ഇന്ന് മിക്ക ആളുകളും നേരിടുന്ന ഏറ്റവും വലിയ ഒരു പ്രശ്നമാണ് താരൻ. പുരുഷനെന്നോ സ്ത്രീയെന്നോ വ്യത്യാസമില്ല ഇതിന്. എല്ലാരിലും താരൻ ഉണ്ടാകാം. മുടിയുടെ കാര്യം വരുമ്പോൾ ആർക്കും ഇഷ്ടപ്പെടാത്ത ഒരു കാര്യം കൂടിയാണ് താരന്റെ സാന്നിധ്യം. ചിലർക്ക് താരന്റെ ശല്യം കാരണം ആളുകളോട് ഇടപഴകാൻ പോലും മടി വരും. കാരണം ഇവ പൊഴിഞ്ഞ് ഉടുപ്പിലും മറ്റും വീഴുകയൊക്കെ ചെയ്യാറുണ്ട്. തലയോട്ടിയുടെ ആരോഗ്യത്തിനും താരൻ നല്ലതല്ല. കൂടാതെ, താരൻ മൂലം തലയോട്ടിയിൽ ചൊറിച്ചിൽ, വരൾച്ച എന്നിവയുമുണ്ടാകും. ഇത് വളരെ ബുദ്ധിമുട്ടൊരു അനുഭവമായിരിക്കും. ഈ അവസ്ഥ അനുഭവിക്കുന്നവർ നിരവധിയാണ് ഇന്ന് സമൂഹത്തിലുള്ളത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സമ്മർദ്ദം മുതൽ അനാരോഗ്യകരമായ ഭക്ഷണക്രമം, മലിനീകരണം എന്നിങ്ങനെ വിവിധ കാരണങ്ങളാൽ താരൻ ഉണ്ടാകാം. എന്നാൽ ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തിക്കൊണ്ട് താരൻ നിയന്ത്രിക്കാനാകും. താരൻ ശാശ്വതമായി ഒഴിവാക്കാൻ വളരെ സമയമെടുത്തേക്കാം. ചിലപ്പോൾ അത് എന്നെന്നേക്കുമായി ഒഴിവാക്കാനും സാധിച്ചില്ലെന്ന് വരാം. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത് തീർച്ചയായും നിയന്ത്രിക്കാനാകും. ചെന്നൈ അർബൻ കമ്പനി സിറ്റി ഹെഡ് ഡെർമറ്റോളജിസ്റ്റ് ഡോ. ബൻസരി ദാവ്ദ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ താരൻ നിയന്ത്രിക്കാൻ സഹായിക്കുന്ന ചില എഴുപ്പവഴികൾ നോക്കാം...


തലയോട്ടി വൃത്തിയായി സൂക്ഷിക്കുക


നിങ്ങളുടെ രോമകൂപങ്ങളുടെ ചുവട്ടിൽ മലസീസിയ എന്ന യീസ്റ്റ് അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന ഒരു വിട്ടുമാറാത്ത അവസ്ഥയാണ് താരൻ. ഈ ഫംഗസ് തലയോട്ടിയിലെ സെബം പോഷിപ്പിക്കുന്നു. തലയോട്ടി വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ അവിടെ ഫം​ഗസ് ഉണ്ടാകും. ഇത് പിന്നീട് താരനിലേക്ക് നയിക്കും. അതുകൊണ്ട് തന്നെ കെറ്റോകോണസോൾ അല്ലെങ്കിൽ സിങ്ക് പൈറിത്തയോൺ അല്ലെങ്കിൽ സെലിനിയം സൾഫൈഡ് അല്ലെങ്കിൽ പിറോക്‌ടോൺ ഒലാമൈൻ എന്നിവയുള്ള ഷാംപൂ ഉപയോ​ഗിക്കുക. കുറഞ്ഞത് 5-10 മിനിറ്റെങ്കിലും അവ തലയോട്ടിയിൽ വയ്ക്കുക, തുടർന്ന് തലയോട്ടി നന്നായി വൃത്തിയാക്കുക. ആഴ്ചയിൽ 2-3 തവണ ആന്റി ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിക്കുക. താരൻ നിയന്ത്രണവിധേയമായ ശേഷം ആഴ്ചയിൽ ഒരിക്കൽ ആൻറി-ഡാൻഡ്രഫ് ഷാംപൂ ഉപയോ​ഗിക്കാം.


