Agneepath Recruitment 2022: അഗ്നീപഥ് റിക്രൂട്ട്മെൻറിന് ഇനി മൂന്ന് മാസം കൂടി, അറിയേണ്ടതെല്ലാം
സായുധ സേനയിൽ എൻറോൾ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ അതത് വിഭാഗങ്ങൾക്ക് ബാധകമാണ് (Agneepath Recruitment 2022)
തിരുവനന്തപുരം: സായുധ സേനകളിലേക്ക് യുവജനങ്ങൾക്കായുള്ള പുതിയ റിക്രൂട്ട്‌മെന്റ് പദ്ധതി അഗ്നിപഥ് 90 ദിവസത്തിനുള്ളിൽ ആരംഭിക്കും. കേന്ദ്രമന്ത്രി സഭ ജൂൺ 14 നാണ് അഗ്നീപഥിന് അംഗീകാരം നൽകിയത്.
തിരുവനന്തപുരത്തു നടത്തിയ പത്ര സമ്മേളനത്തിൽ വ്യോമസേന സീനിയർ എയർ സ്റ്റാഫ് ഓഫീസർ എയർ മാർഷൽ ബി സാജു പദ്ധതി വിശദീകരിച്ചു. ഈ പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന യുവാക്കളെ ‘അഗ്നിവീർ’ എന്ന പേരിൽ അറിയപ്പെടും. നാല് വർഷത്തേക്കാണ് അഗ്നി വീരൻമാരുടെ സേവനം.
നാലു വർഷങ്ങൾക്ക് ശേഷം തിരികെ പൊതു സമൂഹത്തിലേക്കെത്തുന്ന ഇവർക്ക് അച്ചടക്കവും നൈപുണ്യ ഗുണങ്ങളുമുണ്ടായിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിലൂടെ സായുധ സേനയിലെ ശരാശരി പ്രായം ഏകദേശം 4-5 വർഷം കുറയുമെന്ന് കരുതുന്നു.
ബാഹ്യ ഭീഷണികൾ, ആഭ്യന്തര ഭീഷണികൾ, പ്രകൃതി ദുരന്തങ്ങൾ തുടങ്ങിയവ നേരിടാൻ ദേശസ്‌നേഹം, ടീം വർക്ക്, ശാരീരിക ക്ഷമത, രാജ്യത്തോടുള്ള വിശ്വസ്തത എന്നീ ഗുണങ്ങളുള്ള ഒരു യുവതയെ വാർത്തെടുക്കാൻ ഇതിലൂടെ സാധിക്കും. മൂന്നു സേനകളിലേക്കുമുള്ള റിക്രൂട്ട്‌മെന്റ് ഉടനടി പ്രാബല്യത്തിൽ വരുന്ന ഈ പുതിയ നയപ്രകാരമായിരിക്കും.
മൂന്ന് സേനകളിലും തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ബാധകമായ റിസ്ക്, ഹാർഡ്ഷിപ്പ് അലവൻസുകൾക്കൊപ്പം ആകർഷകമായ പ്രതിമാസ ശമ്പള പാക്കേജും ലഭിക്കും. നാല് വർഷത്തെ സേവന കാലാവധി പൂർത്തിയാകുമ്പോൾ, അഗ്നിവീരന്മാർക്ക് ഒറ്റത്തവണ 'സേവാ നിധി' പാക്കേജ് നൽകും. സേവാ നിധി പാക്കേജിൽ അഗ്നി വീരരിൽ നിന്നുള്ള വിഹിതവും സമമായ സർക്കാർ വിഹിതവും അതിന്മേലുള്ള പലിശയും ഉൾപ്പെടും. സേവാ നിധി പാക്കേജിന്റെ വിവരങ്ങൾ താഴെ കൊടുത്തിരിക്കുന്നു:
വർഷം പ്രതിമാസ വേതനം പ്രതിമാസം കയ്യിൽ കിട്ടുന്ന വേതനം (70%) വേതനത്തിൽ നിന്ന് സേവാ നിധിയിലേക്കുള്ള വിഹിതം (30%) സേവാ നിധിയിലേക്കുള്ള കേന്ദ്ര സർക്കാർ വിഹിതം
All figures in Rs (Monthly Contribution)
ഒന്നാം വർഷം 30000 21000 9000 9000
രണ്ടാം വർഷം 33000 23100 9900 9900
മൂന്നാം വർഷം 36500 25580 10950 10950
നാലാം വർഷം 40000 28000 12000 12000
നാലു വർഷത്തിന് ശേഷം സേവാ നിധിയിലേക്കുള്ള മൊത്തവിഹിതം ആകെ 11 ലക്ഷം കവിയും. ഇത് പിരിയുമ്പോൾ ലഭിക്കും.‘സേവാ നിധി’യെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കും. ഗ്രാറ്റുവിറ്റിക്കും പെൻഷൻ ആനുകൂല്യങ്ങൾക്കും അർഹത ഉണ്ടാവില്ല. അഗ്നിവീരർക്ക് ഇന്ത്യൻ സായുധ സേനയിലെ അവരുടെ സേവന കാലയളവിൽ 48 ലക്ഷം രൂപയുടെ നോൺ-കോൺട്രിബ്യൂട്ടറി ലൈഫ് ഇൻഷുറൻസ് പരിരക്ഷ നൽകും.
സായുധ സേനയിൽ അഗ്നീപഥ് സ്കീമിൽ ഉള്ളവർക്ക് പ്രത്യേക റാങ്കായിരിക്കും ഉണ്ടാവുക. നാല് വർഷത്തെ സേവനം പൂർത്തിയാകുമ്പോൾ സായുധ സേനയിൽ സ്ഥിരം എൻറോൾമെന്റിന് അപേക്ഷിക്കാനുള്ള അവസരം ഇവർക്ക് ലഭിക്കും. സേവന കാലയളവിലെ പ്രകടനം ഉൾപ്പെടെ ഓരോ നിർദ്ദിഷ്ട ബാച്ചിലെയും അഗ്നിവീറുകളെ 25% വരെ സായുധ സേനയുടെ സാധാരണ കേഡറിൽ എൻറോൾ ചെയ്യപ്പെടും. ഇതിനായി വിശദമായ മാർഗനിർദേശങ്ങൾ പ്രത്യേകം പുറപ്പെടുവിക്കും.
അംഗീകൃത സാങ്കേതിക സ്ഥാപനങ്ങളായ ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക് എന്നിവയിൽ നിന്നുള്ള പ്രത്യേക റാലികളും ക്യാമ്പസ് ഇന്റർവ്യൂകളും ഉള്ള മൂന്ന് സേനകൾക്കുമായുള്ള കേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിലൂടെയാണ് എൻറോൾമെന്റ് നടത്തുന്നത്. എൻറോൾമെന്റ് 'ഓൾ ഇന്ത്യ ഓൾ ക്ലാസ്' അടിസ്ഥാനത്തിലായിരിക്കും.
17.5 മുതൽ 21 വയസ്സ് വരെയാണ് പ്രായ പരിധി. സായുധ സേനയിൽ എൻറോൾ ചെയ്യുന്നതിനായി നിശ്ചയിച്ചിട്ടുള്ള മെഡിക്കൽ യോഗ്യതാ വ്യവസ്ഥകൾ അതത് വിഭാഗങ്ങൾക്ക് ബാധകമാണ്. അഗ്‌നിവീരൻമാരുടെ വിദ്യാഭ്യാസ യോഗ്യത വിവിധ വിഭാഗങ്ങളിൽ ചേരുന്നതിന് നിലവിലുള്ളതുപോലെ തന്നെ തുടരും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy