വെല്ലൂര്‍: തമിഴ്നാട്ടിലെ വെല്ലൂരില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 11.53 കോടി രൂപ കണ്ടെടുത്തു.  ഒരു സിമന്റ് ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ ആണ് ഇത്രയും നോട്ടുകള്‍ പിടിച്ചെടുത്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


ഡിഎംകെ പ്രവര്‍ത്തകനായ പൂഞ്ചോലൈ ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ളതാണ് ഗോഡൗണ്‍.  ഡിഎംകെ പാര്‍ട്ടി ട്രഷറര്‍ ദുരൈ മുരുഗന്റെ അടുത്ത അനുയായിയാണ് പൂഞ്ചോലൈ ശ്രീനിവാസന്‍. ദുരൈ മുരുഗന്‍റെ മകന്‍ കതിര്‍ ആനന്ദ് വെല്ലൂരില്‍ നിന്നും പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ഈ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.


കണ്ടെടുത്തതില്‍ കൂടുതലും നൂറിന്റെയും ഇരുന്നൂറിന്‍റെയും നോട്ടുകളാണ് കണ്ടെടുത്തത്. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളിലും ബാഗുകളിലുമായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്. മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കുന്നതിന് വേണ്ടി കൊണ്ടു വന്നതാകാമെന്നാണ് സൂചന.


കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമിഴ്‌നാട്ടിലുടനീളം ആദായ നികുതി വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തി വരികയായിരുന്നു. ദുരൈ മുരുഗന്‍റെ പിഎ അസ്‌കര്‍ അലി, ഡിഎംകെ പ്രവര്‍ത്തകന്‍ പെരുമാള്‍ എന്നിവരുടെ വസതിയിലും ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തി. 


കതിര്‍ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള എഞ്ചിനീയറിംഗ് കോളേജില്‍ ഇപ്പോഴും റെയ്ഡ് തുടരുകയാണ്. അതേസമയം റെയ്ഡ് എത്രയും വേഗം നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് ആനന്ദ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.