നായി. പിന്നെ പറയും "ഇതും കൊണ്ട് മാത്രം നടക്കണ്ട വേറെ ജോലി ഒക്കെ നോക്കിക്കോണം". ഇങ്ങനെ ഒക്കെയാണ് അമ്മയുടെ പ്രതികരണം.

ചോദ്യം: സ്റ്റെഫിയുടെ വീഡിയോകളുടെ താഴെ വരുന്ന കമന്റിൽ ഒരുപാട് പേര് പറയാറുണ്ട്, പ്രത്യേകിച്ച് പെൺകുട്ടികൾ, അവരുടെ വീട്ടിൽ ഇതുപോലെ നടക്കാറുണ്ടെന്ന്, (അത് തന്നെയാണ് എല്ലാവരും സ്റ്റെഫിയുടെ കണ്ടെന്റ് ഇഷ്ടപ്പെടുന്നതിനുള്ള പ്രധാന കാരണം). എന്നാൽ ഏതെങ്കിലും അമ്മമാര് സ്റ്റെഫിയുടെ വീഡിയോകൾ കണ്ട് അഭിപ്രായം പങ്കുവെച്ചിട്ടുണ്ടോ?

തീർച്ചയായും, അതിൽ ഒരു കാര്യം എന്താണെന്ന് വെച്ചാൽ, അവർ എന്തെങ്കിലും എന്നോട് പറയാൻ വരുമ്പോൾ പറയും 'ഈ പറയുന്നതൊക്കെ വീഡിയോയിൽ ഇടരുത്' എന്ന് പ്രത്യേകം പറയും. അടുത്തിടെ എനിക്ക് കോവിഡ് വന്നപ്പോൾ കുടുംബത്തിലെ ഒരു ആന്റി എന്നെ വിളിച്ചിരുന്നു. എന്റെ ആരോഗ്യപരമായ കാര്യങ്ങളെ കുറിച്ച് കുറെ കാര്യങ്ങളും ഉപദേശങ്ങളും ഒക്കെ പറഞ്ഞു. ഇതെല്ലാം കഴിഞ്ഞ് അവസാനം ആന്റി പറഞ്ഞത് "ഞാൻ പറയുന്നതൊക്കെ കൊണ്ടുപോയി വീഡിയോയിൽ ഇടരുത് കേട്ടോ" എന്നായിരുന്നു. 

എന്നെ ഫോളോ ചെയ്യുന്നവർ ഈ കണ്ടെന്റുകൾ ഒക്കെ അവർ അവരുടെ അമ്മമാരെ കാണിക്കുന്ന വീഡിയോ ഒക്കെ അയച്ചു തരാറുണ്ട്. അതിൽ ആ അമ്മമാരൊക്കെ ചിരിക്കുന്നത് കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്. അതിൽ എനിക്ക് അഭിമാനവുമുണ്ട്.

ചോദ്യം: ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഇൻസ്റ്റാഗ്രാമിൽ നിന്ന് ഏറ്റവും കൂടുതൽ കാശ് ഉണ്ടാക്കുന്ന ഒരു വ്യക്തി. ഇന്ത്യയിലേക്ക് വരുകെയാണെങ്കിൽ വിരാട് കോലി പിന്നെ പ്രിയങ്ക ചോപ്ര. ഈ ലിസ്റ്റിൽ സ്റ്റെഫിയുടെ സ്ഥാനം എവിടെയാണ്?

പിന്നെ ഞാൻ ഭയങ്കര കോടീശ്വരിയാണ്!... അങ്ങനെ ഒന്നുമില്ല ചില ബ്രാൻഡുകൾക്ക് പ്രൊമോഷൻ ചെയ്ത് കൊടുക്കാറുണ്ട്. അതിൽ നിന്ന് ജീവിക്കാൻ അത്യാവശ്യത്തിന് കിട്ടാറുണ്ട്. എന്ന് പറഞ്ഞത് പോലെ ഒരുപാട് ഒന്ന് പ്രതീക്ഷിക്കണ്ട കേട്ടോ...!

