മുംബൈ: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണച്ച എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാറിനോട്‌ വിയോജിപ്പ് പ്രകടിപ്പിച്ച് പാര്‍ട്ടിയില്‍നിന്നും രാജിവച്ച താരിഖ് അന്‍വര്‍ കോണ്‍ഗ്രസിലെയ്ക്കെന്ന് സൂചന.


COMMERCIAL BREAK
SCROLL TO CONTINUE READING

19 വര്‍ഷം എന്‍സിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും പവാറിന്‍റെ അടുത്ത കൂട്ടാളിയുമായ താരിഖ് അന്‍വര്‍, റാഫേല്‍ ഇടപാടില്‍ ശരത് പവാര്‍ മോദിയെ പിന്തുണച്ചതിനാണ് പാര്‍ട്ടി അംഗത്വവും ലോക്സഭാംഗത്വവും രാജിവച്ചത്.  


ബിഹാറിലെ കതിഹാറില്‍ നിന്നുള്ള എം.പിയാണ് താരിഖ് അന്‍വര്‍. നാലു തവണ അദ്ദേഹം ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. 


അന്‍വറിന്‍റെ രാജിയില്‍ പ്രതികരണവുമായി നിരവധി നേതാക്കള്‍ എത്തി. താരിഖ് അന്‍വര്‍ വളരെ അനുഭവ സമ്പത്തുള്ള നേതാവാണ്‌. ആര്‍ജെഡിയുടെ സഹായത്തോടെ അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ കതിഹാറില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് തേജസ്വി യാദവ് പറഞ്ഞു. 


എന്നാല്‍ എന്‍സിപിയില്‍നിന്നും രാജിവച്ച താരിഖ് അന്‍വറിനെ സ്വീകരിക്കാന്‍ ഇരുകൈകളും നീട്ടിയാണ് കോണ്‍ഗ്രസ് നില്‍ക്കുന്നത്. എന്നാല്‍ 19 വര്‍ഷം മുന്‍പ് ഉപേക്ഷിച്ച പാര്‍ട്ടിയിലേയ്ക്ക് തിരിച്ചെത്തുമോ എന്ന കാര്യത്തില്‍ താരിഖ് അന്‍വര്‍ ഇതുവരെ ഒന്നും സൂചിപ്പിച്ചിട്ടില്ല. 


താരിഖ് അന്‍വര്‍ കോണ്‍ഗ്രസുകാരനാണെന്നും അദ്ദേഹത്തിന്‍റെ സ്ഥാനം എന്നും കോണ്‍ഗ്രസില്‍തന്നെയാണെന്നും കോണ്‍ഗ്രസ്‌ നേതാവ് പ്രേംചന്ദ് മിശ്ര അഭിപ്രായപ്പെട്ടു. കൂടാതെ, കുറച്ച് ദിവസത്തിനകം അദ്ദേഹം സോണിയഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും സന്ദര്‍ശിക്കുമെന്നും സൂചനയുണ്ട്. 


അതേസമയം, താരിഖ് അന്‍വര്‍ കോണ്‍ഗ്രസ്‌ ഉപേക്ഷിച്ചില്ലായിരുന്നുവെങ്കില്‍ അഹമ്മദ് പട്ടേലിനും ഗുലാം നബി ആസാദിനുമൊപ്പം കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ മുഖ്യനിര നേതാക്കളില്‍ ഒരാളായി കാണേണ്ട വ്യക്തിയായിരുന്നു അദ്ദേഹം.


എന്‍സിപിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ് രാജിവച്ച താരിഖ് അന്‍വര്‍. ഇരുപതു വര്‍ഷങ്ങള്‍ക്കുമുന്‍പ് കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ശരദ് പവാര്‍ എന്‍.സി.പി രൂപീകരിക്കുമ്പോള്‍ ഒപ്പമുണ്ടായിരുന്നവരാണ് താരിഖ് അന്‍വറും പി.എ. സഗ്മയും.