Toilet Habit: കക്കൂസില്‍ 10 മിനിട്ടില്‍ കൂടുതല്‍ ചെലവഴിക്കാറുണ്ടോ? ശ്രദ്ധിക്കണം... വെറുതേ പറയുന്നതല്ല, ഈ കാര്യങ്ങള്‍ അറിയണം
Spending more time in the Toilet: ടോയ്ലെറ്റിലേക്ക് മൊബൈൽ ഫോൺ കൂടി കൊണ്ടുപോകുമ്പോൾ ആയിരിക്കും പലരും കൂടുതൽ സമയം അവിടെ ചെലവഴിക്കുന്നത്. ഇതും പ്രശ്നമാണ്.
എവിടെ പോകുമ്പോഴും മൊബൈല്‍ ഫോണ്‍ കൂടെ കൊണ്ടുപോവുക എന്നത് ഇന്ന് മിക്കവരുടേയും ഒരു ശീലത്തിന്റെ ഭാഗമാണ്. അതിപ്പോള്‍ മരണവീട്ടില്‍ ആണെങ്കിലും കക്കൂസില്‍ ആണെങ്കിലും മൊബൈല്‍ നോക്കാതെ ഇരിക്കാന്‍ ആവില്ല എന്ന സ്ഥിതിയായിട്ടുണ്ട്. മനുഷ്യന്റെ ടോയ്ലറ്റ് ശീലങ്ങളില്‍ അവസാനമായി കടന്നുവന്നിട്ടുള്ള ഒരു സംഗതിയായിക്കൂടി ഈ മൊബൈല്‍ ഫോണ്‍ ഉപയോഗത്തെ വിശേഷിപ്പിക്കാവുന്നതാണ്.
ടോയ്ലറ്റില് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് പല കാരണങ്ങളുണ്ട്. മറ്റാരും ഇല്ലാതെയുള്ള 'സ്വന്തം സമയം' എന്ന രീതിയില്‍ ആണ് മിക്കവരും ഈ ശീലം സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് സംഭവിക്കുന്നത് എന്താണ്? നിങ്ങള്‍ ടോയ്ലറ്റില് ചെലവഴിക്കുന്ന സമയം കുത്തനെ ഉയരും. കാര്യം സാധിച്ചാല്‍ പോലും ടോയ്ലറ്റില് നിന്ന് പുറത്തുവരാന്‍ സമയമെടുക്കും.
യഥാര്‍ത്ഥത്തില്‍ ഇതൊരു ആഗോളപ്രശ്നമാണ്. അടുത്തിടെ നടന്ന ഒരു സര്‍വ്വേയുടെ കണ്ടെത്തല്‍, 73 ശതമാനത്തോളം ആളുകള്‍ ടോയ്ലറ്റില് പോകുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നു എന്നാണ് (സര്‍വ്വേയില്‍ പങ്കെടുത്തവരുടെ പ്രതികരണങ്ങളുടെ കണക്കാണിത്). 18 നും 29 നും ഇടയില്‍ പ്രായമുള്ളവരില്‍ 93 ശതമാനം പേര്‍ക്കും ഈ ശീലമുണ്ട് എന്നും സര്‍വ്വേ പറയുന്നു. എന്തായാലും ടോയ്ലറ്റില് ഒരുപാട് സമയം ചെലവഴിക്കുന്നുണ്ട് എങ്കില്‍ അത് അത്ര നല്ലതല്ല. അതിപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ആകണം എന്നുമില്ല.
