Dry Eyes Symptoms : ഡ്രൈ ഐ സിൻഡ്രോം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പരിഹാരം തുടങ്ങി അറിയേണ്ടതെല്ലാം
Dry Eyes Syndrome Symptoms : ഹോർമോണിലെ മാറ്റങ്ങൾ, രോഗപ്രതിരോധ രോഗങ്ങൾ, കൺപോളുകളുടെ ഗ്രന്ഥികളിൽ ഉണ്ടാകുന്ന വീക്കം, നേത്രരോഗങ്ങൾ അല്ലെങ്കിൽ അലർജി മൂലമൊക്കെ ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകും.
നിങ്ങളുടെ കണ്ണുകൾക്ക് മതിയായ അളവിൽ കണ്ണീർ ഉത്പാദിപ്പിച്ച് ലൂബ്രിക്കേഷൻ നൽകാൻ കഴിയാതെ വരുന്ന ഒരു സാധാരണ അവസ്ഥയാണ് ഡ്രൈ ഐ സിൻഡ്രോം അഥവാ വരണ്ട കണ്ണുകൾ. നിരവധി കാരണങ്ങൾ കൊണ്ട് കണ്ണുകൾ കണ്ണീർ ഉത്പാദിപ്പിക്കുന്നതിൽ കുറവ് ഉണ്ടാകും. ഹോർമോണിലെ മാറ്റങ്ങൾ, രോഗപ്രതിരോധ രോഗങ്ങൾ, കൺപോളുകളുടെ ഗ്രന്ഥികളിൽ ഉണ്ടാകുന്ന വീക്കം, നേത്രരോഗങ്ങൾ അല്ലെങ്കിൽ അലർജി മൂലമൊക്കെ ഡ്രൈ ഐ സിൻഡ്രോം ഉണ്ടാകും. കമ്പ്യൂട്ടറിന്റെയും മൊബൈലിന്റെയും മറ്റും സ്ഥിരമായ ഉപയോഗവും പലപ്പോഴും ഡ്രൈ ഐ സിൻഡ്രോമിന് കാരണമാകാറുണ്ട്. കണ്ണിന് അസുഖങ്ങൾ വരാതിരിക്കാനും വൈറ്റമിൻ, മിനറൽസ്, ന്യൂട്രിയന്റ്സ് ഇവയെല്ലാം അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കണ്ണിന്റെ അസുഖങ്ങൾ പരിഹരിക്കാനും മിക്കപ്പോഴും നല്ല ഭക്ഷണം സഹായിക്കും.
സ്ഥിരമായി എയ്റോബിക് വ്യായാമം ചെയ്യുന്നത് ഹൃദയത്തെയും രക്ത ധമനികളെയും സംരക്ഷിക്കാൻ മാത്രമല്ല കണ്ണുകളുടെ ആരോഗ്യവും സംരക്ഷിക്കും. വാട്ടർലൂ സർവകലാശാലയിലെ ഗവേഷകർ നടത്തിയ ഒരു പഠനത്തിൽ വരണ്ടതും ചൊറിച്ചിൽ ഉള്ളതുമായ കണ്ണുകൾക്ക് ആശ്വാസം നൽകാൻ എയ്റോബിക് വ്യായാമം സഹായിക്കുമെന്ന് കണ്ടെത്തി. എയ്റോബിക് വ്യായാമം ചെയ്യുന്നത് കണ്ണീർ സ്രവം, ടിയർ ഫിലിം സ്ഥിരത എന്നിവ വർധിക്കാൻ കാരണമാകുമെന്ന് പഠനം കണ്ടെത്തി. ഓരോ തവണ കണ്ണടയ്ക്കുമ്പോഴും കോർണിയയുടെ ഉപരിതലത്തിൽ "ടിയർ ഫിലിം" എന്ന നേർത്ത കണ്ണുനീർ പാളി ഉണ്ടാകും. ഇത് കണ്ണിന്റെ വരൾച്ച മാറ്റാൻ സഹായിക്കും.
