ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഔറിയയില്‍ തീവണ്ടി പാളം തെറ്റി 74 പേര്‍ക്ക് പരിക്ക്.  കഫിയാത്ത് എക്‌സ്പ്രസ്സ് ആണ് അപകടത്തില്‍ പെട്ടത്.  ഇന്നു പുലര്‍ച്ചെ 2.50നാണ് അപകടമുണ്ടായത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ഡമ്പറുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് തീവണ്ടിയുടെ 10 ബോഗികളും എന്‍ജിനുമാണ് പാളം തെറ്റിയത്.  രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. നാലുപേര്‍ ഗുരുതരാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ടുണ്ട്. ഇതുവരെ മരണമൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്ന് റയില്‍വേ വക്താവ് അനില്‍ സക്‌സേന അറിയിച്ചു.  അസംഗഡില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ട്രെയിനായിരുന്നു.  എത്വയ്ക്കും കാണ്‍പൂരിനും ഇടയില്‍ വെച്ചായിരുന്നു അപകടം. എഞ്ചിന്‍, പവര്‍ കാര്‍, നാല് ജനറല്‍ കോച്ചുകള്‍-ബി-2-എച്ച്1-എ2-എ1-എസ്10 എന്നിവയാണ് പാളം തെറ്റിയത്.


കഴിഞ്ഞ ശനിയാഴ്ചയാണ് യുപിയിലെ മുസാഫിര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയത്. അപകടത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 156 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ട്രെയിനിന്‍റെ 14 കോച്ചുകളാണ് അന്ന് പാളം തെറ്റിയത്. ഒരു വര്‍ഷത്തിനിടെ ഇത് ആറാമത്തെ ട്രെയിന്‍ അപകടമാണ് യുപിയില്‍ ഉണ്ടായിട്ടുള്ളത്. ഇതില്‍ രണ്ടെണ്ണം അട്ടിമറിയാണെന്ന് കണ്ടെത്തിയിരുന്നു.