Travel Diarys: വള്ളി ചുനൈയിലേ അത്ഭുത ലോകത്തേക്ക് പോകാം; നിഗൂഢമായ `ആ` വെള്ളചാട്ടം കാണാം
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടം പ്രകൃതി സൗന്ദര്യത്തിന്‍റെ അത്ഭുത ഭൂമിയാണ്.
കണ്ടതെല്ലാം മനോഹരം ,ഇനി കാണാനിരിക്കുന്നത് അതിമനോഹരം.പോകുന്ന ഓരോ യാത്രയയേയും ഞാൻ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. അമ്മയായ പ്രകൃതിയുടെ മാറോടണയാൻ ഇത്തവണ പോകുന്നത് കേരള-തമിഴ്നാട് അതിർത്തിയിൽ കുമാരകോവിലിന് സമിപത്തുള്ള വള്ളി ചുനൈയിലേക്കാണ്.
പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ഇവിടം പ്രകൃതി സൗന്ദര്യത്തിന്‍റെ അത്ഭുത ഭൂമിയാണ്.നിഗൂഡവും സുന്ദരവുമായ ഒരു വെള്ളച്ചാട്ടവും ഇവിടെ ഉണ്ട്,അത് കാണാൻ കൂടിയാണ് എന്‍റെ യാത്ര.അതിഭയങ്കരമായ കാലാവസ്ഥ വ്യതിയാനത്തിനിടയിൽ ആണ് നാം ജീവിക്കുന്നത്,കാരണം പണ്ടൊക്കെ വേനൽകാലത്തിന്‍റെ സർവ്വ ഭാവവും കാട്ടിയിരുന്ന ഏപ്രിലിലും,മേയിലും ഇപ്പോൾ ഇടവപാതിയെ വെല്ലുന്ന മഴയാണ്.
സ്വദേശമായ കാട്ടാക്കടയിൽ നിന്ന് 56 കിലോമീറ്റർ ദൂരമുണ്ട് വള്ളി ചുനൈയിലേക്ക്,രാവിലെ 6.30 ക്ക് യാത്ര ആരംഭിച്ചു,എന്‍റെ കൂടെ അജയും വരുന്നുണ്ട്.കാട്ടാകടയിൽ നിന്ന് കീഴാറൂർ-പാലിയോട് വഴി പോകുന്നതാണ് നല്ലതെന്ന് ഗൂഗിൾ മാപ്പ് ഞങ്ങളോട് പറഞ്ഞു. മറ്റെന്തിനേക്കാളും ഇപ്പോൾ മാപ്പിനെയാണ് ഞാൻ വിശ്വസിക്കുന്നത് അതുകൊണ്ട് മറ്റൊന്നും ആലോചിക്കാതെ യാത്ര തുടർന്നു.
കാലാവസ്ഥ മേഘാവൃതമാണ്,ഇടക്കൊക്കെ ചാറ്റൽ മഴയും കൂട്ടുകൂടാൻ എത്തി.24 കിലോമീറ്റർ സഞ്ചരിച്ചാൽ തമിഴ്നാട് എത്തി ബൈക്കിന് പെട്രോൾ അടിച്ചതും തമിഴ്ദേശത്തിൽ നിന്ന് തന്നെ,കാരണം നമ്മുടെ കേരളത്തിലേക്കാളും ലിറ്ററിന് 5 രൂപ കുറവാണ്.യാത്ര ദേശീയപാത വഴി കുതിച്ചു മാർത്താണ്ഡം എത്തിയപ്പോൾ 8 മണിയായി,അതിനാൽ തിരക്കാണ് റോഡിൽ,എങ്കിലും കഴിയുന്ന വേഗതയിൽ നമ്മൾ പോയി.
എതാണ്ട് 8.20 ഓടെ തക്കലയെത്തി,അവിടെ നിന്ന് പ്രസിദ്ധമായ കുമാരകോവിൽ പുോകുന്ന ചെറിയ റോഡിലൂടെ പോയാൽ വള്ളി ചുനൈ എത്തും,സ്ഥലവാസികളോട് വഴി ചോദിച്ച് 10 മിനിറ്റ് കൊണ്ട് കുന്നിന് താഴെയെത്തിഎന്നാൽവല്യ വാഹനങ്ങൾക്ക് ഉള്ളിലേക്ക് പോകാൻ സാധിക്കില്ല .ബൈക്കിൽ ഞങ്ങൾ പൊട്ടപൊളിഞ്ഞ ചെറിയ റോഡിലൂടെ മുകളിലേക്ക് പോയി. കൂറ്റൻ പാറയുടെ താഴെ ആൽമര ചുവട്ടിൽ അമ്പലം ഉണ്ട്.ശാന്തമായ അന്തരീക്ഷത്തിൽ ഏതാനും നിമിഷം ഞാൻ കണ്ണടച്ച് നിന്നു,കുറ്റിചെടികൾ വളർന്ന വഴിയിലൂടെ കുന്നിൻ മുകളിലേക്ക് കയറ്റം ആരംഭിച്ചു,വഴി തെറ്റാതിരിക്കാൻ പാറയിൽ കൃത്യമായ സൂചനകൾ വരച്ചിട്ടുണ്ട്.