ചോദ്യം: ഇൻസ്റ്റാഗ്രമിൽ നിന്ന് വരുമാനം കുറച്ചെങ്കിലും ലഭിക്കുമെല്ലോ? സ്റ്റെഫിയെ പോലെ ദിവസവും വീടുകളിൽ നടക്കുന്ന സംഭവങ്ങൾ വെച്ചു കൊണ്ടുള്ള വീഡിയോകൾ പങ്കുവെക്കുന്ന നിരവധി പേരുണ്ട്. അപ്പോൾ നിങ്ങൾക്കിടിയിൽ ഒരു മത്സരം ഉണ്ടാകാറുണ്ടോ?

ഇതുവരെ അങ്ങനെ ഒരു കോംബറ്റീഷൻ ഞങ്ങൾക്കിടിയിലുണ്ടായിട്ടില്ല. എന്നെ പോലെ കണ്ടെന്റ് ചെയ്യുന്ന കുറച്ച് പേരെ എനിക്കറിയാം. ഇതിലൊരു കാര്യം രണ്ട് പേരും കൂടി ചേർന്ന് ചെയ്താൽ രണ്ട് പേർക്കും വളർച്ച മാത്രമെ ഉണ്ടാകൂ. കോംബറ്റീഷനാണെങ്കിൽ എന്നെയും ബാധിക്കും മറ്റുള്ളവരെയും ബാധിക്കും.

ചോദ്യം: അടുത്തിടെ ഇറങ്ങിയ ഒരു വെജിറ്റേറിയൻ വീഡിയോ കണ്ടിരുന്നു. സ്വന്തം ജീവിതത്തിൽ നിന്ന് തന്നെയാണോ ഈ വീഡിയോ ഉണ്ടാക്കുന്നത്?

സത്യം പറഞ്ഞാൽ ഞാൻ ഒരു വെജിറ്റേറിയനാണ്. അതുകൊണ്ട് തന്നെയാണ് ഞാൻ ആ വീഡിയോ ഉണ്ടാക്കിയത്. നമ്മൾ വീട്ടിലൊക്കെയാണെങ്കിൽ ഏത് പരിപാടിക്കും നോൺ വെജ് തന്നെയാണ് ഉണ്ടാകാറുള്ളത്. അപ്പോൾ അവിടെ ഉള്ളവർ എന്നോട് പറയുന്ന കാര്യമാണ് ആ വെജിറ്റേറിയൻ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. 

ചോദിച്ചത് പോലെ എനിക്കുണ്ടായിരിക്കുന്ന അനുഭവത്തിൽ നിന്നാണ് മിക്ക വീഡിയോകളും ഉണ്ടായിരിക്കുന്നത്. ചിലത് മറ്റുള്ളവരുടേത് കണ്ട് നിരീക്ഷിച്ച് എന്റേതായ രീതിയിലാക്കി അവതരിപ്പിക്കും.

ചോദ്യം: ഇൻസ്റ്റഗ്രാം ഒരു സ്വപ്നതുല്യമായ സോഷ്യൽ മീഡിയ ഹാൻഡിലായിട്ടാണ് എല്ലാവരും കാണുന്നത്,. എപ്പോഴും അവർ അവരുടെ പെർഫെക്ടിസം കാണിക്കാൻ ശ്രമിക്കും. പക്ഷെ സ്റ്റെഫി അങ്ങനെയല്ല, സ്റ്റെഫി എങ്ങനെയാണോ അത് തന്നെയാണ് കണ്ടെന്റിലുമുള്ളത്. എന്തുകൊണ്ടാണ് ഇൻസ്റ്റാഗ്രം സ്റ്റെഫി തന്റെ കണ്ടെന്റുകൾക്കായി ഇൻസ്റ്റാഗ്രാം എന്ന് പ്ലാറ്റഫോമായി തിരഞ്ഞെടുത്തത്?