1. മൂലക്കുരുവിന് കാരണമാകാം
പത്ത് മിനിട്ടിന് മുകളിലാണ് നിങ്ങള്‍ ടോയ്ലറ്റില് പോകുന്ന സമയം എങ്കില്‍ അത് വലിയ ആരോഗ്യ പ്രശ്നത്തിലേക്ക് നയിച്ചേക്കാം. ടോയ്ലറ്റ് സീറ്റില്‍ കൂടുതല്‍ നേരം ഇരിക്കുന്നത് മൂലക്കുരു പോലെയുള്ള അസുഖങ്ങള്‍ക്ക് കാരണമാകാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ല എന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇനി നിങ്ങള്‍ക്ക് കൂടുതല്‍ നേരം ടോയ്ലറ്റില് ചെലവഴിക്കണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍, ഇടയ്ക്ക് ചെറിയൊരു ഇടവേള എടുക്കുകയും അല്പനേരം എഴുന്നേറ്റ് നില്‍ക്കുകയും ചെയ്യുന്നതാണ് ഉത്തമം.
2. യൂറിനറി ഇന്ഫെക്ഷന്
അണുബാധയ്ക്ക് ഏറ്റവും സാധ്യതയുള്ള ഇടമാണ് ടോയ്ലറ്റുകള് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. അങ്ങനെയുള്ള ഒരു സ്ഥലത്ത് കൂടുതല്‍ സമയം ചെലവഴിക്കുന്നത് എന്തായാലും ഗുണകരമല്ല. ടോയ്ലറ്റ് സീറ്റില്‍ കൂടുതല്‍ നേരം ഇരിക്കുമ്പോള്‍ മൂത്രദ്വാരത്തില് അണുബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത് പിന്നീട് യൂറിനറി ഇന്ഫെക്ഷന് ആയി മാറുകയും വലിയ ആരോഗ്യ പ്രശ്നമാവുകയും ചെയ്തേക്കാം. അടുത്ത തവണ ടോയ്ലറ്റില് കൂടുതല്‍ സമയം ചെലവഴിക്കുമ്പോള്‍ ഇതൊന്ന് ഓര്‍ത്തുവയ്ക്കുന്നത് നല്ലതായിരിക്കും.
3. കടുത്ത പ്രശ്നങ്ങള്‍
മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതെ തന്നെ നിങ്ങള്‍ക്ക് പത്ത് മിനിട്ടില്‍ കൂടുതല്‍ ടോയ്ലറ്റില് ചെലവഴിക്കേണ്ടി വരാറുണ്ടോ? അങ്ങനെയെങ്കില്‍ വളരെ അധികം ശ്രദ്ധിക്കണം. ഇറിറ്റബിള്‍ ബൗള്‍ സിന്‍ഡ്രോം പോലുള്ള കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ ആകാം അതിന് കാരണം. അങ്ങനെയെങ്കില്‍ എത്രയും പെട്ടെന്ന് ഒരു ആരോഗ്യവിദഗ്ധനെ സന്ദര്‍ശിച്ച് വേണ്ടചികിത്സ തേടണം.
4. സമയ നഷ്ടം
നിങ്ങള്‍ ഒരു ദിവസം എത്ര തവണ ടോയ്ലറ്റില് പോകും? ഓരോരുത്തരേയും സംബന്ധിച്ച് ഇതിന്റെ എണ്ണത്തില്‍ വ്യത്യാസമുണ്ടാകും. മൊത്തം നാല് തവണ ടോയ്ലറ്റില് പോകുന്ന ഒരാളാണെങ്കില്‍ ഒരുമണിക്കൂറിനടുത്ത് സമയമാണ് ഇതിന് വേണ്ടി മാത്രം ചെലവഴിക്കേണ്ടിവരിക.
5. ജലനഷ്ടം
ഈ കാലത്ത് ലോകം ഏറ്റവും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒന്നാണ് ജലത്തിന്റെ ഉപയോഗം. കൂടുതല്‍ സമയം നിങ്ങള്‍ ടോയ്ലറ്റില് ചെലവഴിച്ചാല്‍ കൂടുതല്‍ വെള്ളവും ഉപയോഗിക്കാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വെള്ളം അമൂല്യമാണ് എന്ന കാര്യം കൂടി മനസ്സില്‍ സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...