കുറ്റിചെടികളും ചെറിയ വൃക്ഷങ്ങളും നിറഞ്ഞ കാട്ടുവഴിയിലൂടെ ഞാനും അജയും കയറ്റം തുടർന്നു,മയിലുകളും,കുരങ്ങൻമാരും വഴിയിൽ ഉടനീളം കൂട്ടുകൂടാൻ
എത്തി,പ്രകൃതി മലിനമല്ല എന്ന സൂചനയായി നിറയെ ചിത്രശലഭങ്ങൾ ഉണ്ട് വള്ളി ചുനൈയിൽ,ഒടുവിൽ ഒന്നര കിലോമീറ്റർ ദൂരം കുന്ന് കയറി ഞങ്ങൾ നിഗൂഡത നിറഞ്ഞതും,അതിസുന്ദരവുമായ വള്ളി ചുനൈ വെള്ളച്ചാട്ടത്തിന് സമീപം എത്തി.
രണ്ട് ഭീമാകാരമായ പാറകൾക്ക് നടുവിലൂടെ 2 അടി മാത്രം നീളമുള്ള ഒരു ചെറിയ വിടവ് അതിൽ 6 അടി പൊക്കകാരൻ ആയ എന്‍റെ നെഞ്ചോളം പൊക്കത്തിൽ വെള്ളമുണ്ട്,ഐസിന്‍റെ തണുപ്പുണ്ട് പരിശുദ്ധമായ വെള്ളത്തിന് ,കൈക്കുമ്പിളിൽ ഞാൻ വേണ്ടുവോളം കൊരിക്കുടിച്ചു,എന്നിട്ട് വിടവിലൂടെ വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് ഞാൻ നടന്നു,ഷുദ്ര ജീവികൾ ഉണ്ടാകുമോ എന്ന ചെറിയ ഭയം എന്നിൽ ഉടലെടുത്തു ,എങ്കിലും വെള്ളച്ചാട്ടത്തിന്‍റെ അനുപമമായ ഭംഗി എന്നിക്ക ഉള്ളിലേക്ക പോകാനുള്ള പ്രേരക ശക്തിയായി.
ഉള്ളിലേക്ക് പോകുംതോറും ഇരുട്ട് കൂടിവന്നു,ഒടുവിൽ 50 മീറ്ററോളം വെള്ളത്തിലൂടെ നടന്ന് അത്ഭുതമായ വള്ളി ചുനൈ വെള്ളച്ചാട്ടത്തിൽ എത്തി,വല്ലാത്തൊരു സൗന്ദര്യമാണ് വെള്ളച്ചാട്ടത്തിന്, വേണ്ടുവോളം നേരം പ്രകൃതിയുടെ തെളിനീരിൽ ഞാൻ കുളിച്ചു,തിരികെ പോകാൻ തോന്നാത്ത വിധം എതോ ഒരു ശക്തി എന്നെ പിടിച്ചുനിർത്തുന്നതായി എനിക്ക് തോന്നി.ആകാശത്ത് കൂടുതൽ മഴ മേഘങ്ങൾ എത്തുന്നത് ഞാൻ ശ്രദ്ധിച്ചു.
അതുകോണ്ട് ഇനിയും അവിടെ നിക്കുന്നത് അത്ര നല്ലതല്ല,ഞാനും അജയും തിരിച്ച് വെള്ളത്തിലൂടെ പുറത്തെത്തി.അവിടെ ഭഗവാൻ മുരുകന്‍റെയും,ഗണപതിയുടെയും പാറയിൽ കൊത്തിയ രൂപങ്ങൾ ഉണ്ട്.മഴ ചെറുതായി ചാറുന്നുണ്ട്,കൂടെ ശക്തമായ കാറ്റും,കുറച്ച് മുകളിലേക്ക് കയറിയ ഞാൻ തക്കല പട്ടണത്തിന്‍റെ മുഴുവൻ ഭംഗിയും ആസ്വദിച്ചു.ഒടുവിൽ അത്ഭുതമായ വള്ളി ചുനൈയോട് വിട പറയാൻ സമയമായി,പതിയെ കുന്നിറങ്ങി താഴെയെത്തി,കുമാരകോവിലിൽ കയറണം എന്നുണ്ടായിരുന്നു എങ്കിലും, ഇനിയും വരുമെന്ന ഉറപ്പിൽ തിരികെയുള്ള യാത്ര തുടങ്ങി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...