അഞ്ഞൂറ്, ആയിരം നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ പിന്തുണച്ച ഇന്ത്യയിലെ ജനങ്ങള്‍ക്ക് നന്ദി അര്‍പ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിരവധി ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ഈ സംരംഭത്തിനോട് സഹകരിക്കുന്ന സ്വദേശി ഇന്ത്യയിലെ ജനങ്ങളെ താന്‍ വന്ദനം ചെയ്യുന്നതായും മോദി വ്യക്തമാക്കി. ജപ്പാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യത്തിനു വേണ്ടി ജനങ്ങള്‍ ത്യാഗം സഹിക്കുകയാണ്. അഴിമതി ഇല്ലാതാക്കാന്‍ അല്‍പ്പം പ്രയാസങ്ങള്‍ അനുഭവിക്കാന്‍ ജനങ്ങള്‍ തയാറായിക്കഴിഞ്ഞു. ജനത്തിന്റെ സഹകരണത്തിന് നന്ദി. നടപടിയെ വിമര്‍ശിക്കാന്‍ ചിലര്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്. കള്ളപ്പണക്കാര്‍ മാത്രമാണ് നടപടിയെ ഭയക്കേണ്ടത്. കൊള്ളയടിച്ച പണം പുറത്തുകൊണ്ടുവന്നേ മതിയാവൂവെയുന്നും മോദി വ്യക്തമാക്കി.


നോട്ട് പിന്‍വലിക്കാനുള്ള തീരുമാനം ഒറ്റരാത്രികൊണ്ട് എടുത്തതല്ല. അത് പ്രാബല്യത്തില്‍ വരുത്തുന്നതിനു മുന്‍പ് ഉണ്ടാവാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ എങ്ങനെ പ്രായോഗികമായി നേരിടാമെന്നതിനെക്കുറിച്ച് തങ്ങള്‍ ചിന്തിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി. നേരത്തെ ഒരു പദ്ധതി കൊണ്ടുവന്നിരുന്നു. കള്ളപ്പണം പുറത്തുകൊണ്ടുവരുന്നതിന് അവസരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അത് ഭൂരിഭാഗവും ഉപയോഗിച്ചില്ല. തുടര്‍ന്നാണ് കള്ളപ്പണം തടയാന്‍ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചത്. 


ഡിസംബര്‍ 30 വരെ ജനങ്ങള്‍ക്ക് അവരുടെ പണം മാറിയെടുക്കാനുള്ള സമയമുണ്ട്. യാതൊരു വിധത്തിലുമുള്ള ബുദ്ധിമുട്ടും ഇക്കാലയളവില്‍ ജനങ്ങള്‍ക്കുണ്ടാവില്ല. നിങ്ങളുടെ പണം നഷ്ടപ്പെടില്ലെന്നും അത് തിരിച്ചു കിട്ടും, സ്വാതന്ത്ര്യം ലഭിച്ചതു മുതലുള്ള വിവരങ്ങള്‍ തങ്ങള്‍ പരിശോധിക്കുമെന്നും കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്താല്‍ അതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മോദി പറഞ്ഞു.