ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനു പിറകെ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തെ ലക്ഷ്യംവെച്ച് ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമി. ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കരണത്തിന് തടയിടുകയാണ് അരവിന്ദ് സുബ്രഹ്മണ്യനെന്നും അദ്ദേഹത്തെ പുറത്താക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.  മരുന്നുകളുടെ ബൗദ്ധിക സ്വത്ത് അവകാശത്തില്‍ അമേരിക്കക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യമെന്ന് സ്വാമി ട്വിറ്ററിലൂടെ ആരോപിച്ചു. അടുത്ത റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് അരവിന്ദ് സുബ്രമണ്യത്തിന്‍റെ പേര് ഉയര്‍ന്നു വരുന്നതിനിടെയാണ് സ്വാമിയുടെ ആക്രമണം.


COMMERCIAL BREAK
SCROLL TO CONTINUE READING

അരവിന്ദ് സുബ്രമണ്യം അമേരിക്കക്ക് വേണ്ടിയാണ് പണിയെടുക്കുന്നത്. അദ്ദേഹത്തിന് അമേരിക്കയുടെ ഗ്രീന്‍കാര്‍ഡ് കിട്ടുകതന്നെ ചെയ്യും. ചരക്ക് സേവന നികുതി ഉടമ്പടിയില്‍ അമേരിക്കന്‍ കോണ്‍ഗ്രസിന്‍റെ കര്‍ശന നിലപാടുകള്‍ക്ക് പിന്നിലും അരവിന്ദ് സുബ്രമണ്യമാണെന്ന്  സ്വാമി ആരോപിച്ചു. സാമ്പത്തിക ഉദേഷ്ടാവ് പദവിയില്‍ നിന്നും അരവിന്ദിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് നല്‍കാനൊരുങ്ങുകയാണ് സുബ്രമണ്യന്‍ സ്വാമി.


റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനെതിരെ രൂക്ഷമായ ആരോപണങ്ങളാണ് സുബ്രമണ്യന്‍ സ്വാമി ഉന്നയിച്ചിരുന്നത്.  തുടര്‍ന്ന് മൂന്നുവര്‍ഷത്തെ സേവനത്തിനുശേഷം സ്ഥാനത്തുനിന്ന് പിന്‍മാറുകയാണെന്നും രണ്ടാംവട്ടം ഗവര്‍ണറാകാന്‍ ഇല്ലെന്നും രഘുറാം രാജന്‍ വ്യക്തമാക്കിയിരുന്നു. അതേസമയം,മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യനില്‍ സര്‍ക്കാറിന് പൂര്‍ണവിശ്വാസമാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി പറഞ്ഞു.


പുതിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുടെ ലിസ്റ്റില്‍ ഒന്നമനാണ് ഓക്‌സ്‌ഫോഡ് ബിരുദധാരി കൂടിയായ അരവിന്ദ്. ഗവര്‍ണര്‍ സ്ഥാനത്തേക്കക്കുള്ള തെരഞ്ഞെടുപ്പില്‍ അഞ്ച് പേരെയാണ് പരിഗണിച്ചിരുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ പിന്തുണ അരവിന്ദ് സുബ്രഹ്മണ്യനാണ് ലഭിച്ചത്. 13 സാമ്പത്തിക വിദഗ്ദന്മാരില്‍ ഏഴു പേരും അരവിന്ദ് സുബ്രഹ്മണ്യനാണ് പിന്തുണ നല്‍കിയത്. ലിസ്റ്റിലെ മറ്റുള്ള ആരും തന്നെ രണ്ടില്‍ കൂടുതല്‍ വോട്ട് നേടിയില്ല.