സിന്‍ഗ്രൌളി: മദ്ധ്യപ്രദേശിലെ സിന്‍ഗ്രൌളിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ മാനസിക അസ്വാസ്ഥ്യമുളള യുവതിയെ ജനം തല്ലിക്കൊന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്നവരാണെന്ന വാട്ട്സ്ആപ്പ് സന്ദേശം പ്രചരിച്ചതിനെ തുടര്‍ന്നാണ് ആക്രമണം.


COMMERCIAL BREAK
SCROLL TO CONTINUE READING

ബദ്ഘട് ഗ്രാമത്തിലെ മോര്‍ബാ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ അലഞ്ഞുതിരിയുന്ന നിലയില്‍ കണ്ട മാനസിക അസ്വാസ്ഥ്യമുളള യുവതിയെ പ്രദേശവാസികള്‍ കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘത്തിലെ അംഗമെന്നാരോപിച്ച് തല്ലിക്കൊല്ലുകയും മൃതദേഹം കാനാലിലുപേക്ഷിക്കുകയുമായിരുന്നു. 


കൊല്ലപ്പെട്ട യുവതിയ്ക്ക് ഏകദേശം മുപ്പത് വയസ് പ്രായമുണ്ട്. സംഭവത്തില്‍ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.


കുട്ടികളെ തട്ടികൊണ്ടു പോകുന്നുവെന്ന് ആരോപിച്ച് സിന്‍ഗ്രൌളിയില്‍ ഏതാനു ദിവസങ്ങള്‍ക്ക് മുന്‍പ് വനം വകുപ്പ് ജീവനക്കാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നിരുന്നു.


കുട്ടികളെ തട്ടികൊണ്ട് പോകല്‍, പശുക്കടത്ത് എന്നിവുടെ പേരില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ആള്‍ക്കൂട്ടം അക്രമങ്ങള്‍ അഴിച്ചുവിടുകയും നിരവധി പേര്‍ കൊല്ലപ്പെടുകയുമാണ്. 


രാജസ്ഥാനിലെ ആല്‍വാറില്‍ പശുക്കടത്താരോപിച്ച് അക്ബര്‍ എന്ന യുവാവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന സംഭവത്തിന്‍റെ നടുക്കം മാറും മുന്‍പേയാണ് വീണ്ടും മറ്റൊരു കൊലപാതകം കൂടി സംഭവിക്കുന്നത്‌.