ന്യൂഡല്‍ഹി: എ.ഐ.എ.ഡി.എം.കെ ചിഹ്നമായ 'രണ്ടില'  സ്വന്തമാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷനെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് വി.കെ ശശികലയുടെ അനന്തരവനും പാര്‍ട്ടി ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി ദിനകരനെതിരെ ഡല്‍ഹി ക്രൈംബ്രാഞ്ച് കേസെടുത്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നു പുലര്‍ച്ചെ ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ നിന്നും 1.5 കോടി രൂപയുമായി എസ്. ചന്ദ്രശേഖരന്‍ എന്നയാളെ അറസ്റ്റു ചെയ്തിരുന്നു. ഇയാളില്‍ നിന്ന് മെഴ്‌സഡസ്, ബെന്‍സ് കാറുകളും പിടിച്ചെടുത്തിരുന്നു. 'രണ്ടില' പിടിച്ചെടുക്കാന്‍ വി.കെ ശശികലയും ഒ.പനീര്‍ശെല്‍വം പക്ഷവും നടത്തുന്ന യുദ്ധത്തിന് കൊഴുപ്പുകൂട്ടാനാണ് പണം കൊണ്ടുവന്നതെന്ന് കരുതുന്നു.


രണ്ടില ചിഹ്നം ശശികല പക്ഷത്തിന് നല്‍കുമെന്ന് ഉറപ്പാക്കിയാല്‍ 50 കോടി രൂപ നല്‍കാമെന്ന് ദിനകരന്‍ വാഗ്ദാനം ചെയ്തതായി ചന്ദ്രശേഖന്‍ പൊലിസിന് മൊഴി നല്‍കി. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും ദിനകരന്‍റെ രാജി ആവശ്യപ്പെട്ട് പാര്‍ട്ടിയിലെ ഒരു വിഭാഗം മന്ത്രിമാര്‍ തന്നെ പ്രതിഷേധിക്കുന്ന സാഹചര്യത്തിലാണ് ദിനകരന് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 


 



 


പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് ഇലക്ഷന്‍ കമ്മീഷന്‍ മാറ്റിവച്ചിരുന്നു. തെരഞ്ഞെടുപ്പിന് ചെലവഴിക്കാനായി 89.5 കോടി രൂപ ശശികല പക്ഷം മന്ത്രിമാർക്ക് നൽകിയതിന്‍റെ രേഖകൾ ആദായ നികുതി വകുപ്പ് കണ്ടെടുത്തതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്.