തിരുവനന്തപുരം: ഗുരുതര രോഗങ്ങൾക്ക് ചികിത്സ തേടുന്ന ഒൻപതാംക്ലാസുകാരിയുടെ നന്മ വറ്റാത്ത കാരുണ്യ പ്രവർത്തനം ആരെയും കണ്ണു നനയിക്കും. നെയ്യാറ്റിൻകര പെരുങ്കടവിള തത്തിയൂർ ഗോവിന്ദത്തിൽ മണികണ്ഠൻ - ശ്രീകല ദമ്പതിമാരുടെ ഏകമകൾ ശ്രീഭദ്രയാണ് ക്യാൻസർ രോഗത്തിന് ചികിത്സ തേടുന്നവർക്ക് മുടി മുറിച്ച് നൽകുന്നത്. നിരവധി ആശുപത്രികളിൽ ചികിത്സ നടത്തിയെങ്കിലും ഇതുവരെ യഥാർഥ രോഗം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ശ്രീഭദ്രക്ക് ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ വിധിച്ചെങ്കിലും കൃത്യമായ രോഗമെന്താണെന്ന് കണ്ടെത്താന്‍ കഴിയാത്തത്തതിനാല്‍ ഇനിയും ശസ്ത്രക്രിയ നടത്താൻ കഴിഞ്ഞിട്ടില്ല. ശ്രീഭദ്രയുടെ ജീവിതക്കാഴ്ചകളിലേക്ക്....


ALSO READ : അയ്യായിരത്തോളം ചിരട്ടകൾ കൊണ്ട് അനന്തശയനം; ചന്തുനായരുടെ കരവിരുതിൽ പിറക്കുന്നത് അത്ഭുത ശിൽപ്പങ്ങൾ!!!


മെഡിക്കൽ പരിശോധനകൾക്കായി പലതവണ ആശുപത്രിയിൽ എത്തുമ്പോഴും ശ്രീഭദ്ര കാണുന്ന കാഴ്ചകൾ അവളുടെ മനസ്സിനെ വല്ലാതെ ആഴത്തിൽ സ്പർശിക്കും. കീമോ കഴിഞ്ഞ് മുടി നഷ്ടമായ സമപ്രായക്കാരായ കുഞ്ഞുങ്ങൾക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം അപ്പോഴാണ് മനസ്സിൽ ഓടിയെത്തുന്നത്. പിന്നീട് സ്വന്തം തലമുടി അവർക്ക് നൽകാമെന്ന് തീരുമാനിക്കുകയായിരുന്നു. മാതാപിതാക്കളായ ശ്രീകലയും മണികണ്ഠനും ഇതിന് സമ്മതം മൂളിയതോടെ ഭദ്രക്ക് സന്തോഷമായി.


അച്ഛനും അമ്മയും ഭദ്രയുടെ തീരുമാനങ്ങൾക്ക് പച്ചക്കൊടി  കാട്ടിയതോടെ തൃശൂരിലെ ഹെയർ ബാങ്കുമായി ബന്ധപ്പെട്ടു. കഴിഞ്ഞ ശനിയാഴ്ച കൊല്ലത്തുവെച്ച് മുടിമുറിക്കുമെന്നും അവിടെയെത്തണമെന്നും കുടുംബത്തിന് അറിയിപ്പ് ലഭിച്ചു. തുടർന്ന്, കടം വാങ്ങിയ പണവുമായി ഹെയർ ബാങ്കിലെത്തി മുടി മുറിച്ചു. ഇപ്പോള്‍ നല്‍കിയ മുടി പാലക്കാടുള്ള പെണ്‍കുട്ടിക്ക് വിഗ്ഗ് നിര്‍മ്മിച്ച് നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മുടി നൽകുന്ന കുട്ടിയെ ഒരിക്കലെങ്കിലും നേരിൽ കാണണമെന്ന് ആഗ്രഹമുണ്ടെന്ന് ശ്രീഭദ്ര പറയുന്നു.


ALSO READ : യുദ്ധകപ്പൽ 'മാതൃക'യുമായി പതിനൊന്നാം ക്ലാസുകാരൻ; കൂട്ടുകാർക്കിടയിൽ വ്യത്യസ്തനായി ആരോമൽ!


പഠിച്ചു വളർന്നു വലുതായി ഡോക്ടറാകണമെന്നാണ് ശ്രീഭദ്രയുടെ ജീവിതത്തിലെ മറ്റൊരു ആഗ്രഹം. ഇതിനായി എത്ര കഷ്ടപ്പെട്ടെങ്കിലും എംബിബിഎസ് പഠനം പൂർത്തിയാക്കണം. ഡോക്ടറാകുന്നതിനൊപ്പം സുരേഷ് ഗോപിയെ കാണണമെന്നുള്ള ആഗ്രഹവും ഭദ്രയ്ക്കുണ്ട്. 


വർഷങ്ങളായി രോഗങ്ങൾക്ക് ചികിത്സ തേടുന്ന ഭദ്രക്കായി ആശുപത്രികൾ കയറിയിറങ്ങാത്ത ദിവസമില്ലെന്ന് കുടുംബം പറയുന്നു. മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്ന ഭദ്രയുടെ രോഗം എന്തെന്ന് ഇനിയും കണ്ടെത്താൻ കഴിയാത്തതിനാൽ ഡോക്ടർമാർ വിധിച്ച ശസ്ത്രക്രിയ പോലും നടത്താൻ കഴിഞ്ഞിട്ടില്ല.


ALSO READ : ബീമാപ്പള്ളി മുതൽ വാവര് പള്ളിവരെ...! മതമൈത്രിയുടെ സന്ദേശവുമായി ഗോപാലകൃഷ്ണൻ; നിർമ്മിച്ചത് നൂറിലധികം മുസ്ലീം പള്ളികൾ


അസഹ്യമായ വയറുവേദന അനുഭവിക്കുമ്പോൾ പോലും എല്ലാം മറന്ന് തൻ്റെ മുടി ക്യാൻസർ ബാധിതർക്ക് മുറിച്ച് നൽകുകയാണ് ഭദ്ര. മറ്റുള്ളവരും ജീവിതത്തിൽ ഉയരങ്ങൾ കീഴടക്കണമെന്നുള്ള ഭദ്രയുടെ ഉറച്ച നിശ്ചയദാർഢ്യവും അർപ്പണമനോഭാവവുമാണ് ഇതിലൂടെ വെളിവായിരിക്കുന്നത്. ക്യാൻസർ ബാധിതർക്ക് മുടിമുറിച്ച് നൽകിയതിലൂടെ നാട്ടിലും വീട്ടിലും താരമായിരിക്കുകയാണ് ശ്രീഭദ്ര.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.