ന്യൂഡല്‍ഹി: ആംആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി ഡല്‍ഹി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നടപടി തെറ്റാണെന്ന് കോടതി വിലയിരുത്തി. അതുകൂടാതെ ഇരട്ട പദവി കേസ് കമ്മിഷൻ വീണ്ടും പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

കേസ് പരിഗണിച്ച അവസരത്തില്‍ എംഎൽഎമാരെ അയോഗ്യരാക്കിയത് രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. മാത്രമല്ല എംഎൽഎമാരുടെ വാദം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ തീരുമാനമെടുത്തതെന്നും കോടതി ചൂണ്ടിക്കാട്ടി.


ആം ആദ്മിയുടെ 21 എംഎൽഎമാർ 2015 മാർച്ച് 13 മുതൽ 2016 സെപ്‌തംബർ 8 വരെ മന്ത്രിമാരുടെ പാർലമെന്ററി സെക്രട്ടറിമാരായതാണ് അയോഗ്യതയ്ക്ക് ഇടയാക്കിയത്. ഇത് ഇരട്ടപ്പദവിയാണെന്ന് ചൂണ്ടിക്കാട്ടി പ്രശാന്ത് പട്ടേൽ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. ആം ആദ്മി അധികാരമേറ്റ് ഒരു മാസം കയും മുൻപാണ് എംഎൽഎമാരെ ഈ പദവിയിൽ നിയമിച്ചത്. പാർലമെന്ററി സെക്രട്ടറി നിയമനം 2016 സെപ്‌തംബറിൽ ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു. നിയമനത്തിന് ലഫ്. ഗവർണറുടെ അനുമതി ഇല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നടപടി.


തുടർന്ന് ഇക്കാര്യത്തിൽ പരാതി സ്വീകരിച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ജനുവരി 19ന് ആംആദ്മി പാര്‍ട്ടിയുടെ 20 എം.എൽ.എമാർക്കും അയോഗ്യത കൽപ്പിച്ചിരുന്നു. ഇത് പാര്‍ട്ടിയ്ക്ക് വലിയ   തിരിച്ചടിയായിരുന്നു. 


തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ശുപാർശ രണ്ട് ദിവസത്തിന് ശേഷം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകരിച്ചതോടെ ആം ആദ്മി പാര്‍ട്ടി പരാതിയുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. തങ്ങളുടെ ഭാഗം കേൾക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനമെന്നും ഇത് രാഷ്ട്രീയ പ്രേരിതമാണെന്നുമായിരുന്നു പാര്‍ട്ടി കോടതിയെ ബോധിപ്പിച്ചത്.


അതേസമയം, വലിയ ആഘോഷത്തോടെയാണ് ആംആദ്മി പ്രവര്‍ത്തകര്‍ കോടതി വിധിയെ വരവേറ്റത്. അതുകൂടാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ തീരുമാനം റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിയിലൂടെ സത്യം ജയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പ്രതികരിച്ചു. ഇത് ഡല്‍ഹിയിലെ ജനങ്ങളുടെ വിജയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.