തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടര്‍ന്നുള്ള വേനല്‍ മഴയും കാരണം വിവിധതരം പകര്‍ച്ചപ്പനികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ വകുപ്പുകളും ഏകോപിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങള്‍, ഹോസ്റ്റലുകള്‍ എന്നിവിടങ്ങളില്‍ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

കിണറുകള്‍, കുടിവെള്ള സ്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകള്‍ ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. ചികിത്സാ പ്രോട്ടോകോള്‍ കൃത്യമായി പാലിക്കണമെന്ന് മന്ത്രി നിർദേശിച്ചു. ആശുപത്രികളില്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്നും ഐസൊലേഷന്‍ കിടക്കകള്‍ മാറ്റിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.


ആശുപത്രികള്‍ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണംമെന്നും സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പേ കൃത്യമായി അറിയിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി പകർച്ചപ്പനികൾക്കെതിരായ നടപടികളുടെ നിര്‍ദേശം നല്‍കിയത്.


ALSO READ: അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി ആരോ​ഗ്യവകുപ്പ്


കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പൊതു ജല സ്രോതസുകൾ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണെന്നും മന്ത്രി പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ പൊതുജല സ്രോതസുകൾ ക്ലോറിനേറ്റ് ചെയ്യണം. സെക്കന്ററി ഇന്‍ഫക്ഷന്‍ വരാതിരിക്കാന്‍ മഞ്ഞപ്പിത്തം ബാധിച്ചവര്‍ ആറാഴ്ച വിശ്രമം ഉറപ്പാക്കണം. പകർച്ചപ്പനികളെക്കുറിച്ച് അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.


പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിന്‍ സംഘടിപ്പിക്കണമെന്നും പഞ്ചായത്തുകളില്‍ മൈക്ക് അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെ നടത്തണമെന്നും മന്ത്രി നിർദേശം നൽകി. പകര്‍ച്ചവ്യാധികള്‍ക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങള്‍ ചേര്‍ന്നു. ഈ യോ​ഗങ്ങളിൽ ജാഗ്രതാ നിര്‍ദേശം നല്‍കി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയവയാണ് കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്.


ഇനി മഴക്കാലം കൂടി വരുന്നതിനാല്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. പകർച്ചപ്പനി കേസുകള്‍ കൂടുന്നില്ലെന്ന് ഉറപ്പാക്കണം. അവബോധം ശക്തമാക്കുക, മികച്ച ചികിത്സ നല്‍കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങള്‍ ചേര്‍ന്ന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി.


ALSO READ: വേങ്ങൂരിന് പിന്നാലെ കളമശേരി നഗരസഭയിലും മഞ്ഞപ്പിത്ത ഭീതി; ഒരാഴ്ചയ്ക്കിടെ രോഗം സ്ഥിരീകരിച്ചത് 28 പേർക്ക്


ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ ജില്ലകളിലെ സാഹചര്യവും ചെയ്ത പ്രതിരോധ പ്രവര്‍ത്തനങ്ങളും വിവരിച്ചു. പ്രധാനമായും എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് മഞ്ഞപ്പിത്തം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വെള്ളത്തിലൂടെയാണ് എല്ലാ സ്ഥലങ്ങളിലും മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് കണ്ടെത്തിയത്. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്രോതസുകളിലും ക്ലോറിനേഷന്‍ നടത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. രോഗമുള്ളവര്‍ വിശ്രമിക്കേണ്ടത് പ്രധാനമാണ്.


മഴക്കാലമായതിനാല്‍ ഡെങ്കിപ്പനിക്കെതിരെ ശ്രദ്ധ വേണം. ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കുകയും കൊതുകുകളുടെ ഉറവിട നശീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും ഡ്രൈ ഡേ കൃത്യമായി ആചരിക്കുകുയം വേണം. മേയ് 18, 19 തീയതികളില്‍ കൃത്യമായ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും മഴക്കാലപൂര്‍വ ശുചീകരണത്തിന് വളരെ പ്രാധാന്യം നല്‍കണമെന്നും മന്ത്രി നിർദേശിച്ചു. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതാക്കേണ്ടത് പ്രധാനമാണ്.


ALSO READ: കേരളത്തിലെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനവും കാരണമെന്ന് ട്രിമ കോണ്‍ഫറന്‍സ്


എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്നും മലിന ജലത്തിലോ മലിനജലം കലര്‍ന്ന മഴവെള്ളത്തിലോ ഇറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നും നിർദേശമുണ്ട്. മണ്ണുമായി ഇടപെട്ടവരില്‍ എലിപ്പനി മരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ചെടിച്ചട്ടികളില്‍ മണ്ണ് ഇട്ടവര്‍ പോലും ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്നാണ് നിർദേശം.


ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. ഗര്‍ഭിണികള്‍, അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരില്‍ കോവിഡ് രോഗം ഗുരുതരമാകുന്നതിനാൽ മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക. എന്‍.എച്ച്.എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍, രോഗവ്യാപനമുള്ള സ്ഥലങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ യോ​ഗത്തിൽ പങ്കെടുത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.