Apple Cider Vinegar: ആപ്പിൾ സിഡെർ വിനെഗർ ശരീരഭാരം കുറയ്ക്കുമോ? വാസ്തവവും, മിഥ്യാധാരണകളും അറിയാം
ഏതൊരു കാര്യവും അമിതമായാൽ അത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും. ആപ്പിൾ സിഡെർ വിനെഗർ അമിതമായി കുടിക്കുന്നത് നല്ലതല്ല.
ആപ്പിൾ സിഡെർ വിനെഗർ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കുകയും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിലും ആപ്പിൾ സിഡെർ വിനെഗർ നല്ലതാണെന്ന് ചില ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ദിവസവും ആപ്പിൾ സിഡെർ വിനിഗർ കുടിക്കുന്നത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നുവെന്ന് പറയുന്നവരുമുണ്ട്. ഇത്തരത്തിൽ ആപ്പിൾ സിഡെർ വിനിഗറിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ധാരാളം മിഥ്യാധാരണകൾ നിലവിലുണ്ട് എന്നതാണ് സത്യം. തെളിയിക്കപ്പെട്ട ഗുണങ്ങൾ അതിന്റെ തനതായ ഗുണങ്ങൾ കൊണ്ടാണോ അതോ മറ്റ് വിനാഗിരികളിലും അടങ്ങിയിരിക്കുന്ന അസറ്റിക് ആസിഡ് കൊണ്ടാണോ എന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. അത്തരത്തിൽ ചില മിഥ്യാധാരണകളെ കുറിച്ചറിയാം...
ആപ്പിൾ സിഡെർ വിനെഗർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
ഭക്ഷണത്തിന് മുമ്പ് ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് വിശപ്പ് കുറയ്ക്കുമെന്നും തടി കുറയ്ക്കാൻ സഹായിക്കുമെന്നും പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ ഇത് തെളിയിക്കാൻ മതിയായ ശാസ്ത്രീയ തെളിവുകളില്ല. ശരീരഭാരം കുറയ്ക്കാൻ എളുപ്പവഴിയൊന്നുമില്ലെന്നും ആരോഗ്യകരമായ ഭക്ഷണം കഴിക്കാതെയും കൂടുതൽ വ്യായാമം ചെയ്യാതെയും പെട്ടെന്ന് വണ്ണം കുറയ്ക്കാം എന്നുള്ളത് വെറും മിഥ്യാധാരണ മാത്രമാണ്. ആപ്പിൾ സിഡെർ വിനിഗർ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അതിനെ മാത്രം ആശ്രയിക്കുന്നത് ശരിയായ കാര്യമല്ല എന്നാണ് മിക്ക ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്.
പ്രമേഹം തടയും
ആപ്പിൾ സിഡെർ വിനെഗർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ടൈപ്പ് 2 ഡയബറ്റിസ് ഉള്ള വ്യക്തികൾക്ക്, പ്ലാസിബോ ഗ്രൂപ്പിൽ ഉള്ളവരെ അപേക്ഷിച്ച് അഞ്ച് മണിക്കൂർ വരെ രക്തത്തിലെ ഗ്ലൂക്കോസ്, ട്രൈഗ്ലിസറൈഡുകൾ, ഇൻസുലിൻ എന്നിവയുടെ അളവ് അല്പം കുറവാണെന്ന് പഠനങ്ങൾ കാണിക്കുന്നു. എന്നാൽ ഇത് പ്രമേഹത്തിനുള്ള മരുന്ന് എന്ന രീതിയിൽ ആരും ഉപയോഗിക്കരുതെന്നാണ് വിദഗ്ധർ അബിപ്രായപ്പെടുന്നത്. കാരണം ഇതിന്റെ ഫലം ഒരു ചെറിയ സമയത്തേക്ക് മാത്രമെ നിലനിൽക്കൂ. ദീർഘകാലാടിസ്ഥാനത്തിൽ ഇതിന് ഗുണങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഗവേഷണങ്ങൾ നടക്കുകയാണ്.