ടിയർ ഫിലിമിൽ മൂന്ന് പാളികളുണ്ട്. ഒരു ഓയിൽ (ലിപിഡ്) പാളി, ഒരു ജലത്തിന്റെ പാളി, ഒരു മ്യൂസിൻ പാളി. ഇത് കണ്ണിന്റെ ഉപരിതലത്തെ ജലാംശം ഉള്ളതാക്കുന്നതിനും പൊടി അല്ലെങ്കിൽ അഴുക്ക് പോലുള്ള അണുബാധ ഉണ്ടാക്കുന്ന പ്രകോപനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കും. ടിയർ ഫിലിമിൽ അസ്ഥിരത ഉണ്ടാകുമ്പോൾ, നേത്ര ഉപരിതലത്തിൽ വരണ്ട പാടുകൾ ഉണ്ടാകാം, ഇത് കണ്ണുകൾക്ക് ചൊറിച്ചിലും, എരിച്ചിലും ഉണ്ടാക്കും. ഐ ഡ്രോപ്പുകളോ മറ്റ് ചികിത്സകളോ ഉപയോഗിക്കുന്നതിന് പകരം സ്ഥിരമായി വ്യായാമം ചെയ്യുന്നത് കണ്ണുകളെ വരൾച്ചയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുമെന്ന് പഠനം കണ്ടെത്തിയിട്ടുണ്ട്.
ലക്ഷണങ്ങൾ
1) കണ്ണുകളിൽ കുത്തുന്ന തരത്തിലുള്ള വേദന
2) കണ്ണുകളിൽ ഉണ്ടാകുന്ന പഴുപ്പ്
3) പ്രകാശം കാണുമ്പോൾ വേദന
4) കണ്ണിൽ ഉണ്ടാകുന്ന ചുവപ്പ്
5) കോൺടാക്റ്റ് ലെൻസുകൾ വെക്കുമ്പോൾ ബുദ്ധിമുട്ട്
6) രാത്രികാല ഡ്രൈവിങ്ങിൽ ബുദ്ധിമുട്ട്
7) കണ്ണിൽ തോന്നുന്ന അസ്വസ്ഥതകൾ, അല്ലെങ്കിൽ സ്ഥിരമായി കണ്ണിൽ നിന്ന് വെള്ളം വരുക
8) മങ്ങിയ കാഴ്ച അല്ലെങ്കിൽ കണ്ണിൽ ഉണ്ടാകുന്ന ക്ഷീണം
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ
മുട്ട
കണ്ണിന് ആരോഗ്യം നൽകുന്ന മറ്റൊരു ഭക്ഷണമാണ് മുട്ട. മുട്ടയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് തുടങ്ങിയ പദാർതഥങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും. ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. സിങ്ക് റെറ്റിനയുടെ ആരോഗ്യം സംരക്ഷിക്കുകയും രാത്രി കാല കാഴ്ച വർധിപ്പിക്കുകയും ചെയ്യും.
പാലും തൈരും
കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് ഒഴിച്ച കൂടാനാവാത്ത ഭക്ഷണങ്ങളാണ് പാലും തൈരും. ഇവയിൽ വൈറ്റമിൻ എ യും മിനറൽ സിങ്കും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ കോർണിയയുടെ ആരോഗ്യം സംരക്ഷിക്കും. അതെ സമയം സിങ്ക് കരളിൽ നിന്ന് വിറ്റാമിനുകളെ കണ്ണുകളിൽ എത്തിക്കാൻ സഹായിക്കും. പുല്ല് തിന്ന് വളരുന്ന പശുക്കളുടെ പാലാണ് ഏറ്റവും നല്ലത്.
മത്സ്യം
മത്സ്യം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ ഉത്തമമാണ്. പ്രത്യേകിച്ച് മത്തി, ചാള പോലുള്ള ചെറു മത്സ്യങ്ങൾ. ഇവയിൽ ഒമേഗ 3 ഫാറ്റി ആസിഡ്സ് അടങ്ങിയിട്ടുണ്ട്. ഇവ കാഴ്ച ശക്തി കൂട്ടാനും റെറ്റിനയുടെ ആരോഗ്യം കൂട്ടാനും സഹായിക്കും. മാത്രമല്ല കണ്ണിന്റെ വരൾച്ച മാറ്റുന്നതിനും മത്സ്യം കഴിക്കുന്നത് സഹായിക്കും. ഇത് വറുത്തോ, ഗ്രിൽ ചെയ്തോ, കറി വെച്ചോ കഴിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...