Headache : മൈഗ്രൈൻ നേരിടേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
Migraine Reasons : പിരിമുറുക്കം, ഓവർ ടെൻഷൻ, ഉത്കണ്ഠ, ക്ഷീണം എന്നിവയൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ട്.
വളരെ സാധാരണയായി കണ്ട് വരുന്ന ഒരു പ്രശ്‌നമാണ് തലവേദന. പലപ്പോഴും പല രോഗങ്ങളുടെ ലക്ഷണമാണ് തലവേദന ഉണ്ടാകാറുണ്ട്. തലവേദനയിൽ ഏറ്റവും പ്രശ്‍നക്കാരായി മാറാറുള്ളത് മൈഗ്രൈൻ, സൈനസൈറ്റിസ് മൂലമുള്ള തലവേദന എന്നിവയാണ്. പിരിമുറുക്കം, ഓവർ ടെൻഷൻ, ഉത്കണ്ഠ, ക്ഷീണം എന്നിവയൊക്കെ തലവേദനയ്ക്ക് കാരണമാകാറുണ്ട്.
എന്നാൽ മൈഗ്രൈൻ പോലെ ഇടവിട്ട് തലവേദന ഉണ്ടാകാത്ത ഒരാൾക്ക് പെട്ടെന്ന് തലവേദന വന്നാൽ ശ്രദ്ധിക്കണം. പെട്ടെന്നുള്ള കടുത്ത തലവേദന, ബോധം നഷ്ടപ്പെടുക, തലവേദന മൂലം കാഴ്ച നഷ്ടപ്പെടുക എന്നീ അവസ്ഥകളെ പ്രത്യേകം ശ്രദ്ധിക്കണം. ഇവ ഒളിഞ്ഞിരിക്കുന്ന ഏതെങ്കിലും രോഗാവസ്ഥയുടെ ലക്ഷണമാകാൻ സാധ്യത വളരെ കൂടുതലാണ്.
മൈഗ്രൈൻ വിട്ടുമാറാത്ത ഒരുതരം ന്യൂറോളജിക്കൽ ഡിസോർഡറാണ്. മൈഗ്രൈൻ മൂലം തീവ്രത കുറഞ്ഞത് മുതൽ അതിതീവ്ര സ്വഭാവമുള്ള തലവേദന വരെ ഉണ്ടാകാം. നെറ്റിയിൽ അസഹനീയമായി തുടങ്ങുന്ന വേദനയോടെയാണ് മൈഗ്രൈൻ തുടങ്ങുന്നത് . പിന്നീടത് വളരെ നേരം നീണ്ടു നിൽക്കുകയും മനംപുരട്ടൽ, ഛർദ്ദി എന്നീ പ്രശ്‍നങ്ങൾ ഉണ്ടാകുകയും ചെയ്യും. പൂർണമായും മൈഗ്രൈൻ വിട്ടുമാറാനുള്ള സാധ്യത വളരെ കുറവാണ്. ജനസംഖ്യയുടെ 15% ആളുകളിൽ ജീവിതത്തിന്റെ പല കാലഘട്ടങ്ങളിൽ ആയി മൈഗ്രൈൻ അനുഭവപ്പെട്ടിട്ടുള്ളവരാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്.
സാധാരണയായി മൈഗ്രൈൻ മൂലമുള്ള തലവേദന ഏകദേശം 72 മണിക്കൂർ വരെ നീണ്ടു നിന്നേക്കാം . മനംപുരട്ടൽ,ഛർദ്ദി,വെളിച്ചം,ശബ്ദം എന്നിവയോടുള്ള അസഹിഷ്ണുത എന്നിവയും ഉണ്ടാകും. ശാരീരിക ആയാസം കൊണ്ട് വേദന വർധിക്കുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ചില ആളുകളിൽ മൈഗ്രൈൻ ആരംഭിക്കും മുൻപായി ഒരു തരം പ്രഭാവലയം കാണുന്നതായി അനുഭവപ്പെടാറുണ്ട് . വിഷ്വൽ സൻസറി പ്രതിഭാസമായാണ് മെഡിക്കൽ ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. തലവേദന തുടങ്ങും മുൻപുള്ള ഒരു സൂചനയായും ഇതിനെ കാണാം.
