ചെന്നൈ: രണ്ടില ചിഹ്നം ആര്‍ക്ക് നല്‍കണം എന്നത് സംബന്ധിച്ച് ഒക്ടോബര്‍ 31നകം തീരുമാനമെടുക്കണമെന്ന് മദ്രാസ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. എഡിഎംകെയുടെ ഔദ്യോഗിക പാര്‍ട്ടി ചിഹ്നമായ രണ്ടില മാര്‍ച്ച് 23ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചിരുന്നു. എഐഡിഎംകെ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം. 


COMMERCIAL BREAK
SCROLL TO CONTINUE READING

പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്  ആര്‍.കെ നഗറിലെ ഉപതെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റി വച്ചിരുന്നു. ശശികലപക്ഷത്തിന് രണ്ടില ചിഹ്നം ലഭിക്കാന്‍ ശശികലയുടെ അനന്തരവനും എ.ഐ.ഡി.എം.കെ (അമ്മ) വിഭാഗം ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ടി.ടി.വി ദിനകരന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കോഴ നല്‍കാന്‍ ശ്രമിച്ചതായും ആരോപണമുയര്‍ന്നു. സംഭവത്തില്‍ ദിനരനെതിരെ കേസും രജ്സിറ്റര്‍ ചെയ്തു.


എന്നാല്‍ നാടകീയ സംഭവങ്ങള്‍ക്കാണ് പിന്നീട് തമിഴ്നാട് സാക്ഷ്യം വഹിച്ചത്. പരസ്പരം പോരടിച്ച് നിന്നിരുന്ന എടപ്പാടി പളനിസാമി വിഭാഗവും ഒ.പനീര്‍സെല്‍വം വിഭാഗവും ലയിക്കുകയും തമിഴ്നാട്ടില്‍ പുതിയ രാഷ്ട്രീയ സാഹചര്യം ഉടലെടുക്കുകയും ചെയ്തു. ലയനത്തില്‍ പ്രതിഷേധിച്ച് ടിടിവി ദിനകരന്‍ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തി. ദിനകരപക്ഷത്തുള്ള എം.എല്‍.എമാര്‍ ഇ.പി.എസ് സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ചു. ഇവര്‍ക്കെതിരെ സ്പീക്കര്‍ നോട്ടീസ് അയച്ചിട്ടുണ്ട്. 


അതേസമയം കഴിഞ്ഞ ദിവസം എടപ്പാടി പളനിസാമി വിളിച്ചു ചേര്‍ത്ത പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വി.കെ ശശികലയേയും ടി.ടി.വി ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.