ലഖ്നൗ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രിയും ബിഎസ്പി നേതാവുമായ മായാവതിയുടെ സഹോദരന്‍റെ പേരിലുള്ള സ്വത്തുക്കള്‍ ആദായനികുതി വകുപ്പ് കണ്ടുകെട്ടി. നോയിഡയിലുള്ള 400 കോടി രൂപ വില വരുന്ന സ്ഥലമാണ്‌ ഉദ്യോഗസ്ഥര്‍ കണ്ടുകെട്ടിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

മായാവതിയുടെ സഹോദരന്‍ ആനന്ദ് കുമാറിന്‍റെയും ഭാര്യ വിചിത്ര ലത എന്നിവര്‍ ബിനാമികളുടെ പേരുകളില്‍ സ്വന്തമാക്കിയ സ്വത്തുവകകളാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.


ആദായനികുതി വകുപ്പിന്‍റെ ഡല്‍ഹി ആസ്ഥാനമായ ബിനാമി നിരോധന യൂണിറ്റ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ജൂലൈ 16ന് ഉത്തരവിറക്കിയിരുന്നു. 1988ലെ ബിനാമി സ്വത്ത് കൈമാറ്റ നിരോധന നിയമത്തിന്‍റെ 24(3) വകുപ്പ് പ്രകാരമാണ് നടപടി. 


ഇതുപ്രകാരം ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ഏഴ് ഏക്കറോളം വരുന്ന ഭൂമിയാണ് ആദായനികുതി വകുപ്പ് കണ്ടുകെട്ടിയത്.


അനധികൃത സ്വത്തുസമ്പാദനത്തിന്‍റെ പേരില്‍ ഇരുവര്‍ക്കുമെതിരെ അന്വേഷണം നടക്കുകയായിരുന്നു. അടുത്തിടെ ആനന്ദ് കുമാറിനെ ബിഎസ്പി ദേശീയ ഉപാധ്യക്ഷനായി മായാവതി നിയമിച്ചിരുന്നു.


2014 ല്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് 1316 കോടിയുടെ ആസ്തിയാണ് ആനന്ദ് കുമാറിനുള്ളത്. ആദായനികുതി വകുപ്പിന് പുറമേ കള്ളപ്പണം വെളുപ്പിച്ചതിനും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആനന്ദ്‌ കുമാറിനെതിരെ അന്വേഷണം നടത്തുന്നുണ്ട്.