ലോക ആസ്ത്മദിനം 2016: ജീവിതശൈലിയെ മാറ്റു, ആസ്ത്മയെ നേരിടു
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്ത് 300 കോടിയിലേറെ ആളുകള്‍ക്ക് അസ്ത്മയുണ്ട്. അതില്‍ 10 ശതമാനം ഇന്ത്യയിലാണ്. ആസ്ത്മ സൊസൈറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഇന്ത്യന്‍ ജനസംഖ്യയില്‍ 25 ശതമാനംപേര്‍ക്ക് അലര്‍ജിയുണ്ട്. അതില്‍ തന്നെ 5 ശതമാനംപേര്‍ ആസ്ത്മ ബാധിച്ചവരാണ്.ആസ്ത്മയും ഒരുതരം അലര്‍ജി തന്നെയാണ്.ആസ്ത്മാജന്യമായ വസ്തുക്കളുമായി ഇടപഴകുമ്പോള്‍ ശ്വാസനാളിയുടെ ചുറ്റുമുള്ള പേശികള്‍ മുറുകുകയും ഉള്ളില്‍ നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യുന്നു. ഇതു കാരണം ശ്വാസനാളികള്‍ ചെറുതാവുകയും സാധാരണ രീതിയിലുള്ള വായു സഞ്ചാരത്തില്‍ മാറ്റമുണ്ടാവുകയും ആസ്ത്മയുടെ തുടക്കത്തിന് കാരണമാവുകയും ചെയ്യുന്നു.
ആസ്ത്മയുടെ രോഗ ലക്ഷണങ്ങള്‍
*ശ്വാസതടസ്സം
*ചുമ, കൂടുതലും രാത്രികാലങ്ങളില്‍
*നെഞ്ചില്‍ പിടുത്തം
*നെഞ്ചു വേദന, ശ്വസിക്കാന്‍ പ്രയാസം
*മൂക്കടപ്പ്
*പനിയുടെയോ, അലര്‍ജിയുടെയോ ലക്ഷണങ്ങള്‍
*ഉറക്കമില്ലായ്മ
ആസ്ത്മ ഒഴിവാക്കാന്‍ പറ്റില്ലെങ്കിലും തടയുവാന്‍ സാധിക്കുന്നതാണ്. ഇതാ ചില വഴികള്‍
*ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളാണ് അലര്‍ജനുകള്‍. പൊടി, പുക ഇവയാണ് പ്രധാനവില്ലന്മാര്‍
*തണുപ്പ് അല്ലെങ്കില്‍ വരണ്ട കാലത്ത് ആസ്ത്മയുള്ളവര്‍ മുഖംമൂടി ധരിക്കുന്നത് നല്ലതാണ്.
*കൊക്രെയ്ന്‍ റിവ്യൂ എന്ന അന്താരാഷ്ട്ര ആരോഗ്യ സംരക്ഷണ സംഘടനയുടെ പുതിയ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ആസ്ത്മയുള്ളവര്‍ 'യോഗ' ചെയ്യുന്നത് വളരെ നല്ലതാണ് കാരണം യോഗ വഴി ശ്വസനം എളുപ്പമാകും.
*എപ്പോഴും ആരോഗ്യവാനായി ഇരിക്കുവാന്‍ ശ്രദ്ധിക്കുക. അമിതവണ്ണം ആസ്തമപ്പോലുള്ള രോഗങ്ങളെ ക്ഷണിച്ചു വരുത്തും.
*ആസ്ത്മയുള്ളവര്‍ മാനസിക സമ്മര്‍ദം ഒഴിവാക്കാന്‍ ശ്രമിക്കുക.
*പഴങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക.എരിവ്, പുളി,കൃത്രിമ നിറം, കൃത്രിമ മധുരം, പ്രിസര്‍വേറ്റീവ്സ് കൂടൂതലുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
*കൃത്യമായ ചികിത്സ തേടുക
ജനങ്ങള്‍ക്ക് ആസ്തമയെ പറ്റി കൂടുതല്‍ അറിയുവാനും കൃത്യ സമയത്ത് ചികിത്സാ തേടാനും വേണ്ടി ലോകാരോഗ്യ സംഘടനയുടെ പിന്തുണയോടെ, ഗ്ലോബല്‍ ഇനിഷ്യേറ്റീവ് ഫോര്‍ ആസ്തമ (GINA) എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍, എല്ലാവര്‍ഷവും മെയ് മാസത്തില്‍ ആദ്യ ചൊവ്വാഴ്ച 'ലോക ആസ്ത്മദിന'മായി ആചരിക്കുന്നു.