Annamalai: ജയലളിതക്കെതിരായ മോശം പരാമർശം; അണ്ണാമലൈയെ നിയന്ത്രിച്ചില്ലെങ്കില് സഖ്യം അവസാനിപ്പിക്കുമെന്ന് AIADMK
Annamalai about Jayalalitha: അഴിമതിയുമായി ബന്ധപ്പെട്ട് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിമാരുണ്ടെന്ന് പറഞ്ഞ അണ്ണാമലൈ ജയലളിതയുടെ പേര് അതിനൊപ്പം പരാമർശിച്ചത് വലിയവിവാദമായി മാറി.
ചെന്നൈ: മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയെക്കുറിച്ച് മോശം പരാമർശം നടത്തിയതിന്റെ പേരിൽ അണ്ണാമലയെ രൂക്ഷമായി വിമർശിച്ച് എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ. തമിഴ്നാട്ടിലെ പല ഭരണാധികാരികളും അഴിമതിക്കാരായിരുന്നുവെന്നും അഴിമതിയുമായി ബന്ധപ്പെട്ട് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുഖ്യമന്ത്രിമാരുണ്ടെന്ന് പറഞ്ഞ അണ്ണാമലൈ ജയലളിതയുടെ പേര് അതിനൊപ്പം പരാമർശിച്ചതും വലിയ വിവാദമായി മാറിയിരിക്കുകയാണ്.
ഇതിന്റെ പേരിൽ തമിഴ്നാട്ടിൽ എൻ.ഡി.എ.യും എ.ഐ.എ.ഡി.എം.കെ.യുമായി കൊമ്പു കോർക്കുകയാണ്. സഖ്യമര്യാദ ലംഘിച്ച് പ്രവർത്തിക്കുന്ന അണ്ണാമലൈയെ നിയന്ത്രിക്കാൻ ബി.ജെ.പി. ദേശീയനേതൃത്വം തയ്യാറായില്ലെങ്കിൽ സഖ്യം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എ.ഐ.എ.ഡി.എം.കെ. നേതാവ് ഡി. ജയകുമാർ പറഞ്ഞു.
ഒരു ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അണ്ണാമലൈയുടെ പ്രസസ്താവന. അണ്ണാമലൈ ഇത് ആദ്യമായല്ല ഇത്തരത്തിൽ പ്രസ്താവന നടത്തുന്നതെന്നും. ഇതിനു മുമ്പും എ.ഐ.എ.ഡി.എം.കെ.യ്ക്ക് എതിരായി പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും പറഞ്ഞു. ഇത് ക്ഷമിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു പാർട്ടിയുടെ സംസ്ഥാന അധ്യക്ഷസ്ഥാനം വഹിക്കാൻ യോഗ്യതയില്ലാത്തയാളാണ് അണ്ണാമലൈ. ബി.ജെ.പി.ക്ക് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നാലുസീറ്റുകളിൽ വിജയിക്കാൻ സാധിച്ചത് എ.ഐ.എ.ഡി.എം.കെ.യുമായി സഖ്യമുണ്ടായതിനാലാണ്.
തമിഴ്‌നാട്ടിൽ ബി.ജെ.പി. വെറും ചെടിയാണെന്നും അതേസമയം, എ.ഐ.എ.ഡി.എം.കെ. വടവൃക്ഷമാണെന്നുള്ളത് മനസ്സിലാക്കണമെന്നും ജയകുമാർ ചൂണ്ടിക്കാട്ടി. ഇതിനിടയിൽ ‘ഡി.എം.കെ. ഫയൽസ്’ എന്നപേരിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അടക്കം ഭരണകക്ഷിയിലെ നേതാക്കൾക്കെതിരേ അഴിമതിയാരോപണം ഉന്നയിച്ച അണ്ണാമലൈ, എ.ഐ.എ.ഡി.എം.കെ. നേതാക്കളുടെ അഴിമതിയും പുറത്തുകൊണ്ടുവരുമെന്നും പറഞ്ഞു. ഇതും എൻ.ഡി.എ. സഖ്യത്തിൽ വിള്ളലുണ്ടാക്കാൻ കാരണമായി.
ഈറോഡ് ഈസ്റ്റ് ഉപതിരഞ്ഞെടുപ്പിലെ പരാജയത്തിന് എ.ഐ.എ.ഡി.എം.കെ.യെ കുറ്റപ്പെടുത്തിയ അണ്ണാമലൈയുടെ നടപടിയും പോരിന് കാരണമായി. ബി.ജെ.പി.വിട്ട നേതാക്കൾ കൂട്ടത്തോടെ എ.ഐ.എ.ഡി.എം.കെ.യിൽ ചേർന്നത് തമ്മിലടി രൂക്ഷമാക്കി. അതേസമയം മുൻമുഖ്യമന്ത്രി ജയലളിതയെക്കുറിച്ചുള്ള ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. അണ്ണാമലൈയുടെ പരാമർശത്തിൽ പ്രതിഷേധവുമായി ഒ. പനീർശെൽവവും രംഗത്തത്തി.
ലോകം മുഴുവൻ പ്രകീർത്തിച്ച ജയലളിതയ്ക്കെതിരായി നടത്തിയ പരാമർശം അത്യന്തം പ്രതിഷേധാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. അഭിനയം, നൃത്തം, രാഷ്ട്രീയം, ഭരണം തുടങ്ങിയ മേഖലയിൽ ജയലളിതയുടെ മഹത്ത്വം വിവരിച്ച ഒ.പി.എസ്. ‘കഴുതയ്ക്ക് അറിയുമോ കർപ്പൂരവാസന’ എന്ന പഴഞ്ചൊല്ലാണ് അണ്ണാമലൈ ഓർമിപ്പിക്കുന്നതെന്നും പനീർശെൽവം കൂട്ടിച്ചേർത്തു.