ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

അധികാരത്തര്‍ക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് പരാമാധികാരിയെന്ന് തീര്‍പ്പ് കല്‍പ്പിച്ച സുപ്രീം കോടതി വിധിയെ ജനാധിപത്യത്തിന്‍റെ വിജയമെന്ന് കേജ്‌രിവാള്‍ പറഞ്ഞു. സുപ്രീം കോടതി വിധി ജനങ്ങളുടെയും ജനാധിപത്യത്തിന്‍റെയും ഏറ്റവും വലിയ വിജയമാണെന്ന് കേജ്‌രിവാള്‍ അഭിപ്രായപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.



അതുകൂടാതെ, മുടങ്ങിക്കിടക്കുന്ന നിർണായക പദ്ധതികൾ ചർച്ച ചെയ്യാനായി ഡല്‍ഹി മുഖ്യമന്ത്രി കേജ്‌രിവാള്‍ തന്‍റെ വസതിയില്‍ വൈകുന്നേരം ക്യാബിനറ്റ് മന്ത്രിമാരുടെ യോഗ൦ വിളിച്ചിരിയ്ക്കുകയാണ്. 



ഇന്നത്തെ വിധിയില്‍ ഡല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കാനാവില്ലെന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി അധികാരത്തിന്‍റെ കാര്യത്തില്‍ ഗവര്‍ണറും ലെഫ്റ്റനൻറ് ഗവര്‍ണറും തുല്യരല്ലെന്നും ചൂണ്ടിക്കാട്ടി. 


കൂടാതെ ലെഫ്റ്റനൻറ് ഗവര്‍ണരുടെ അധികാരം പരിമിതമാണെന്നഭിപ്രായപ്പെട്ട കോടതി ഭരണപരമായ തീരുമാനങ്ങള്‍ വൈകിക്കരുതെന്ന നിര്‍ദ്ദേശവു൦ നല്‍കി. അതുകൂടാതെ മന്ത്രിസഭയുടെ തീരുമാനത്തില്‍ എതിര്‍പ്പ് ഉണ്ടെങ്കില്‍ അത് രാഷ്ട്രപതിയെ അറിയിക്കാനുള്ള അധികാരമാണ് ലെഫ്റ്റനൻറ് ഗവര്‍ണര്‍ക്കുള്ളത് എന്ന് കോടതി ചൂണ്ടിക്കാട്ടി. 


കൂടാതെ രാജ്യ തലസ്ഥാനത്ത് കേന്ദ്ര സര്‍ക്കാരും ഡല്‍ഹി സര്‍ക്കാരു൦ ഒന്നിച്ച് നീങ്ങണമെന്നും വിധി പുറപ്പെടുവിച്ച ബെഞ്ച് അഭിപ്രായപ്പെട്ടു. എല്ലാ കാര്യങ്ങളും ലഫ്റ്റനന്റ് ഗവര്‍ണര്‍ ഇടപെടേണ്ട ആവശ്യമില്ല എന്ന് ചൂണ്ടിക്കാട്ടിയ കോടതി ഡല്‍ഹി സര്‍ക്കാരിന് വലിയ ആശ്വാസമാണ് നല്‍കിയത്. 


ഡല്‍ഹിയില്‍ ചരിത്രവിജയം നേടിയാണ്‌ കെജ്‌രിവാള്‍ സര്‍ക്കാര്‍ അധികാരത്തിലേറിയത്. ഒരു പുതിയ പാര്‍ട്ടി ഇത്രയധികം ജനപ്രീതി നേടുന്നതും ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ്. ആം ആദ്മി പാര്‍ട്ടിയെ ഇരുകൈകളും നീട്ടി സ്വീകരിച്ചവരാണ് ഡല്‍ഹിയിലെ ജനങ്ങള്‍. 


അധികാരത്തിലേറി നാലു വര്‍ഷത്തോളം ലെഫ്റ്റനൻറ് ഗവര്‍ണര്‍ ഫയല്‍ മടക്കി അയയ്ക്കുന്നതോര്‍ത്ത്‌ പരിതപിച്ചിരുന്ന കെജ്‌രിവാള്‍ സര്‍ക്കാരിന് തങ്ങളുടെ പ്രവര്‍ത്തന മികവു തെളിയിക്കാന്‍ ഇനി ഏകദേശം ഒരു വര്‍ഷം കൂടി മാത്ര൦.  


ഡല്‍ഹി സര്‍ക്കാരും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ നാലുവര്‍ഷത്തോളമായി നടന്ന അധികാരത്തര്‍ക്കമാണ് ഇന്ന് സുപ്രീം കോടതിയില്‍ തീര്‍പ്പായത്.