ന്യൂഡല്‍ഹി : രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഘാന, ഐവറി കോസ്റ്റ്, നമീബിയ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലെ   സന്ദര്‍ശനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനത്തിനൊരുങ്ങുന്നു. ഘാനയിലെ ഇന്ത്യന്‍ ഹൈക്കമ്മഷീഷണര്‍ നല്‍കിയ സ്വീകരണത്തില്‍ ഇന്ത്യന്‍ സമൂഹത്തോട് സംസാരിക്കവേ രാഷ്ട്രപതി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.


കഴിഞ്ഞ വര്‍ഷം ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ-ആഫ്രിക്ക ഫോറം ഉച്ചകോടിയുടെ തുടര്‍പ്രക്രിയയാണ് തന്‍െറ ആഫ്രിക്കന്‍ സന്ദര്‍ശനമെന്നും തനിക്കുപിറകേ പ്രധാനമന്ത്രിയും നാല് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്നും രാഷ്ട്രപതി അറിയിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ഈയിടെ തുനീഷ്യയും മൊറോക്കോയും സന്ദര്‍ശിച്ചത് രാഷ്ട്രപതി ഓര്‍മിപ്പിച്ചു. എനിക്കു പിന്നാലെ പ്രധാനമന്ത്രി നാലോ അഞ്ചോ ആഫ്രിക്കന്‍ രാജ്യങ്ങളിലെത്തുന്നുണ്ട്. ആഫ്രിക്കയോടൊപ്പം ഇന്ത്യയുണ്ടെന്നറിയിക്കാനാണിതെന്നും പ്രണബ് പറഞ്ഞു.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യ-ആഫ്രിക്ക ബന്ധം കരുത്താര്‍ജിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്, സ്റ്റാന്‍ഡപ്, സ്മാര്‍ട്ട് സിറ്റി, ക്ലീന്‍ ഇന്ത്യ മിഷന്‍ പദ്ധതികളുമായി സഹകരിക്കാന്‍ ആഫ്രിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ രാഷ്ട്രപതി ആഹ്വാനം ചെയ്തു.