ശരിക്കും പറഞ്ഞാൽ ഇൻസ്റ്റാഗ്രാം കുറച്ചും കൂടി ഈസായായിട്ട് തോന്നുന്നത്. പിന്നെ എനിക്ക് തോന്നി ഞാൻ ചെയ്യുന്ന കണ്ടെന്റുകൾക്ക് കൂടുതൽ ഓഡിയൻസ് ലഭിക്കുക ഇൻസ്റ്റാഗ്രമിൽ നിന്നായിരിക്കുമെന്ന്. പിന്നെ അങ്ങനെ ഇൻസ്റ്റാഗ്രമിൽ സെറ്റായി.

പക്ഷെ സത്യം എന്താണെന്ന് വെച്ചാൽ ഇൻസ്റ്റായിൽ ഒരു 30 മുതൽ 60 സക്കൻഡ് വരെയുള്ള വീഡിയോ ചെയ്താൽ മതി. യുട്യൂബിലാണെങ്കിൽ വലിയ വീഡിയോ ചെയ്യണം. പക്ഷെ എനിക്ക് മടിയാണ്!!!!

ഇപ്പോൾ ഞാൻ യുട്യൂബിൽ കൂടി സജീവമായി കൊണ്ടിരിക്കുകയാണ്. യുട്യൂബിന് ആവശ്യമായ രീതിയിലുള്ള കണ്ടെന്റുകൾ ഇപ്പോൾ തരപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഇൻസ്റ്റാഗ്രാം പോലെ ഇനി യുട്യൂബിലും സജീവമാകാനാണ് ശ്രമിക്കുന്നത്.

ALSO READ : എഴുത്തുകാരിയെ തേടിയെത്തിയ കൊലയാളികളും,ഡിറ്റക്ടീവ് നോവലിന്റെ രസതന്ത്രവും: അഭിമുഖം-ശ്രീ പാർവ്വതി

ചോദ്യം: ആദ്യമൊക്കെ വീഡിയോകൾക്ക് ഹിന്ദി മിക്സ് ചെയ്തായിരുന്നു അവതരിപ്പിച്ചിരുന്നത്. പിന്നീട് ഹിന്ദി സബ്ടൈറ്റിൽ നൽകി. ഇപ്പോൾ അതുമില്ല. അത് എന്താ അങ്ങനെ ഒരു മാറ്റം? ഏതേലും തരത്തിൽ ഒരു മാറ്റി നിർത്തൽ നേരിട്ടിട്ടുണ്ടോ?

അദ്യമൊക്കെ സബ്ടൈറ്റിൽസ് ഇടമായിരുന്നു. പക്ഷെ ഇപ്പോൾ വീഡിയോ ചെയ്ത് കഴിഞ്ഞ് സബ്ടൈറ്റൽ കൊടുക്കാനുള്ള സമയം ഒന്നും കിട്ടാറില്ല. ചോദിച്ചത് പോലെ മാറ്റി നിർത്തൽ ഒന്നുമില്ല. ഇത്തിരി മടി കാരണമാണ് ഈ മാറ്റങ്ങൾ ഒക്കെ ഉണ്ടായിരിക്കുന്നത്. 

എന്നാൽ ഞാൻ ഇനി ഇംഗ്ലീഷ് സബ്ടൈറ്റിൽ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. എന്റെ വീഡിയോ കാണുന്ന മലയാളികൾ അല്ലാത്ത കുറെ പേര് അക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്. 

ചോദ്യം: പല സെലിബ്രേറ്റിസും സ്റ്റെഫിയുടെ കണ്ടെന്റ് കണ്ടിട്ട് അഭിനന്ദിക്കാറുണ്ട്. അതിൽ ഏറ്റവും സർപ്രൈസായി തോന്നിയത് ആരുടേതാണ്?

അങ്ങനെ ഒരാൾ ഷെയർ ചെയ്തത് സർപ്രൈസാണെന്ന് പറയാൻ സാധിക്കില്ല. ആര് ഷെയർ ചെയ്താലും കമന്റ ഇടുന്നതോ എനിക്ക് സർപ്രൈസായിട്ടാണ് തോന്നാറുള്ളത്. അവരൊക്കെ എന്നെ ഫോളോ ചെയ്യുന്നുണ്ടല്ലോ എന്ന് കാണുന്നത് തന്നെ ഒരു സർപ്രൈസാണ്. 

