ബനാന മിൽക്ക് ഷേക്ക് ദിവസവും ആയാൽ ഹെൽത്തിയാണോ? ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
വാഴപ്പഴം പാൽ എന്നിവ ചേർത്ത ഈ പാനീയം ദിവസവും കഴിക്കുന്നത് അത്രയ്ക്ക് നല്ലതാണോ പരിശോധിക്കുന്നു
വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം, ഏത്തപ്പഴം എന്നൊക്കെ വിളിക്കപ്പെടുന്ന ബനാന. ഒരു വാഴപ്പഴത്തിൽ ഏകദേശം 358 മില്ലിഗ്രാം പൊട്ടാഷ്യം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ഏറെ ആവശ്യവും ആണ്.
നാരുകളാലും സമ്പുഷ്ടമാണ് വാഴപ്പഴം. വാഴപ്പഴം പോലെ തന്നെ പലരുടേയും ദൈനംദിന ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ് പാൽ. എല്ലുകളും പേശികളും ശക്തിപ്പെടുത്താൻ സഹായിക്കുന്ന കാൽസ്യം, പ്രോട്ടീനുകൾ എന്നിവയാൽ സമ്പന്നമാണ് പാൽ. ഏറ്റവും ചുരുങ്ങിയ ചെലവിൽ ലഭ്യമായ ഒരു സമീകൃതാഹാരം കൂടിയാണ് പാൽ.
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന പാനീയമാണ് ബനാന ഷേക്ക് . ലഘു ഭക്ഷണ സമയത്തും പ്രാതൽ കഴിക്കുമ്പോഴും ഇത് പലരും ആഹാരത്തിൽ ഉൾപ്പെടുത്താറുണ്ട്. വാഴപ്പഴവും പാലും ചേർത്തുണ്ടാക്കുന്ന ഈ പാനീയം
ദിവസവും കഴിക്കുന്നത് അത്രയ്ക്ക് നല്ലതാണോ എന്ന സംശയം ചിലരെങ്കിലും ഉന്നയിക്കാറുണ്ട്. അതിന്റെ സത്യാവസ്ഥ പരിശോധിക്കാം...
ശരീര ഭാരം കൂട്ടാം, പക്ഷേ...
കാർബോഹൈഡ്രേറ്റും അതിനനുസരിച്ച് കലോറിയും അടങ്ങിയിട്ടുള്ള ഭക്ഷണ പദാർത്ഥമാണ് വാഴപ്പഴം . ദിവസം രണ്ടോ മൂന്നോ എണ്ണം കഴിക്കുകയാണെങ്കിൽ 350 കലോറി ഊർജം വരെ നമുക്ക് ലഭിക്കും. ഇത് ശരീര ഭാരം കൂട്ടാൻ ഉതകുന്നതാണ്. വാഴപ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഉയർന്ന അളവിളുള്ള പഞ്ചസാരയും ശരീര ഭാരം വർദ്ധിപ്പിക്കാൻ കാരണമാണ്. പാൽ ചേർത്ത് മിൽക്ക് ഷേക്കിൻറെ രൂപത്തിൽ കഴിക്കുകയാണെങ്കിൽ ഇത് ഇടുപ്പിന്റെ വണ്ണം കൂടുന്നതിനും കാരണമാകും.
രക്തത്തിലെ പഞ്ചസാര
വാഴപ്പഴമോ മിൽക്ക് ഷേയ്ക്കോ കഴിക്കുകയാണെങ്കിൽ അളവ് കുറച്ച് കഴിക്കുന്നത് നല്ലതാണ്. കാരണം രക്തത്തിലെ പഞ്ചസാരയുടെ അളവ് കൃത്യമായി നിലനിർത്തേണ്ടത് അത്യാവശ്യമാണ്. വാഴപ്പഴം കൂടുതലായ് കഴിക്കണം എന്നുണ്ടെങ്കിൽ അന്നജത്തിന്റെ അളവ് കുറഞ്ഞ അധികം പഴുക്കാത്തത് തിരഞ്ഞെടുക്കുക.
മലബന്ധം അനുഭവപ്പെടാം
വാഴപ്പഴത്തിൽ ഗണ്യമായ അളവിൽ ടാനിക്ക് ആസിഡ് അടങ്ങിയിട്ടിണ്ട്. ഇത് കടുത്ത മല ബന്ധത്തിന് കാരണമാകുന്നു. ദിവസേന വാഴപ്പഴം കഴിച്ചാൽ മലബന്ധം പോലെയുള്ള പ്രശ്നങ്ങൾ വിട്ടുമാറില്ല . അതിനാൽ വാഴപ്പഴമായോ മിൽക്ക് ഷേക്കോ ആയോ കഴിക്കുന്നതിൻറെ അളവ് കുറയ്ക്കുന്നതാണ് ഉത്തമം.
മൈഗ്രൈൻ ഉണ്ടാകുന്നു
മൈഗ്രൈൻ പലരിലും കാണപ്പെടുന്ന ഒരു പ്രശ്നമാണ്. ഇതിന് ചില ജനിതകവും പാരിസ്ഥിതികവുമായ കാരണങ്ങളുമുണ്ട്. വാഴപ്പഴത്തിൽ അടങ്ങിയിരുക്കുന്ന ടൈറമൈൻ എന്ന അമിനോ ആസിഡ് മൈഗ്രൈയിന് കാരണമാകാറുണ്ട്. ആസ്ത്മ പോലെയുള്ള അലർജി രോഗമുള്ളവർക്ക് ഒരിക്കലും ഈ ഭക്ഷണം ഗുണം ചെയ്യില്ല. ശ്വാസം മുട്ട് പോലെയുള്ള അസ്വസ്ഥതകളും ഉണ്ടായേക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...