ന്യൂഡല്‍ഹി: കേരളത്തിലെ ജനരക്ഷാ യാത്ര വെട്ടിച്ചുരുക്കി ഡല്‍ഹിയിലേക്ക് തിരിച്ച ബിജെപി അധ്യക്ഷന്‍ അമിത് ഷാ സിപിഎമ്മിനെതിരെ വിവാദ പ്രസ്താവനകളുമായി വീണ്ടും. ഡല്‍ഹിയിലെ സിപിഎം ആസ്ഥാനത്തേക്ക് ബിജെപി നടത്തിയ ജനരക്ഷാ യാത്രയിലാണ് സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി അമിത് ഷാ രംഗത്തെത്തിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലാണ് കൂടുതല്‍ കൊലപാതകങ്ങളെന്നും പിണറായി വിജയന്‍ അധികാരത്തില്‍ വന്നതിന് ശേഷം 120 ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും അമിത് ഷാ ആരോപിച്ചു. ഇതില്‍ കമ്മ്യൂണിസ്റ്റി പാര്‍ട്ടി ലജ്ജിക്കണമെന്നും  അമിത് ഷാ പറഞ്ഞു. 


സിപിഎം നടത്തുന്ന കൊലപാതകങ്ങള്‍ക്കെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മെഴുകുതിരി പ്രതിഷേധം നടത്താത്തത് എന്തുകൊണ്ടെന്നും അമിത് ഷാ ചോദിച്ചു. ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ വെട്ടിനുറുക്കി മേഖലയില്‍ ഭയം വളര്‍ത്താനാണ് സിപിഎം ശ്രമിക്കുന്നതെന്നും ബലിദാനത്തെ ബിജെപി പ്രവര്‍ത്തകര്‍ ഭയക്കുന്നില്ലെന്നും അമിത് ഷാ തുറന്നടിച്ചു. 


കേരളത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നേതൃത്വം നല്‍കുന്ന ജനരക്ഷായാത്രയില്‍ പങ്കെടുക്കാനെത്തിയ അമിത് ഷാ കണ്ണൂര്‍ ജില്ലയിലെ പര്യടനം വെട്ടിക്കുറച്ച് ഡല്‍ഹിയിലേക്ക് മടങ്ങിയത് വിവാദമായിരുന്നു. യാത്രയില്‍ നിന്ന് ദേശീയ അധ്യക്ഷൻ പിന്‍മാറിയതിന് മതിയായ കാരണം സംസ്ഥാന നേതൃത്വവും വ്യക്തമാക്കിയിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഡല്‍ഹിയില്‍ സിപിഎം ഓഫീസിന് നേരെ ജനരക്ഷാ യാത്ര നടത്തി അമിത് ഷായുടെ പ്രസ്താവനാ യുദ്ധം.