വിശാഖപട്ടണം: ഒഡീഷ-ആന്ധ്ര അതിർത്തിയിൽ 18 മാവോയിസ്റ്റുകളെ സുരക്ഷാ സേന വധിച്ചു. ഒഡീഷയിലെ മാൽക്കൻഗിരി ജില്ലയിലെ ജാന്ത്രിയില്‍ ഇന്ന്‍ പുലർച്ചെയാണ്  സുരക്ഷാ സേനയും മാവോയിസ്റ്റുകലും തമ്മില്‍ കനത്ത ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ടു പോലീസുകാര്‍ക്ക് ഗുരുതര പരിക്കേറ്റു. അതേസമയം, ഏറ്റുമുട്ടലിൽ എത്രപേർ കൊല്ലപ്പെട്ടുവെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

60 ഓളം മാവോയിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ക്യാംപിനു നേരെ ആന്ധ്രാപ്രദേശ് സ്പെഷൽ പൊലീസും ഒഡീഷ പൊലീസും ചേർന്ന് സംയുക്തമായാണ്  തിരച്ചിലും ആക്രമണവും സംഘടിപ്പിച്ചത്. മാവോയിസ്റ്റുകളുടെ യോഗം നടത്തുന്നതായി വിവരം ലഭിച്ചതിനെതുടര്‍ന്ന് ഇന്നലെ രാത്രിയോടെ തന്നെ സുരക്ഷാ സേന സ്ഥലത്തെത്തിയിരുന്നു.


ഈ യോഗത്തില്‍ പ്രമുഖ നേതാക്കളും പങ്കെടുക്കുന്ന സാഹചര്യത്തില്‍ കൊല്ലപ്പെട്ടവരില്‍ ഇവരും ഉള്‍പ്പെടാനുള്ള സാധ്യതയുണ്ടെന്ന് എസ്പി രാഹുല്‍ ദേവ് ശര്‍മ പറഞ്ഞു. കൊല്ലപ്പെട്ട മാവോയിസ്റ്റുകളെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഏറ്റുമുട്ടൽ നടന്ന പ്രദേശത്തുനിന്ന് നാല് എകെ-47 തോക്കുകളുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെടുത്തു.


2013 സപ്തംബറിൽ മാല്‍ക്കന്‍ഗിരി ജില്ലയില്‍ നടത്തിയ ഏറ്റുമുട്ടലില്‍ 13 മാവോയിസ്റ്റുകളെ പോലീസ് വധിച്ചിരുന്നു. മാവോയിസ്റ്റുകള്‍ക്ക് ശക്തമായ സ്വാധീനമുള്ള മേഖലയാണിത്.