ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം നടത്തിയ അഞ്ച് ഭീകരരില്‍ നാലുപേരെ വധിച്ചെന്നും ഒരാളെ അറസ്റ്റ് ചെയ്തെന്നും ലോക്സഭയില്‍ നടന്ന ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഡി വ്യക്തമാക്കി.


COMMERCIAL BREAK
SCROLL TO CONTINUE READING

ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും ജയ്ഷെ മുഹമ്മദാണെന്ന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ അന്വേഷണത്തില്‍ വ്യക്തമായതായും അദ്ദേഹം പറഞ്ഞു.


ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട അഞ്ച് പേരില്‍ ഒരാള്‍ സിആര്‍പിഎഫ് വാഹനത്തിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ചാവേര്‍ ആയിരുന്നു. ഇയാള്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മറ്റുള്ള മൂന്നുപേരെ സുരക്ഷാസേന ഏറ്റുമുട്ടലില്‍ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തുവെന്നും മന്ത്രി പറഞ്ഞു. 


മാത്രമല്ല പുല്‍വാമ ആക്രമണത്തില്‍ അന്വേഷണം തുടരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി 14 നാണ് പുല്‍വാമ ഭീകരാക്രമണം ഉണ്ടായത്. 


ജമ്മു കശ്മീരിലെ പുല്‍വാമ ദേശീയ പാതയില്‍ ഭീകരന്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെ ഇടിച്ചുകയറ്റുകയായിരുന്നു. 40 ജവാന്മാരാണ് ആക്രമണത്തില്‍ വീരമൃത്യു വരിച്ചത്‌.