Onam 2023 Koottu Curry: ഓണത്തിനൊരു കിടുക്കാച്ചി കൂട്ടുകറിയായാലോ? ഇങ്ങനെ ഉണ്ടാക്കി നോക്കൂ
Sadya special Koottucurry Recipe: കൂട്ടുകറി ഉണ്ടാക്കി പാളി പോയ ഒരു വ്യക്തിയാണോ നിങ്ങൾ?
ഓണം ഇങ്ങെത്തി...നിങ്ങളുടെ ഒരുക്കങ്ങൾ എല്ലാം എവിടെ വരെയായി?. ഇത്തവണ സദ്യയ്ക്ക് എന്തൊക്കെയാ സ്പെഷ്യൽ.. പച്ചടി, കിച്ചടി, സാമ്പാർ, ഓലൻ കാളൻ ഒപ്പം ഒരു കൂട്ടുകറിയും ആയാലോ... രുചികൊണ്ട് എപ്പോഴും വ്യത്യസ്ഥനായി നിൽക്കുന്ന കൂട്ടുകറി ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. എന്നാൽ സംഗതി ശരിയായ രീതിയിൽ ഉണ്ടാക്കിയില്ലെങ്കിലോ മൊത്തത്തിൽ പാളി പോകുന്നതുമായ ഒരു വിഭവം. അത്തരത്തിൽ കൂട്ടുകറി ഉണ്ടാക്കി പാളി പോയ ഒരു വ്യക്തിയാണോ നിങ്ങൾ? അതിനു ശേഷം ഓണത്തിന് കൂട്ടുകറി ഉണ്ടാക്കാറില്ലേ..? എങ്കിൽ ഇത്തവണ തീർച്ചയായും ഉണ്ടാക്കണം. വളരെ എളുപ്പത്തിൽ കൂട്ടുകറി എങ്ങനെ ഉണ്ടാക്കാം എന്നാണ് ഇന്നിവിടെ പറയുന്നത്.
കൂട്ടുകറി
പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ പലവിധ പച്ചക്കറികൾ കൂട്ടികലർത്തി ഉണ്ടാക്കുന്ന വിഭവമാണ് ഇത്. ചേന, പച്ചക്കായ എന്നിവയാണ് പ്രധാനമായും ഇതിൽ ചേർക്കുന്ന പച്ചക്കറികൾ. ഇവയെ തമ്മിൽ വേർതിരിക്കുന്നതിനായി ഇടയിൽ അല്പ്പം കടലയും തേങ്ങയും എല്ലാം ഉണ്ടാകും.
കൂട്ടുകറി തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ
ചേന - അര കിലോ
പച്ചക്കായ - 2 എണ്ണം
വേവിച്ചെടുത്ത കറുത്ത കടല - അര കപ്പ്
ചിരകിയ തേങ്ങ - 1 കപ്പ്
വറുക്കാൻ ആവശ്യമായ തേങ്ങ - 1 1/2 കപ്പ്
മുളക് പൊടി - അര ടീസ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ടീ സ്പൂൺ
ALSO READ: എരിവും, പുളിയും, മധുരവും; ഓണ സദ്യക്ക് പുളിയിഞ്ചി വീട്ടിൽ തന്നെ ഉണ്ടാക്കി നോക്കൂ
ജീരകം - അര ടീസ്പൂൺ
കുരുമുളക് പൊടി - അര ടീസ്പൂൺ
കടുക് - 1 ടീ സ്പൂൺ
ശർക്കര - 1 ടേബിൾ സ്പൂൺ
ചുവന്ന മുളക്
ഉഴുന്ന് - 1 ടീ സ്പൂൺ
വെളിച്ചെണ്ണ
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
തലേ ദിവസം രാത്രി വെള്ളത്തിൽ 1 കപ്പ് കറുത്ത കടല എടുത്ത് കുതിർക്കാൻ വയ്ക്കുക. പിന്നീട് രാവിലെ ഈ കടല അരിച്ചെടുത്തതിന് ശേഷം ഇതിൽ അൽപ്പം ഉപ്പ് ചേർത്ത് കുക്കറിൽ വേവിച്ച് എടുക്കാം. ശേഷം പച്ചക്കായും ചേനയും ചെറിയ ചതുരങ്ങളായി അരിഞ്ഞ് കഴുകി വ്യത്തിയാക്കി എടുക്കുക. അതിലേക്ക് അൽപ്പം മഞ്ഞൾപൊടിയും ഉപ്പും ചേർത്ത് നന്നായി വേവിച്ചെടുക്കുക(ഉടഞ്ഞ് പോകാതെ എടുക്കണം). മിക്സിയിൽ ഒരു കപ്പ് തേങ്ങ അൽപ്പം വെള്ളം ചേർത്ത് നന്നായി അരച്ച് എടുക്കുക. ശേഷം അടി നല്ല കട്ടിയായിട്ടുള്ള ഒരു പാത്രം അടുപ്പിൽ വെച്ച് വേവിച്ച പച്ചക്കറികൾ ഇട്ട് തിളപ്പിക്കുക. അതിലേക്ക് അരച്ച് വച്ച തേങ്ങയും ചേർത്ത് നന്നായി ഇളക്കിയ ശേഷം 1 ടേബിൾ സ്പൂൺ ശർക്കര കൂടി അതിലേക്ക് ചുരണ്ടിയിടുക. അതിന് ശേഷം വേവിച്ച് വച്ച കടലയും ചേർത്ത് ഇളക്കാം.
തേങ്ങ വറുക്കുമ്പോൾ ഇവ ചേർക്കുക
ഒരു പാനിലേക്ക് അൽപ്പം വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം അതിലേക്ക് ഉഴുന്നും വറ്റൽ മുളകും ചേർക്കുക. അതിന് ശേഷം നേരത്തെ ചിരകി മാറ്റി വെച്ചിട്ടുള്ള തേങ്ങ ചേർത്ത് നല്ല ബ്രൌൺ നിറമാകുന്നത് വരെ ഇളക്കി കൊണ്ടിരിക്കുക. ഇനി അതിലേക്ക് അൽപ്പം കറിവേപ്പില കൂടി ചേർത്ത് ഇളക്കിയ ശേഷം നേരത്തെ തിളപ്പിച്ച വച്ച കൂട്ടിലേക്ക് ഇതും കൂടി ചേർത്ത് ഇളക്കി തിളപ്പിച്ചെടുക്കാം. നിങ്ങൾക്ക് പാകമായ രീതിയിൽ ഉപ്പും കുരുമുളക് പൊടിയും കൂടി ചേർത്ത് മൂടി വെക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...