ഉയർന്ന കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ഇത് കുടിക്കുന്നത് ഗുണം ചെയ്യും. കാരണം ഇതിന് ദഹന ഗുണങ്ങളുണ്ട്. അസറ്റിക് ആസിഡ് വെള്ളത്തിൽ കലർത്തി കുടിക്കുമ്പോൾ അത് നല്ല കുടൽ ബാക്ടീരിയയുടെ അളവ് മെച്ചപ്പെടുത്തുന്നുവെന്ന് ഗവേഷകർ കണ്ടെത്തി. അസറ്റിക് ആസിഡ് ആന്റി ബാക്ടീരിയൽ, ആന്റി ഫംഗൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ്.
കൊളസ്ട്രോൾ കുറയ്ക്കും
ആപ്പിൾ സിഡെർ വിനെഗറിന് മൊത്തം കൊളസ്ട്രോൾ, എൽഡിഎൽ (ലോ ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ), ചീത്ത കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കാൻ കഴിയുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും അതിന്റെ ഫലപ്രാപ്തിയും മറ്റും കണ്ടെത്തി കൂടുതൽ ഗവേഷണം ആവശ്യമാണ്.
Also Read: Diabetes Easy Remedy: പ്രമേഹത്തെ ചെറുക്കും ഇഞ്ചി; എങ്ങനെയെന്ന് അറിയാം
പാർശ്വഫലങ്ങൾ ഒന്നുമില്ല
ആപ്പിൾ സിഡെർ വിനിഗറിലെ ഉയർന്ന അസിഡിറ്റി കാരണം അത് കഴിക്കുന്നത് തൊണ്ടയെയും ആമാശയത്തെയും ബന്ധിപ്പിക്കുന്ന അന്നനാളത്തിൽ പ്രകോപനം ഉണ്ടാക്കാം. കൂടാതെ, ഇത് പല്ലിന്റെ ഇനാമലിനെ നശിപ്പിക്കും. ഇത്തരം പ്രശ്‌നങ്ങൾ തടയുന്നതിന്, ആപ്പിൾ സിഡെർ വിനെഗർ വെള്ളത്തിൽ ലയിപ്പിച്ച ശേഷം പല്ലുകളുടെ സംരക്ഷണതതിനായി ഒരു സ്‌ട്രോ ഉപയോഗിക്കുന്നതാണ് നല്ലതാണ്. ആപ്പിൾ സിഡെർ വിനെഗർ കഴിക്കുന്നത് ചില വ്യക്തികളിൽ ദഹനക്കേടിനോ ഓക്കാനത്തിനോ കാരണമാകും. വെറും വയറ്റിൽ ഇത് കുടിക്കാതിരിക്കുക. ഇത് കുടിച്ച ശേഷം അസ്വസ്ഥതകൾ ഉണ്ടായാൽ ഉപയോഗം നിർത്തുക. അമിതമായി ആപ്പിൾ സിഡർ വിനിഗർ കുടിക്കുന്നത് ദോഷകരമാണ്.
കാൻസർ ചികിത്സയിൽ സഹായിക്കും
കാൻസർ ചികിത്സയ്ക്ക് ആപ്പിൾ സിഡെർ വിനിഗർ സഹായിക്കും എന്ന് ചില പഠനങ്ങൾ പറയുന്നുണ്ടെങ്കിലും അതിന് നിലവിൽ മതിയായ തെളിവുകളില്ല. ഇത്തരം ചികിത്സാ രീതികൾ പിന്തുടരും മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടുക. സ്റ്റാൻഡേർഡ് ക്യാൻസർ തെറാപ്പിക്ക് പകരമായി ആപ്പിൾ സിഡെർ വിനെഗർ ഒരിക്കലും ഉപയോഗിക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...