Also Read: Weight loss: ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണോ? പഞ്ചസാരയ്ക്ക് പകരം ഉപയോ​ഗിക്കൂ ഈ വസ്തുക്കൾ


 


ആരോഗ്യകരമായ ഭക്ഷണക്രമം 


ഫാസ്റ്റ് ഫുഡ്, പഞ്ചസാര, പ്രോസസ്ഡ് ഭക്ഷണങ്ങൾ എന്നിവയുടെ ഉപയോഗം യീസ്റ്റ് വളരാൻ കാരണം ആകുകയും താരൻ വർധിപ്പിക്കുകയും ചെയ്യും. വിറ്റാമിൻ ബി, സിങ്ക്, പ്രോബയോട്ടിക്സ് എന്നിവയാൽ സമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് താരൻ തടയാൻ സഹായിക്കും. ഫ്ളാക്സ് സീഡുകൾ, മുട്ട, അണ്ടിപ്പരിപ്പ്, പയർവർഗ്ഗങ്ങൾ, വാഴപ്പഴം, കൊഴുപ്പുള്ള മത്സ്യം, തൈര് എന്നിവ തലയോട്ടിയിലെ അമിതമായ സെബം ഉൽപാദനം കുറയ്ക്കുന്നതിനും തലയോട്ടിയിലെ ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കുന്നു.


മുടിയിൽ എണ്ണ തേയ്ക്കരുത്


മുടിയിൽ എണ്ണ തേക്കുന്നത് താരൻ കുറയ്ക്കാനല്ല, മറിച്ച് അത് കൂടുതൽ വഷളാക്കും. കാരണം ഇത് തലയോട്ടിയിലെ ഫംഗസിനെ പോഷിപ്പിക്കുന്നു. അതുകൊണ്ട് താരൻ ഉള്ളപ്പോൾ മുടിയിൽ എണ്ണ തേക്കാതിരിക്കുക.


ഹെയർകെയർ, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം


ഹെയർകെയർ, ഹെയർ സ്റ്റൈലിംഗ് ഉൽപ്പന്നങ്ങളുടെ ഉപയോഗം പരാമവധി കുറയ്ക്കുക. ഡ്രൈ ഷാംപൂ, ഹെയർ സ്‌പ്രേകൾ തുടങ്ങിയ ഹെയർ സ്‌റ്റൈലിംഗ് ഉൽപ്പന്നങ്ങൾ തലയോട്ടിയിൽ അവശേഷിപ്പിക്കുന്ന അവശിഷ്ടങ്ങൾ താരന് കാരണമാകും. മുടി താരൻ രഹിതമായി നിലനിർത്താൻ ഈ ഉൽപ്പന്നങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കുക.


സമ്മർദ്ദം കുറയ്ക്കുക


പല രോഗങ്ങൾക്കും ഒരു പ്രധാന കാരണമാണ് സമ്മർദ്ദം. സമ്മർദ്ദം മൂലം, ശരീരം ഫംഗസ് അണുബാധയെ പ്രതിരോധിക്കാതെ വരും. അതിനാൽ താരനെതിരെ പോരാടാനുള്ള കഴിവും കുറയുന്നു. അതിനാൽ, സമ്മർദ്ദം ഒഴിവാക്കാൻ ശ്വസന വ്യായാമങ്ങൾ, ശാരീരിക പ്രവർത്തനങ്ങൾ, ധ്യാനം എന്നിവയിൽ ഏർപ്പെടുക.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.