അഭിമാനത്തിന്റെ നാൽപ്പത് വർഷങ്ങൾ; കഥകളി ശിൽപ്പങ്ങൾ തടിയിൽ തീർത്ത് ത്രിവിക്രമൻ!
ഒരാൾ വലുപ്പത്തിൽ ചെയ്ത കഥകളി വേഷങ്ങളും, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിങ്ങനെയുള്ള വിവിധ ഭാവങ്ങളിൽ ചെയ്ത ശിൽപ്പങ്ങളും ത്രിവിക്രമന്റെ ചാക്കയിലുള്ള ഭാസ്കര ആർട്സ് കഥകളി ശിൽപ്പ നിർമ്മാണ കേന്ദ്രത്തിൽ കാണാം.
തിരുവനന്തപുരം: കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി കഥകളി ശിൽപ്പങ്ങൾ തടിയിൽ തീർക്കുന്ന ഒരു 63കാരനുണ്ട് തിരുവനന്തപുരത്ത്. കഥകളി നടനും ഹൈസ്കൂൾ അധ്യാപകനുമായ ചാക്ക സ്വദേശി ത്രിവിക്രമൻ. കഥകളി വേഷം കെട്ടിയിട്ടുള്ള ത്രിവിക്രമൻ ഫ്രൊഷണൽ കലാകാർക്ക് ചുട്ടുകുത്ത് ഉൾപ്പടെ വർഷങ്ങളായി നടത്തുന്നുണ്ട്. പഞ്ചാരിമേളം പഠിക്കാൻ താല്പര്യമുള്ളവർക്കായി കരിക്കകം ശ്രീ ചാമുണ്ഡി കലാപീഠം ട്രൂപ്പും ഇദ്ദേഹം സ്വന്തമായി നടത്തി വരുന്നുണ്ട്.
ത്രിവിക്രമന്റെ കഥകളി ശിൽപ്പങ്ങളുടെ വിശേഷങ്ങളിലേക്ക്.
ഇത് കരിക്കകം ത്രിവിക്രമൻ. കഥകളി ശിൽപ്പങ്ങൾ തടിയിൽ തീർക്കുന്നതിൽ പ്രാവീണ്യം ലഭിച്ചിട്ടുള്ളയാൾ. നിരവധി കലാസമിതികളിൽ കഥകളി വേഷം കെട്ടിയാടിയിട്ടുണ്ട്. നാൽപ്പത് വർഷത്തോളമായി ഈ രംഗത്ത് പ്രവർത്തിക്കുന്നു. കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിന്ന് ഐവറി ആൻഡ് വുഡ് കാർവിംഗിൽ ഡിപ്ലോമ പാസായ ത്രിവിക്രമൻ പഞ്ചാരിമേളവും ചെണ്ടമേളവും പഠിച്ചു.
ALSO READ : 31 ദിവസങ്ങൾ കൊണ്ട് 153 കോഴ്സുകൾ; അപൂർവ്വ റെക്കോർഡുകളോടെ നാട്ടിലെ താരമായി ആർച്ച!!!
ചെണ്ടമേളം പഠിച്ചത് കൊല്ലം നാരായണൻകുട്ടി ആശാന്റെ കീഴിലായിരുന്നു. സദനം വാസു ആശാനും കലാമണ്ഡലം കൃഷ്ണദാസും ഗുരുക്കന്മാരായി. പഞ്ചാരിമേളം പഠിക്കാൻ താൽപര്യമുള്ളവർക്കായി കരിക്കകം ശ്രീ ചാമുണ്ഡി കലാപീഠം ട്രൂപ്പും ഇദ്ദേഹം സ്വന്തമായി നടത്തി വരുന്നുണ്ട്.
കഥകളി ശിൽപ്പങ്ങൾ നിർമ്മിക്കുന്നതിലാണ് ത്രിവിക്രമന്റെ കട്ട പ്രൊഫഷണലിസം. പച്ച, കത്തി,താടി,കരി മിനുക്ക് തുടങ്ങിയ എല്ലാ വേഷങ്ങളിലെയും കഥകളി ശിൽപ്പങ്ങളും നിർമ്മിച്ചിട്ടുണ്ട്. ഒരടി മുതൽ ഒരാൾ വലുപ്പത്തിൽ വരെയുള്ള ശിൽപ്പങ്ങൾ ഇദ്ദേഹത്തിൻ്റെ കരവിരുതിൽ പിറന്നിട്ടുണ്ട്.
ഒരാൾ വലുപ്പത്തിൽ ചെയ്ത കഥകളി വേഷങ്ങളും, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി എന്നിങ്ങനെയുള്ള വിവിധ ഭാവങ്ങളിൽ ചെയ്ത ശിൽപ്പങ്ങളും ത്രിവിക്രമൻ്റെ ചാക്കയിലുള്ള ഭാസ്കര ആർട്സ് കഥകളി ശിൽപ്പ നിർമ്മാണ കേന്ദ്രത്തിൽ കാണാം. ചാക്ക പുള്ളി ലെയിനിൽ താമസിക്കുന്ന ത്രിവിക്രമൻ പാരമ്പര്യമായി ഈ മേഖലയിൽ സേവനമനുഷ്ഠിച്ചു വരികയാണ്.
അച്ഛൻ ഭാസ്കരൻ ശാസ്ത്രികളാണ് തന്നെ ഈ രംഗത്തേക്ക് കൈ പിടിച്ചുയർത്തിയതെന്ന് ത്രിവിക്രമൻ പറയുന്നു. വലിയ ശില്പങ്ങൾ നിർമ്മിച്ച് പ്രദർശനം സംഘടിപ്പിക്കാൻ ശ്രമം നടത്തുന്നു. ശില്പങ്ങൾ പുറത്ത് വിൽപ്പന നടത്താറുണ്ട്. നിരവധി വലിയ ശില്പങ്ങൾ നിർമിക്കണം എന്നാണ് തൻ്റെ ആഗ്രഹമെന്നും ത്രിവിക്രമൻ്റെ വാക്കുകൾ.ഭാര്യ അജിത, മക്കളായ ശില്പ വിക്രം, ശീതൾ വിക്രം, ശീതുവിക്രം എന്നിവരും കട്ട സപ്പോർട്ടുമായി രംഗത്തുണ്ട്.ഇതിൽ ശീതളും, ശീതുവും കലാമണ്ഡലം രതീഷ് ആശാൻ്റെ നേതൃത്വത്തിൽ കഥകളി അഭ്യസിച്ച് വേഷം കെട്ടിയാടിയിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.