അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ ഇന്ന്; ശശികല പുറത്തായേക്കും
അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ ചേരും. യോഗത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ പങ്കെടുക്കുമെന്നാണ് വിവരം. പാര്‍ട്ടി മേല്‍നോട്ടത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ സെക്രട്ടറിയായി ഉപമുഖ്യന്ത്രി ഒ.പനീര്‍സെല്‍വത്തേയും ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും തെരഞ്ഞെടുത്ത നടപടിക്ക് യോഗം അംഗീകാരം നല്‍കും. ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്യണമെന്ന ടിടിവി ദിനകരന്‍ പക്ഷത്തിന്‍റെ ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യോഗം സ്റ്റേ ചെയ്യാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരി വെച്ചു. അതേസമയം, മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താനും മടിയ്ക്കില്ലെന്ന് ടി ടി വി ദിനകരന്‍ എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി.
ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ പുറത്താക്കാനുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് ചെന്നൈയില്‍ ചേരും. യോഗത്തില്‍ രണ്ടായിരത്തി അഞ്ഞൂറിലധികം ഭാരവാഹികള്‍ പങ്കെടുക്കുമെന്നാണ് വിവരം. പാര്‍ട്ടി മേല്‍നോട്ടത്തിനായി രൂപീകരിച്ച സ്റ്റിയറിങ് കമ്മിറ്റിയുടെ സെക്രട്ടറിയായി ഉപമുഖ്യന്ത്രി ഒ.പനീര്‍സെല്‍വത്തേയും ഡെപ്യൂട്ടി സെക്രട്ടറിയായി മുഖ്യമന്ത്രി എടപ്പാടി പളനിസാമിയേയും തെരഞ്ഞെടുത്ത നടപടിക്ക് യോഗം അംഗീകാരം നല്‍കും. ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവ് കമ്മറ്റിയും നടക്കുന്ന ചെന്നൈ മധുരവയല്‍ വാ നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്യണമെന്ന ടിടിവി ദിനകരന്‍ പക്ഷത്തിന്‍റെ ആവശ്യം മദ്രാസ് ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. യോഗം സ്റ്റേ ചെയ്യാനാകില്ലെന്ന മദ്രാസ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരി വെച്ചു. അതേസമയം, മുഖ്യമന്ത്രി പദവിയില്‍ നിന്ന് മാറിയില്ലെങ്കില്‍ സര്‍ക്കാരിനെ താഴെ വീഴ്ത്താനും മടിയ്ക്കില്ലെന്ന് ടി ടി വി ദിനകരന്‍ എടപ്പാടി പളനിസ്വാമിക്ക് അന്ത്യശാസനം നല്‍കി.
അണ്ണാ ഡിഎംകെയുടെ നിര്‍ണായക ജനറല്‍ കൗണ്‍സില്‍ യോഗം നടത്തുന്നതുമായി ബന്ധപ്പെട്ട് നിയമയുദ്ധമാണ് നടന്നത്. ജനറല്‍ സെക്രട്ടറിയ്ക്ക് മാത്രം വിളിച്ചു ചേര്‍ക്കാവുന്ന ജനറല്‍ കൗണ്‍സില്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി മുഖ്യമന്ത്രിയ്ക്ക് വിളിച്ചുചേര്‍ക്കാനാകില്ലെന്നും പാര്‍ട്ടിയുടെ പേരും ചിഹ്നവും ഇപ്പോഴും തെരഞ്ഞെടുപ്പ് കമ്മീഷന് മുന്‍പാകെ തര്‍ക്കത്തിലാണെന്നും പറഞ്ഞാണ് ദിനകര പക്ഷം മദ്രാസ് ഹൈക്കോടതിയ്ക്ക് മുന്നിലെത്തിയത്. സിംഗിള്‍ ബെഞ്ച് ആദ്യം കേസ് പരിഗണിച്ചു. ദിനകരന്‍ പക്ഷത്തെ എംഎല്‍എ വെട്രിവേലിന് ജസ്റ്റിസ് സി വി കാര്‍ത്തികേയന്‍റെ സിംഗിള്‍ ബെഞ്ചില്‍ നിന്ന് രൂക്ഷവിമര്‍ശനങ്ങളാണ് കേള്‍ക്കേണ്ടി വന്നത്. പാര്‍ട്ടി കാര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിയ്ക്കണമെന്ന് കോടതി വ്യക്തമാക്കി. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിന് എംഎല്‍എയ്ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഉടനെ പുനഃപരിശോധനാ ഹര്‍ജിയുമായി ദിനകരന്‍ പക്ഷം ചീഫ് ജസ്റ്റിസിനെ സമീപിച്ചു. ചീഫ് ജസ്റ്റിസാകട്ടെ ഹര്‍ജി ഡിവിഷന്‍ ബെഞ്ചിലേയ്ക്ക് മാറ്റി. കോടതി സമയം കഴിഞ്ഞും ഡിവിഷന്‍ ബെഞ്ചില്‍ വാദം നടക്കുമ്പോള്‍ നാടകീയമായി ബംഗലുരു സിറ്റി സിവില്‍ കോടതിയില്‍ നിന്ന് ജനറല്‍ കൗണ്‍സില്‍ യോഗം സ്റ്റേ ചെയ്തതായി ഉത്തരവ് വന്നു. അണ്ണാ ഡിഎംകെ കര്‍ണാടക പാര്‍ട്ടി സെക്രട്ടറി പുകഴേന്തിയാണ് ബംഗലുരുവില്‍ കോടതിയെ സമീപിച്ചത്. ഒടുവില്‍ ഏറെ നേരത്തെ ആശയക്കുഴപ്പത്തിന് ശേഷം മദ്രാസ് ഹൈക്കോടതി ഇപിഎസ്ഒപിഎസ് പക്ഷങ്ങള്‍ക്ക് അനുകൂലമായി വിധി പറഞ്ഞു. യോഗം സ്റ്റേ ചെയ്യാനാകില്ല. എന്നാല്‍ ഹര്‍ജി തള്ളുന്നുമില്ല. ഇനി കേസ് പരിഗണിയ്ക്കുന്നത് ഈ മാസം 23 നാണ്. വിധി കേട്ട ടിടിവി ദിനകരന്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കുമെന്ന സൂചനയാണ് നല്‍കിയത്. ഇനി പാര്‍ട്ടിയുടെയും സര്‍ക്കാരിന്‍റെയും ഭാവി 2780 അംഗങ്ങളുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ഇന്ന് തീരുമാനിയ്ക്കും.