മൈഗ്രൈൻ എന്ന് പറയുന്നത് പാരിസ്ഥിതികവും ജനിതകവുമായ ഘടകങ്ങളുടെ ഒരു മിശ്രണമാണ് . മൂന്നിൽ രണ്ടു ഭാഗം അവസ്ഥകളും പാരമ്പര്യവുമായി ബന്ധപ്പെട്ടതാണ്. അതായതു മൈഗ്രൈൻ ഒരു പാരമ്പര്യ രോഗമായും കാണപ്പെടാറുണ്ട്. ഹോർമോണുകളിൽ വരുന്ന വ്യതിയാനവും ചിലസമയങ്ങളിൽ ഇതിന് കാരണമാകാറുണ്ട്. കൗമാര(പായത്തിനു മുൻപ് പെൺകുട്ടികളെക്കാളും അധികമായി ആൺകുട്ടികളിൽ ആണ് മൈഗ്രൈൻ കണ്ടു വരുന്നത്. എന്നാൽ പ്രായമാവുമ്പോൾ 2-3 ഇരട്ടി വരെ സ്ത്രീകളിൽ മൈഗ്രൈൻ ഉണ്ടാവുന്നു. എന്നാൽ ഗർഭകാലത്തോട് അനുബന്ധിച്ചു മൈഗ്രൈൻ വരുന്നതിന്റെ സാധ്യത കുറയുന്നതായും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മൈഗ്രൈൻ ചികിത്സിക്കേണ്ടത് എങ്ങനെ?
പ്രധാനമായും മൈഗ്രൈൻ ചികിത്സയിൽ മൂന്നുവശങ്ങളാണ് ഉള്ളത്:
1) മൈഗ്രൈൻ ഉണ്ടാവാൻ പ്രേരിപ്പിക്കുന്നത് ഒഴിവാക്കുക
2) നിശിത രോഗലക്ഷണ നിയന്ത്രണം
3) മരുന്നുകൾ കൊണ്ടുള പ്രതിരോധം
എന്തുകാരണം കൊണ്ടാണോ മൈഗ്രൈൻ ഉണ്ടാവുന്നത് അതിനെ ശരിയായിതന്നെ തിരിച്ചറിഞ്ഞ് അനുയോജ്യമായ മരുന്നുകൾ എടുക്കുക എന്നതാണ് തലവേദനയെ നിയന്ത്രിക്കാനുള്ള വഴി. കർശനമായ വൈദ്യോപദേശപ്രകാരം തന്നെ ചികിത്സ തേടേണ്ടതാണ്. രോഗചികിത്സയോടുള്ള പ്രതികരണം വിവിധ വ്യക്തികളിൽ വ്യത്യസ്തമായിരിക്കും.
വേദനയുടെ ആരംഭത്തിൽ തന്നെ മരുന്ന് എടുക്കുമ്പോഴാണ് ഏറ്റവും ഫലപ്രദം. പ്രാരംഭനിയന്ത്രണത്തിന്റെ ഭാഗമായി ലളിതമായ വേദനസംഹാരികൾ കഴിയ്ക്കുന്നതിൽ അപകടമില്ല . എന്നാൽ ഫലം കാണിക്കാതെ വരുമ്പോൾ ചില പ്രത്യേക മരുന്നുകൾ എടുക്കാവുന്നതാണ്.മൈഗ്രൈൻ കൂടുമ്പോൾ ഉണ്ടാവുന്ന ഛർദ്ദി ഒഴിവാക്കാനുള്ള മരുന്നുകളും എടുക്കാവുന്നതാണ്.
സാധാരണയായി മൈഗ്രൈൻ ഉണ്ടാക്കാൻ സാധ്യതയുള്ള ഘടകങ്ങൾ
1) വിശപ്പ്
2) ശാരീരികവും മാനസികമായ സമ്മർദ്ദങ്ങൾ
3) ആർത്തവം
4) ആർത്തവവിരാമത്തിനോട് അടുപ്പിച്ചു വരുന്ന സമയം
5) ആദ്യത്തെ ആർത്തവം
6) ആർത്തവവിരാമം
7) ഗർഭവസ്ഥ
8) ജീവിതശൈലി
9) വെയിൽ
10) ചില രൂക്ഷഗന്ധങ്ങള്‍ , ചില ശബ്ദങ്ങൾ
പ്രതിരോധ ചികിത്സാരീതികളിൽ മരുന്നിനോടൊപ്പം തന്നെ ജീവിതശൈലിയിലും മാറ്റങ്ങൾ വരുത്തേണ്ടതാണ്. മൈഗ്രൈയിൻ പ്രതിരോധ മരുന്നുകളുടെ ലക്ഷ്യം മൈഗ്രൈയിന്റെ ആവർത്തനം, വേദന, ഇടവേളകൾ എന്നിവ കുറയ്ക്കുകയാണ് . ഈ കാരണങ്ങൾ കൊണ്ട് വളരെ ലളിതമായ വേദനസംഹാരികൾ ആണ് ശുപാർശചെയ്യപ്പെടുന്നത്. അതും ഒരാഴ്ചയിൽ മൂന്നുതവണയിൽ താഴെ മാത്രം എടുക്കുന്ന രീതിയിലാണ്. ഡോക്ടർമാരുടെ നിർദേശം അനുസരിച്ച് ചികിത്സ തേടിയാൽ ഒരു പരിധിവരെ മൈഗ്രൈനെ അകറ്റി നിർത്താം
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക