വീണ്ടും വില്ലനായി ഷിഗെല്ല; അതീവ ജാഗ്രത, ഷിഗെല്ല പകരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം?
വയറിളക്കം, പനി, വയറുവേദന, നീർജ്ജലീകരണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഷിഗെല്ല വ്യാപന ആശങ്കയെ തുടർന്ന് കാസർകോട് ജാഗ്രതാ നടപടികൾ ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ഷവർമ്മ കഴിച്ച് ആശുപത്രിയിലായവർക്ക് ഭക്ഷ്യവിഷബാധ ഏൽക്കാൻ കാരണം ഷിഗെല്ലാ ബാക്ടീരിയ ആണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട ലക്ഷണങ്ങൾ തന്നെയാണ് ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും എന്നതിനാൽ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. 57ഓളം പേരാണ് ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. വയറിളക്കം, പനി, വയറുവേദന, നീർജ്ജലീകരണം, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശം നൽകിയിട്ടുണ്ട്.
ഷിഗെല്ല രോഗബാധയുടെ ലക്ഷണങ്ങൾ
ഷിഗെല്ലയുടെ പ്രധാന ലക്ഷണം വയറിളക്കമാണ്. പലപ്പോഴും ഇതില്‍ രക്തത്തിന്റെ സാന്നിധ്യം കാണപ്പെടാന്‍ സാധ്യതയുണ്ട്. പനി, വയറു വേദന, വയറു ശൂന്യമായിരിക്കുമ്പോള്‍ പോലും ഇടയ്ക്കിടെ ശോധന അനുഭവപ്പെടുക എന്നിവ ഷിഗെല്ല രോഗത്തിന്റെ ലക്ഷണങ്ങളാണ്. ഷിഗെല്ല ബാക്ടീരിയ ശരീരത്തിലെത്തിയാല്‍ ഏഴ് ദിവസത്തിനുള്ളിൽത്തന്നെ ലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോൾ രോഗം വളരെ ഗുരുതരമാകാതെയിരിക്കാൻ സാധ്യതയുണ്ട്. എന്നാൽ ചില കേസുകളിൽ മരണം തന്നെ സംഭവിക്കാം.
ALSO READ: ഷിഗെല്ല വ്യാപനം; കാസര്‍കോട് കടുത്ത ജാഗ്രതയിൽ ആരോഗ്യവകുപ്പ്
ഷിഗെല്ല ബാക്ടീരിയ പകരുന്നതെങ്ങനെ
- ഷിഗെല്ലയുടെ സാന്നിധ്യമുള്ള വസ്തുക്കളിൽ സ്പർശിക്കുന്നത് വഴി ബാക്ടീരിയ ശരീരത്തിൽ പ്രവേശിക്കാം
- ശുചിയല്ലാത്ത ഭക്ഷണം, മലിനമായ ജലം
- രോഗിയെ പരിചരിക്കുന്നതിലൂടെയും രോഗി ഉപയോഗിച്ച ശുചിമുറി ഉപയോഗിക്കുന്നതിലൂടെയും പകരാം
- രോഗി പാചകം ചെയ്യുന്ന ഭക്ഷണം കഴിക്കുന്നതിലൂടെ
- തടാകങ്ങള്‍, നീന്തല്‍കുളങ്ങള്‍ മുതലായവയിലെ വെള്ളത്തിലൂടെ പകരാം
- രോഗിയുമായുള്ള ലൈംഗികബന്ധത്തിലൂടെ
ഷിഗെല്ല പകരാതിരിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ
- വ്യക്തിശുചിത്വം പാലിക്കുക
- ഉപയോഗിച്ച ഡയപ്പറുകള്‍ ഒരു കാരണവശാലും അലസമായി കളയരുത്
- അടുക്കള, ഭക്ഷണമേശകള്‍ മുതലായ ഇടങ്ങളെല്ലാം ഉപയോഗിക്കുന്നതിനു മുന്‍പും ശേഷവും ആന്റിബാക്ടീരിയല്‍ ലോഷനുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുക
- അസുഖ ബാധിതനായ വ്യക്തിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക
- ഷിഗല്ല ബാധിതരായ വ്യക്തി ഭക്ഷണം പാകം ചെയ്യരുത്
ചികിത്സ
ശക്തമായ വയറിളക്കുമുണ്ടാകുവാൻ സാധ്യതയുള്ളതിനാൽ നിര്‍ജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്. നിർജലീകരണം തടയാൻ ദ്രാവകരൂപത്തിലുള്ള പദാര്‍ഥങ്ങള്‍, വെള്ളം എന്നിവ ധാരാളമായി കുടിക്കുക. ഒആര്‍എസ് ലായനി കുടിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...