പൊളിയാണ് ഈ പഴങ്കഞ്ഞി... അതെന്താണന്നല്ലേ?
ആവശ്യമുളളത്ര ഭക്ഷണം ഇവിടുന്ന് വയറുനിറയെ കിട്ടും. പിന്നെ മൺചട്ടിയിൽ കഞ്ഞികുടിക്കുന്നത് ഒരു ഓർമപുതുക്കൽ തന്നെയാണ്.
പണ്ട് കാലത്ത് എന്ത് കഴിച്ചു എന്ന ചോദ്യത്തിന് മിക്കവാറും കേട്ടുകൊണ്ടിരുന്ന ഒരു ഉത്തരമാണ് പഴങ്കഞ്ഞി. മറ്റ് നിവൃത്തി ഇല്ലാത്തത് കൊണ്ട് മാത്രം കഴിക്കുന്നതല്ല കേട്ടോ ഈ സാധനം. അൽപം തൈരും ഉണക്ക മുളകും ഉപ്പും ഒക്കെ കൂടി ചേർത്ത് ഒരു പിടി പിടിച്ചാൽ പിന്നെ വേറൊന്നും വേണ്ട... ഇത് വായിക്കുമ്പോൾ നിങ്ങൾക്ക് ഈ പഴങ്കഞ്ഞി കുടിക്കണമെന്ന് തോന്നുന്നുണ്ടെങ്കിൽ തിരുവനന്തപുരത്തുള്ള കിളളിപ്പാലത്തേക്ക് പോയാൽ മതി.
പഴങ്കഞ്ഞിയും മീനുമാണ് ഇവിടുത്തെ താരം. എപ്പോഴും ഇവിടെ നല്ല തിരക്കാണ്. വെറും 80 രൂപയുണ്ടെങ്കിൽ വയറുനിറയെ പഴങ്കഞ്ഞിയും കപ്പയും മീനും പിന്നെ ഇവിടുത്തെ സ്പെഷ്യൽ മട്ടൻ തോരനും കഴിക്കാം. ഏതാണ്ട് 5 വർഷം മുമ്പാണ് ഇവിടെ പഴങ്കഞ്ഞിക്കട തുടങ്ങിയത്. രാവിലെ ഒൻപത് മുതൽ വൈകീട്ട് നാലരവരെ ഇവിടെ കഞ്ഞി സുലഭം. പാഴ്സൽ സർവ്വീസും ഉണ്ട്. ഇവിടെ കഞ്ഞി തരുന്നത് മൺചട്ടിയിലാണ്. വെറും കഞ്ഞിയല്ല തലേദിവസം തൈരിൽ ഉടൻകൊല്ലി മുളകും ചെറിയ ഉളളിയും മുറിച്ച് ചതച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് വയ്ക്കുന്നതാണ് ഈ കഞ്ഞി.
എങ്ങനെയാണ് കഞ്ഞികുടിക്കുക എന്നല്ലേ
തൈരും ഉടൻകൊല്ലി മുളകും ഉളളിയും ഞെരുടി കപ്പയും മീൻ കറിവച്ചതും ഒരുകഷണം പൊരിച്ചതും കൂട്ടി കഞ്ഞികുടിക്കാം. കുടിച്ചവർ ഒരിക്കലും ആ രുചി മറക്കില്ല എന്നാണ് പറയുന്നത്. ഇവിടുത്തെ പഴങ്കഞ്ഞിക്കടയുടെ വിജയത്തിന്റെ രഹസ്യവും ഇതുതന്നെയാണ്. ആവശ്യമുളളത്ര ഭക്ഷണം ഇവിടുന്ന് വയറുനിറയെ കിട്ടും. പിന്നെ മൺചട്ടിയിൽ കഞ്ഞികുടിക്കുന്നത് ഒരു ഓർമപുതുക്കൽ തന്നെയാണ്. തിരുവനന്തപുരത്തിന്റെ പ്രധാന ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഇവിടം ഭക്ഷണപ്രിയരുടെ പ്രധാന ഇടമാണ്.
സ്വാദിൽ മാത്രമല്ല ഇന്നത്തെ ജീവിത ശൈലി രോഗങ്ങളിൽ നിന്നു രക്ഷനേടാനുള്ള ഒരു ഉത്തമ ഭക്ഷണം കൂടിയാണ് പഴങ്കഞ്ഞി. ഒരു ദിവസത്തേക്കു മുഴുവൻ ശരീരത്തിനു വേണ്ട ഉന്മേഷവും കുളിർമയും പഴങ്കഞ്ഞി കഴിക്കൂന്നതിലൂടെ നമുക്ക് കിട്ടും. ഒരുപാട് സമയം ചോറ് വെള്ളത്തിൽ കിടക്കുന്നതിനാൽ അതിലടങ്ങിയിരിക്കുന്ന അയേൺ, പൊട്ടാസ്യം എന്നിവയുടെ അളവ് ഇരട്ടിയായി വർധിക്കുന്നു.