ന്യൂഡല്‍ഹി: ആധാര്‍ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അവകാശപ്പെടാനാകില്ലെന്ന് സുപ്രീംകോടതി. ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കി. ആധാറിന്‍റെ ഭരണഘടനാ സാധുത സംബന്ധിച്ച വിധി പ്രസ്താവിച്ചുകൊണ്ടാണ് ജസ്റ്റിസ് ജെ. സിക്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഏകീകൃത തിരിച്ചറിയല്‍ കാര്‍ഡ് നല്ലതാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സവിശേഷമായ തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍ എന്നതാണ് ഇതിന്‍റെ പ്രത്യേകത. വളരെ ചെറിയ തോതിലുള്ള ബയോമെട്രിക് ഡാറ്റയും മറ്റു വിവരങ്ങളും മാത്രമാണ് ആധാറിനായി ജനങ്ങളില്‍നിന്ന് സ്വീകരിക്കുന്നുള്ളൂ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, താഴെത്തട്ടിലുള്ള സമൂഹത്തിന് വ്യക്തിത്വം നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡാണ് ആധാര്‍ എന്നും അദ്ദേഹം പറഞ്ഞു. 


ആധാര്‍ കൃത്രിമമായി നിര്‍മിക്കാനാവില്ല. ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണ്. സര്‍ക്കാര്‍ പദ്ധതികളില്‍നിന്നുള്ള നേട്ടങ്ങള്‍ ആധാര്‍ കാര്‍ഡിലൂടെ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതായും അദ്ദേഹം നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിനു മുമ്പാകെ നാലുമാസങ്ങളിലായി 38 ദിവസത്തോളം വാദം നടന്നിരുന്നു. 


വിധിയിലെ സുപ്രധാന പരാമര്‍ശങ്ങള്‍ ഇവയൊക്കെയാണ്


ആധാര്‍ നിയമത്തിലെ സെക്ഷന്‍ 33(2), 47, 57 എന്നിവ റദ്ദാക്കി
സിബിഎസ്ഇ, നീറ്റ്, യുജിസി തുടങ്ങിയവയ്ക്ക് ആധാര്‍ നിര്‍ബന്ധിതമാക്കാനാവില്ല.
സ്‌കൂള്‍ പ്രവേശനത്തിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ പാടില്ല. കുട്ടികള്‍ക്കുള്ള ഒരു പദ്ധതികളും ആധാര്‍ ഇല്ലാത്തതിന്‍റെ പേരില്‍ നിഷേധിക്കപ്പെടാന്‍ പാടില്ല.
ആധാര്‍ ഇല്ലാത്തതിന്‍റെ പേരില്‍ ഒരു വ്യക്തിയുടെയും അവകാശങ്ങള്‍ നിഷേധിക്കാനാവില്ല.
ആധാർ നിയമത്തിലെ 33(2), 57 വകുപ്പുകൾ റദ്ദാക്കി
ദേശീയ സുരക്ഷയുടെ പേരിൽ വിവരങ്ങൾ കൈമാറാനാകില്ല
ആധാര്‍ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യക്തികള്‍ക്ക് പരാതി ഉന്നയിക്കാം.
മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കണമെന്ന് നിര്‍ബന്ധിക്കുന്നത് ഭരണഘടനാ വിരുദ്ധം
ബാങ്ക് അക്കൗണ്ട് എടുക്കുന്നതിന് ആധാര്‍ നിര്‍ബന്ധമല്ല
ആദായനികുതി റിട്ടേണിന് ആധാര്‍ നിര്‍ബന്ധം
കുട്ടികളെ ആധാറില്‍ ഉള്‍പ്പെടുത്തുന്നതിന് മാതാപിതാക്കളുടെ സമ്മതം നിര്‍ബന്ധം
 
ആധാറിന്‍റെ ഭരണഘടനാ സാധുത ചോദ്യംചെയ്ത് കര്‍ണാടക ഹൈക്കോടതി മുന്‍ ജഡ്ജി കെ.എസ്. പുട്ടസാമി ഉള്‍പ്പെടെയുള്ളവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസിനു പുറമെ ജസ്റ്റിസുമാരായ എ.കെ. സിക്രി, എ.എം. ഖന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍ എന്നിവരുമടങ്ങിയ ബെഞ്ചാണ് വിധിപറയുന്നത്.


മൊബൈല്‍ നമ്പറുകള്‍ ഉള്‍പ്പെടെയുള്ളവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കേന്ദ്ര സര്‍ക്കാര്‍ വാദത്തിനിടയില്‍ ശക്തമായി ന്യായീകരിച്ചിരുന്നു. മൊബൈല്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് സുപ്രീംകോടതിതന്നെ പറഞ്ഞിട്ടുണ്ടെന്നും അതു ചെയ്തില്ലായിരുന്നെങ്കില്‍ കോടതിയലക്ഷ്യമാകുമായിരുന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു.


എന്നാല്‍, തങ്ങളുടെ ഉത്തരവ് സര്‍ക്കാര്‍ തെറ്റായി വ്യാഖ്യാനിച്ചതാണെന്നും ആധാര്‍ നിര്‍ബന്ധമാക്കാന്‍ അതിനെ ഉപയോഗപ്പെടുത്തിയെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. സവിശേഷ തിരിച്ചറിയല്‍ അതോറിറ്റി സി.ഇ.ഒ. അജയ് ഭൂഷണ്‍ പാണ്ഡെ ഭരണഘടനാ ബെഞ്ചിനു മുമ്പാകെ ആധാറിന്‍റെ സുരക്ഷയെക്കുറിച്ച് പവര്‍പോയന്റ് അവതരണവും നടത്തിയിരുന്നു.