Chinese Troops | ഓഗസ്റ്റിൽ നൂറോളം ചൈനീസ് സൈനികർ ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖ മറികടന്നതായി റിപ്പോർട്ട്
ഉത്തരാഖണ്ഡിലെ ബരാഹോട്ടി മേഖലയിൽ, നന്ദാദേവി ബയോസ്ഫിയർ റിസർവിന് വടക്ക്, ചൈനീസ് സേന കടന്നുകയറിയതായാണ് റിപ്പോർട്ട്.
ന്യൂഡൽഹി: ചൈനീസ് ആർമിയുടെ (People's Liberation Army) നൂറോളം സൈനികർ ഉത്തരാഖണ്ഡിൽ യഥാർത്ഥ നിയന്ത്രണ രേഖ കടന്ന് ഇന്ത്യൻ അതിർത്തിയിൽ പ്രവേശിച്ചതായി റിപ്പോർട്ട്. ഉത്തരാഖണ്ഡിലെ ബരാഹോട്ടി മേഖലയിൽ, നന്ദാദേവി ബയോസ്ഫിയർ റിസർവിന് വടക്ക്, ചൈനീസ് സേന കടന്നുകയറിയതായാണ് റിപ്പോർട്ട്.
ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ 100 സൈനികർ കഴിഞ്ഞ മാസം ഇന്ത്യൻ അതിർത്തിയുടെ അഞ്ച് കിലോമീറ്റർ ഉള്ളിലേക്ക് കടന്നുവെന്ന് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഓഗസ്റ്റ് മുപ്പതിനാണ് കടന്നുകയറ്റം ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്തോ-ടിബറ്റൻ ബോർഡർ പോലീസ് (ഐടിബിപി) കാവൽ നിൽക്കുന്ന പ്രദേശത്ത് ഏതാനും മണിക്കൂറുകൾ ചിലവഴിച്ച ശേഷം ചൈനീസ് സൈന്യം തിരിച്ചുപോയതായി പിടിഐ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഇന്ത്യൻ സൈന്യം പ്രദേശത്ത് പട്രോളിങ് നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ചൈനീസ് കടന്നുകയറ്റത്തെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഉണ്ടായിട്ടില്ല. കിഴക്കൻ ലഡാക്കിലെ പല പ്രദേശങ്ങളിലും ഇന്ത്യൻ-ചൈനീസ് സൈന്യം ഏറ്റുമുട്ടൽ തുടരുന്നതിനിടയിലാണ് സംഭവം. എൽഎസിയെക്കുറിച്ച് (Line of Actual Control) ഇരുവശത്തുമുള്ള വ്യത്യസ്ത ധാരണകൾ കാരണം ബരാഹോട്ടിയിൽ ഇരു സൈന്യങ്ങളുടെ ഭാഗത്ത് നിന്നും കടന്നുകയറ്റങ്ങൾ ഉണ്ടാകാറുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ പ്രദേശങ്ങളിൽ സൈനികർക്കായി ഒരുക്കുന്ന അടിസ്ഥാന സൗകര്യങ്ങളും ചൈന വർധിപ്പിച്ചിട്ടുണ്ട്.
കിഴക്കൻ ലഡാക്കിലെ സംഘർഷത്തെത്തുടർന്ന് ഏകദേശം 3,500 കിലോമീറ്റർ അതിർത്തി പ്രദേശത്ത് ഇന്ത്യ ശക്തമായ ജാഗ്രതയാണ് പുലർത്തുന്നത്. കഴിഞ്ഞ വർഷം മേയ് അഞ്ചിന് കിഴക്കൻ ലഡാക്കിൽ പാങ്കോങ് തടാക മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി സംഘർഷം ഉടലെടുത്തത്. പതിനായിരക്കണക്കിന് സൈനികരെയും ആയുധങ്ങളും വിന്യസിച്ച് ഇരുപക്ഷവും സാന്നിധ്യം വർധിപ്പിച്ചു.
നയതന്ത്ര ചർച്ചകളുടെ ഫലമായി ഇരുവിഭാഗവും സൈന്യത്തെ പിൻവലിക്കാൻ തീരുമാനിച്ചിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, ഇരുപക്ഷവും പാങ്കോങ് തടാകത്തിന്റെ വടക്ക്, തെക്ക് തീരങ്ങളിൽ നിന്ന് സൈന്യത്തെയും ആയുധങ്ങളും പിൻവലിക്കൽ പൂർത്തിയാക്കി. എന്നാൽ യഥാർഥ നിയന്ത്രണ രേഖയിൽ അതീവ സുരക്ഷാ പ്രാധാന്യമുള്ള പ്രദേശങ്ങളിൽ ഇരുഭാഗത്തും നിലവിൽ നിലവിൽ 50,000 മുതൽ 60,000 വരെ സൈനികരെ വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...