മഴക്കാലമെത്തി... മഴക്കാല രോഗങ്ങളും; ശ്രദ്ധിക്കണം ഇക്കാര്യങ്ങൾ
Monsoon diseases: ഓടകൾ നിറഞ്ഞ് കവിയുന്നതും മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും നിരവധി രോഗങ്ങൾ പകരാൻ കാരണമാകും
മഴക്കാലമെത്തുന്നതോടെ നിരവധി പകർച്ചാവ്യാധികളും വ്യാപകമാകാറുണ്ട്. ഓടകൾ നിറഞ്ഞ് കവിയുന്നതും മാലിന്യങ്ങൾ റോഡിലേക്ക് ഒഴുകുന്നതും നിരവധി രോഗങ്ങൾ പകരാൻ കാരണമാകും. പനി, ചുമ, കഫക്കെട്ട്, കോളറ, എലിപ്പനി, മഞ്ഞപ്പിത്തം എന്നിങ്ങനെ മഴക്കാലത്ത് വരാൻ സാധ്യതയുള്ള രോഗങ്ങൾ നിരവധിയാണ്. അതിനാൽ ശുചിത്വം പാലിക്കുന്നത് വഴിയും കൃത്യമായ മുൻകരുതലുകൾ സ്വീകരിക്കുന്നത് വഴിയും മാത്രമേ ഇത്തരം രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ സാധിക്കൂ.
കാലാവസ്ഥയില്‍ വ്യതിയാനം സംഭവിക്കുമ്പോള്‍ ഒട്ടുമിക്ക ആളുകൾക്കും ചുമ ഉണ്ടാകാറുണ്ട്. വെയിലും മഴയും മാറി മാറി വരുമ്പോള്‍ ശീരത്തിലെ താപനിലയിൽ വ്യത്യാസം ഉണ്ടാകും. ഇത് കഫക്കെട്ടിനും കാരണമാകും. അതിനാൽ തണുത്ത ഭക്ഷണങ്ങളും പഴകിയ ഭക്ഷണങ്ങളും കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. മഴക്കാലമായാൽ വെള്ളക്കെട്ടുകൾ സാധാരണയാണ്. ഇത്തരം വെള്ളക്കെട്ടുകളിൽ നിന്നാണ് എലിപ്പനി പടരുന്നത്. എലിമൂത്രത്തിലൂടെ പകരുന്ന രോഗമാണ് എലിപ്പനി. ശരീരത്തിലെ മുറിവുകളിലൂടെയാണ് റെപ്‌റ്റോ സ്‌പൈറ എന്ന രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ കാലിൽ മുറിവോ വ്രണമോ ഉണ്ടെങ്കിൽ വെള്ളക്കെട്ടുകളിലൂടെ നടക്കുന്നത് ഒഴിവാക്കണം.
വെള്ളക്കെട്ടിലൂടെ നടക്കേണ്ട സാഹചര്യം ഉണ്ടായാൽ ഉടൻ തന്നെ കാലുകൾ വൃത്തിയായി കഴുകാൻ ശ്രദ്ധിക്കണം. വെള്ളത്തിലൂടെ പകരുന്ന ഒരു അസുഖമാണ് കോളറ. വിബ്രിയോ കോളറൈ എന്ന വൈറസാണ് ഇത് കോളറ പരത്തുന്നത്. തുടര്‍ച്ചയായുള്ള മഴയും വെള്ളക്കെട്ടും ശുദ്ധജല സ്രോതസ്സുകൾ മലിനമാകാൻ കാരണമാകും. ഇത്തരം വെള്ളം ഉപയോഗിക്കുന്നതിലൂടെ കോളറ വരാനുള്ള സാധ്യത കൂടുതലാണ്. കോളറയെ തുടർന്ന് വയറിളക്കം ഉണ്ടാകുകയും ഇത് നിർജ്ജലീകരണത്തിന് കാരണമാകുകയും ചെയ്യും. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗമാണ് ടൈഫോയ്ഡ്. സാൽമൊണല്ല എന്ന വൈറസാണ് ടൈഫോയ്ഡ് വരുത്തുന്നത്. വൃത്തിഹീനമായ സഹാചര്യത്തില്‍ ഭക്ഷണം പാകം ചെയ്യുന്നതനും ശുദ്ധമല്ലാത്ത വെള്ളം ഉപയോഗിക്കുന്നതും സാൽമൊണല്ല വൈറസ് ബാധിക്കുന്നതിന് കാരണമാകും.
ALSO READ: മങ്കിപോക്സിന് കോവിഡിനേക്കാൾ തീവ്രതയും മരണനിരക്കും കുറവെന്ന് ആരോഗ്യ വിദഗ്ധർ
വെള്ളത്തിലൂടെ പകരുന്ന രോഗമാണ് മഞ്ഞപ്പിത്തം. രോഗിയുമായി നേരിട്ടുള്ള ബന്ധത്തിലൂടെയും മഞ്ഞപ്പിത്തം പകരും. പനി, ശരീരവേദന, ഛര്‍ദ്ദി, ശരീരത്തില്‍ മഞ്ഞപ്പ് എന്നിവയാണ് മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ. ഹെപ്പറ്റൈറ്റിസ് എ, ഇ രോഗാണുക്കൾ ശരീരത്തില്‍ പ്രവേശിച്ച് രണ്ടാഴ്ചയ്ക്ക് ശേഷം മാത്രമേ ലക്ഷണങ്ങൾ പ്രത്യക്ഷമാകൂ. കൃത്യമായി ചികിത്സ ലഭ്യമാക്കിയില്ലെങ്കിൽ മഞ്ഞപ്പിത്തം കരളിനെ ഗുരുതരമായി ബാധിക്കും. മഴക്കാലത്ത് പലതരത്തിലുള്ള ത്വക്ക് രോഗങ്ങളും ഉണ്ടാകും. കാലുകളിൽ ചൊറിച്ചിൽ, വളംകടി തുടങ്ങിയവ വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ, കൈകാലുകൾ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനമാണ്.
മഴക്കാലത്ത് രോഗങ്ങളിൽ നിന്ന് രക്ഷ നേടാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
.തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
.വെള്ളക്കെട്ടിലൂടെ നടക്കുന്നത് ഒഴിവാക്കുക
.കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കുക
.വീടിന് ചുറ്റും വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക
.ഭക്ഷണം ചൂടോടെ കഴിക്കുക
.ഭക്ഷണങ്ങള്‍ തുറന്ന് വയ്ക്കരുത്
.മഴയുള്ള സമയത്ത് പുറത്തിറങ്ങുമ്പോള്‍ റെയിന്‍കോട്ട്, കുട എന്നിവ ഉപയോഗിക്കുക
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...