Adani vs Hindenburg: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണം; വിദഗ്ധ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി
കോടതിയുടെ ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച നാല് ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെക്കുറിച്ച് ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കാൻ സുപ്രീംകോടതി അന്വേഷണ സമിതിയെ നിയോഗിച്ചു. റിട്ട.ജസ്റ്റിസ് അഭയ് മനോഹർ സാപ്രെയാണ് സമിതിയുടെ അധ്യക്ഷൻ. ബാങ്കിങ് മേഖലയിലെ വിദഗ്ധരായ കെ.വി.കാമത്ത്, ഒ.പി.ഭട്ട്, ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേക്കനി, റിട്ട. ജസ്റ്റിസ് ജെ.പി.ദേവ്ധർ എന്നിവരാണ് പാനലിലെ മറ്റ് അംഗങ്ങൾ. വിഷയത്തിന്റെ വിവിധ വശങ്ങളിൽ കോടതിയുടെ ഇടപെടലും അന്വേഷണവും ആവശ്യപ്പെട്ട് സമർപ്പിച്ച നാല് ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. അതിനിടെ സംഭവത്തിൽ സെബിയുടെ അന്വേഷണ റിപ്പോർട്ട് രണ്ട് മാസത്തിനകം സമർപ്പിക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.
നിക്ഷേപകരുടെ പരിരക്ഷയ്ക്ക് സമിതിയെ നിയോഗിക്കുമെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. അന്വേഷണത്തിന് വിദഗ്ധ സമിതിയെ നിയോഗിക്കുന്നതിൽ എതിർപ്പില്ലെന്ന് കേന്ദ്ര സർക്കാരും സെബിയും അറിയിച്ചിരുന്നു. എന്നാൽ സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ നൽകിയ പേരുകൾ സ്വീകരിക്കാനാകില്ലെന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
അഭിഭാഷകരായ എംഎൽ ശർമ്മ, വിശാൽ തിവാരി എന്നിവരാണ് ഹിൻഡൻബർഗ് വിഷയത്തിൽ സുപ്രീംകോടതിയുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ജയാ താക്കൂർ നൽകിയ ഹർജിയും കോടതിയിൽ എത്തിയിരുന്നു.
അദാനി ഗ്രൂപ്പിൽ സ്റ്റോക്ക് കൃത്രിമത്തിനും അക്കൗണ്ടിംഗ് തട്ടിപ്പിനും സാധ്യത കൽപിച്ചാണ് ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നത്. ആരോപണങ്ങൾ വന്നതോടെ അദാനി ഗ്രൂപ്പിന്റെ ബോണ്ടുകളും ഓഹരികളും ഇടിയുകയാണുണ്ടായത്. എന്നാൽ, കണ്ടെത്തലുകൾ അടിസ്ഥാന രഹിതമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. കോർപ്പറേറ്റ് കമ്പനികളിലെ തെറ്റുകൾ കണ്ടെത്തുന്നതിൽ മികച്ച ട്രാക്ക് റെക്കോർഡാണ് അമേരിക്കൻ റിസർച്ച് സ്ഥാപനമായ ഹിൻഡൻബർഗിനുള്ളത്.
ഓഹരി, നിക്ഷേപം, ഉത്പാദനം എന്നിവ കേന്ദ്രീകരിച്ചുള്ള ഫോറൻസിക് സാമ്പത്തിക ഗവേഷണ സംരംഭമായാണ് ഹിൻഡൻബർഗ് പ്രവർത്തിക്കുന്നത്. 1937-ൽ ന്യൂജേഴ്‌സിയിലേക്ക് പറക്കവെ കത്തിയമർന്ന ഹിൻഡൻബർഗ് എയർഷിപ്പ് ദുരന്തത്തിന്റെ പേരാണ് കമ്പനിക്കായി സംരംഭകർ കണ്ടെത്തിയത്. "മനുഷ്യനിർമ്മിത ദുരന്തങ്ങൾ"ക്കായി തിരയുന്നതാണ് ലക്ഷ്യമിടുന്നതെന്ന് ഹിൻഡൻബർഗ് തങ്ങളുടെ വെബ്സൈറ്റിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. അക്കൗണ്ടിംഗ് ക്രമക്കേടുകൾ, തെറ്റായ മാനേജ്‌മെന്റ്, വെളിപ്പെടുത്താത്ത അനുബന്ധ-കക്ഷി ഇടപാടുകൾ എന്നിവയാണ് മനുഷ്യനിർമ്മിത ദുരന്തങ്ങളായി ഹിൻഡൻബർഗ് കണക്കാക്കുന്നത്. 2017 ൽ സ്ഥാപനം ആരംഭിച്ചത് മുതൽ പതിനാറോളം കമ്പനികളുടെ തെറ്റായ പ്രവർത്തനങ്ങൾ ഹിൻഡൻബർഗ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് അവരുടെ വെബ്സൈറ്റിൽ അവകാശപ്പെടുന്നു.
ഒരു കമ്പനിയെ ബാധിക്കാൻ സാധ്യതയുള്ള ഗുരുതര തെറ്റുകൾ കണ്ടെത്തിയതിന് ശേഷം ഇവ വിശദീകരിക്കുന്ന ഒരു റിപ്പോർട്ട് പുറത്തിറക്കുക എന്നതാണ് ഹിൻഡൻബർഗിന്റെ രീതി. ഈ റിപ്പോർട്ടുകൾ മുൻനിർത്തി കമ്പനിക്കെതിരെ വാതുവെപ്പ് നടത്തി, അതിൽ നിന്നുള്ള ലാഭവും ഹിൻഡൻബർഗ് പ്രതീക്ഷിക്കുന്നു. കണക്റ്റിക്കട്ട് സർവ്വകലാശാലയിൽ നിന്ന് അന്താരാഷ്‌ട്ര ബിസിനസിൽ ബിരുദം നേടിയ നഥാൻ ആൻഡേഴ്‌സൺ ആണ് 2017 ൽ ഹിൻഡൻബർഗ് ആരംഭിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...