ചോദ്യം: വീഡിയോ ക്രിയേറ്റർ എന്നതിലുപരി സ്റ്റെഫിയെ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, അവർക്കെല്ലാവർക്കും സ്റ്റെഫിയെ അറിയാവുന്നത് പോസിറ്റീവായി എല്ലാവരെയും ചിരിപ്പിക്കാൻ ശ്രമിക്കുന്ന കണ്ടെന്റ് ക്രിയേറ്ററാണ്. പക്ഷെ സ്റ്റെഫി ഒരിക്കലും അത് മാത്രമല്ല. വേദനയും ഒരുപാട് അനുഭവങ്ങളും ഉയർച്ച താഴ്ചകൾ നേരിട്ട ഒരാളാണ്. അതിലേക്ക് എല്ലാ തിരിഞ്ഞ് നോക്കുമ്പോൾ എന്ത് തോന്നുന്നു?

ഈ പ്രശ്നങ്ങൾ എല്ലാ മറികടന്നത് എന്റെ കൂടെയുള്ളവരുടെ സാന്നിധ്യമായിരുന്നു. പിന്നെ എനിക്ക്, ഒസിഡി എന്ന അസുഖമായിരുന്നു എന്നെ ആദ്യം ബുദ്ധിമുട്ടിപ്പിച്ചത്. ആ അസുഖത്തെ തുടർന്ന് എനിക്ക് എന്നോട് തന്നെ ദേഷ്യമായി, എന്നെ ഏതേല്ലും മെന്റൽ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ വേണ്ടി ഞാൻ തന്നെ എന്റെ അമ്മയോട് പറയേണ്ടി വരെ വന്നിട്ടുണ്ട്. മെല്ലെ അതെല്ലാം ഞാൻ മറികടന്നു. അതൊക്കെ ഇപ്പോൾ ഓർക്കാൻ ആഗ്രഹിക്കാത്ത ഓർമ്മകളാണ്.

ഇതിന്റെ പിന്നാലെ എന്റെ പപ്പയുടെ കിഡ്നി തകരാറിലാകുകയും അതെ തുടർന്ന് ഒരുപാട് പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പപ്പയ്ക്ക് വേണ്ടിയുള്ള ഡയാലിസിസ് ചികിത്സയെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങൾ ഒക്കെ ഉണ്ടായിരുന്നു.

എന്നാൽ ഈ കോമഡി പറയുക എന്ന് പറയുന്ന കാര്യം അച്ഛനിൽ നിന്നാണ് എനിക്ക് ലഭിക്കുന്നത്. എന്റെ വീട്ടിൽ ആര് വന്നാലും അവരെ സന്തോഷവാന്മാരാക്കീട്ടെ എന്റെ പപ്പ വിടാറുള്ളു. അങ്ങനെ പപ്പായിൽ നിന്ന് ആ ഗുണം ഞാൻ ഇങ്ങ് എടുത്തു. നമ്മൾ ആരെ പരിചയപ്പെടുന്നോ അവരെ ചിരിപ്പിച്ച് സന്തോഷവാന്മാരാക്കിയെ വിടാവൂ. അതിലൂടെ അവർ എന്നെ എന്നും ഓർക്കുമെല്ലോ.

ചോദ്യം: മമ്മിയും സ്റ്റെഫിയും മാത്രമാണോ വീട്ടിലുള്ളത്. സഹോദരങ്ങൾ ആരേലും?

ചേച്ചിയുണ്ട്. പക്ഷെ കല്യാണം കഴിഞ്ഞ് ഇപ്പോൾ ലണ്ടണിലാണ്. വീട്ടിൽ ഞാനും അമ്മയും അടിയൊക്കെ കൂടി അതിൽ നിന്ന് കണ്ടെന്റൊക്കെയുണ്ടാക്കി ഇങ്ങനെ പോകുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News