ന്യൂഡല്‍ഹി: ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപ മുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയെ ആശുപത്രിയിലേയ്ക്ക് മാറ്റി.


COMMERCIAL BREAK
SCROLL TO CONTINUE READING

ആം ആദ്മി പാര്‍ട്ടിയുടെ സിറ്റിസൺ ഇന്‍ററാക്ഷന്‍ ടീമിന്‍റെ തലവന്‍ അമിത് മിശ്രയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ന് രാവിലെ നടന്ന വൈദ്യ പരിശോധനയില്‍ അദ്ദേഹത്തിന്‍റെ കെറ്റോൺ നിലവാരം 7.4 ല്‍ എത്തിയിരുന്നു. പക്ഷെ ഇന്നലെ അത് 6.4 ആയിരുന്നു രേഖപ്പെടുത്തിയത്. 



ഡോക്ടര്‍മാരുടെ ഒരു സംഘം ഇന്ന് നടത്തിയ വിദഗ്ധമായ വൈദ്യ പരിശോധനയ്ക്കുശേഷമാണ് അദ്ദേഹത്തെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. 



ഇന്നലെ കാബിനറ്റ്‌ മന്ത്രിയായ സത്യേന്ദര്‍ ജയിനെ ആശുപത്രിയിലേയ്ക്ക് മാറ്റിയിരുന്നു.


അതേസമയം, ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ നടത്തുന്ന ധര്‍ണ എട്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രശ്നത്തിലിടപെട്ട് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കെജ്‍രിവാൾ വീണ്ടും പ്രധാനമന്ത്രിക്ക് കത്തയച്ചു.
  
ഐഎഎസ് ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്നും, കൂടാതെ സര്‍ക്കാരിന്‍റെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ തിങ്കളാഴ്ച ഡല്‍ഹി മുഖ്യമന്ത്രിയും 3 കാബിനറ്റ്‌ മന്ത്രിമാരും ലഫ്റ്റനന്‍റ് ഗവർണറുടെ വസതിയിൽ ധര്‍ണ ആരംഭിച്ചത്. എന്നാല്‍ തങ്ങള്‍ സമരത്തില്‍ അല്ലെന്നും സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഐഎഎസ് ഉദ്യോഗസ്ഥര്‍ പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി.