Shawarma food poison: മരണകാരണമാകുന്ന ഭക്ഷ്യവിഷബാധ ഉണ്ടാക്കും വിധം ഷവർമ്മ വില്ലനാകുന്നതെങ്ങനെ?
ഷവർമ തയ്യാറാക്കുന്ന രീതിയിൽ ഇറച്ചി പൂർണമായി വേകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം.
കാസർകോട് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയുണ്ടായി വിദ്യാർഥി മരിച്ചതോടെ ഭക്ഷ്യവിഷബാധയെക്കുറിച്ച് വീണ്ടും ചർച്ചകൾ സജീവമായിരിക്കുകയാണ്. ഭക്ഷണങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്യേണ്ടതിന്റെയും സൂക്ഷിക്കേണ്ടതിന്റെയും ആവശ്യകതയെക്കുറിച്ചും ചർച്ചകൾ ഉയരുന്നുണ്ട്. ഷവർമയിൽ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത് എന്താണെന്നാണ് പലരുടെയും സംശയം. ഷവർമ തയ്യാറാക്കുന്ന രീതിയിൽ ഇറച്ചി പൂർണമായി വേകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണം. തിരക്കുള്ള സമയമാണെങ്കിൽ ഇറച്ചി അധികം വേകാനുള്ള സമയം ലഭിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത കൂടുതലാണ്.
സാധാരണ ഇറച്ചി ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാലേ അണുക്കൾ നശിക്കുകയുള്ളൂ. എന്നാൽ കടകളിൽ ഷവർമ്മ തയ്യാറാക്കുമ്പോൾ ഇത്രയും സമയം ലഭിക്കുമോയെന്നത് സംശയമാണ്. കൂടാതെ, തലേദിവസത്തെ ബാക്കി വന്ന ഇറച്ചി പിറ്റേന്ന് വീണ്ടും ഉപയോഗിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. ഒരു ദിവസം മുഴുവൻ പുറത്ത് വച്ച ഇറച്ചി വീണ്ടും ഫ്രീസറിൽ വച്ചാലും ഇറച്ചി കേടുകൂടാതെ ഇരിക്കില്ല. ഇത് ഇരട്ടി ദോഷവും ഉണ്ടാക്കും. ഷവർമയിലെ രുചിയുടെ പ്രധാന സ്രോതസായ മയോണൈസും വില്ലനായി മാറും. മുട്ടയുടെ വെള്ള ഉപയോഗിച്ചാണ് മയോണൈസ് തയ്യാറാക്കുന്നത്.
ALSO READ: Shawarma Food Poison: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധ: ഒരാള്‍ കൂടി അറസ്റ്റില്‍
ചെറുതായി ചൂടാക്കിയിട്ടുവേണം മയോണൈസിനായി മുട്ടയുടെ വെള്ള ഉപയോഗിക്കാൻ. സാധാരണ ഊഷ്മാവിൽ രണ്ട് മണിക്കൂറിലധികം മയോണൈസ് സൂക്ഷിക്കാൻ സാധിക്കില്ല. ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നത് വിവിധ രോഗകാരികളായ ബാക്ടീരിയകൾ ശരീരത്തിൽ പ്രവേശിക്കാൻ കാരണമാകും. സാൽമൊണെല്ല, ഇ-കോളി തുടങ്ങി ബാക്റ്റീരിയകളും മറ്റ് അണുക്കളുമൊക്കെ വൃത്തിഹീനമായ പ്രതലങ്ങളിലും മറ്റും കാണാറുണ്ട്. വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ഇവ ഭക്ഷണത്തിലൂടെ ശരീരത്തിൽ പ്രവേശിച്ച് ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...