World Obesity Day 2023: ശരീരത്തിലെ ഉയർന്ന കൊഴുപ്പിന്റെ അളവ് എളുപ്പത്തിൽ എങ്ങനെ കുറയ്ക്കാമെന്നറിയാം
Reduce Body Fat: എല്ലാ വർഷവും മാർച്ച് നാലിന് വേൾഡ് ഒബിസിറ്റി ഡേ ആയി ആചരിക്കുന്നത് അമിതവണ്ണത്തിന്റെയും പൊണ്ണത്തടിയുടെയും അപകടസാധ്യതകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ്.
ഭക്ഷണക്രമത്തിലെ മാറ്റങ്ങളും ആളുകളുടെ ജീവിതരീതിയും പ്രായഭേദമന്യേ ലോകമെമ്പാടും ഗണ്യമായി മാറിയിരിക്കുന്നു. മാറിയ ജീവിതശൈലിയും ഭക്ഷണശീലങ്ങളും അമിതവണ്ണത്തിനും പൊണ്ണത്തടിക്കും കാരണമാകുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ശാരീരിക പ്രവർത്തനങ്ങൾ കുറയുക, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ ലഭ്യത എന്നിവ അമിതവണ്ണത്തിനുള്ള സാധ്യത വർധിപ്പിക്കുന്നു. എല്ലാ വർഷവും മാർച്ച് നാലിന് വേൾഡ് ഒബിസിറ്റി ഡേ ആയി ആചരിക്കുന്നത് അമിതവണ്ണത്തിന്റെയും പൊണ്ണത്തടിയുടെയും അപകടസാധ്യതകളെക്കുറിച്ചും അത് തടയുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും അവബോധം സൃഷ്ടിക്കുന്നതിനായാണ്.
പൊണ്ണത്തടിയിലേക്ക് നയിക്കുന്ന കാര്യങ്ങൾ എന്തൊക്കെ?
നിലവിൽ നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ് പൊണ്ണത്തടി. ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം അനുസരിച്ചാണ് പൊണ്ണത്തടി നിർവചിക്കുന്നത്. ബോഡി മാസ് ഇൻഡക്സ് (ബിഎംഐ) 30 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ പൊണ്ണത്തടിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.
അമിതവണ്ണത്തിലേക്ക് നയിക്കുന്ന കാരണങ്ങളിൽ പ്രധാനപ്പെട്ടത് ഉദാസീനമായ ജീവിതശൈലിയാണ്. ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗം, ശാരീരിക പ്രവർത്തനങ്ങൾ കുറയുന്നത് എന്നിവ ആളുകളിൽ പൊണ്ണത്തടി വർധിപ്പിക്കുന്നു. അമിതഭാരവും പൊണ്ണത്തടിയും ഹൈപ്പർടെൻഷൻ, ഹൃദ്രോഗസാധ്യത, പ്രമേഹം മുതലായ വിട്ടുമാറാത്ത ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കും.
പൊണ്ണത്തടി കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ
ആരോഗ്യകരമായ ഭക്ഷണക്രമം: ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണക്രമം ആരോഗ്യകരമായ ജീവിതശൈലിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്. പഴങ്ങൾ, നാരുകൾ, പച്ചക്കറികൾ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി കഴിക്കുന്നത് പൊണ്ണത്തടി തടയാൻ സഹായിക്കും.
സംസ്‌കരിച്ച ഭക്ഷണം പരിമിതപ്പെടുത്തുക: പായ്ക്ക് ചെയ്തതോ സംസ്കരിച്ചതോ ആയ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം. കൃത്രിമ മധുരം ചേർത്ത പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഒഴിവാക്കുന്നതും അമിതവണ്ണവും പൊണ്ണത്തടിയും കുറയ്ക്കാൻ സഹായിക്കും.
വ്യായാമം: പതിവായി വ്യായാമത്തിൽ ഏർപ്പെടുന്നത് ശരീരത്തിന് ആരോഗ്യകരമായ നിരവധി ഗുണങ്ങൾ നൽകും. കൂടാതെ, മെറ്റബോളിസം മികച്ചതായി നിലനിർത്താൻ സഹായിക്കും. മുതിർന്ന ആളുകൾ ദിവസവും ചുരുങ്ങിയത് 60 മിനിറ്റെങ്കിലും വ്യായാമം ചെയ്യണം. പതിവായി വ്യായാമം ചെയ്യുന്നത് പൊണ്ണത്തടിയെ ചെറുക്കുന്നു.
സമ്മർദ്ദം നിയന്ത്രിക്കുക: സമ്മർദ്ദം അമിതമായി ഭക്ഷണങ്ങൾ കഴിക്കുന്നതിനും ജങ്ക് ഫുഡുകൾ കഴിക്കുന്നതിനും പ്രേരകമാകും. അതിനാൽ, യോഗ, ധ്യാനം തുടങ്ങിയ സമ്മർദ്ദം കുറയ്ക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് അമിതമായി ഭക്ഷണം കഴിക്കാതിരിക്കാൻ സഹായിക്കും. ഇതുവഴി പൊണ്ണത്തടിക്കുള്ള സാധ്യത കുറയ്ക്കാം.
നല്ല ഉറക്കം ശീലമാക്കുക ശരീരത്തിൽ ജലാംശം നിലനിർത്തുക: ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നതിനാൽ വെള്ളം ധാരാളമായി കുടിക്കണം. വെള്ളം കുടിക്കുന്നത് വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇതുകൂടാതെ, നല്ല ഉറക്കം പ്രധാനമാണ്. മുതിർന്ന ആളുകൾക്ക് കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കാൻ നിർദ്ദേശിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...