ബറേലി: ദളിത്‌ യുവാവുമായി ബിജെപി എംഎല്‍എയുടെ മകളുടെ വിവാഹത്തില്‍ പുതിയ വെളിപ്പെടുത്തല്‍. തന്‍റെ മകളുമായി അജിതേഷിന്‍റെ വിവാഹം നിശ്ചയിച്ചിരുന്നതായി വെളിപ്പെടുത്തി ഹേമന്ത് നായക് എന്നയാളാണ് രംഗത്തെത്തിയിരിക്കുന്നത്.   


COMMERCIAL BREAK
SCROLL TO CONTINUE READING

2016 ജൂലൈ 10ന് ഭോപ്പാലിലെ ഒരു ഹോട്ടലില്‍ വച്ചായിരുന്നു രണ്ട് ദിവസത്തെ നിശ്ചയ ചടങ്ങുകളെന്നും ഇതിനായി ഏഴ് ലക്ഷം രൂപ ചിലവാക്കിയെന്നു൦ ഭോപ്പാല്‍ സ്വദേശിയായ ഹേമന്ത് പറഞ്ഞു. 


വിവാഹ നിശ്ചയത്തിന് മൂന്ന് മാസങ്ങള്‍ക്ക് ശേഷം അജിതേഷിന്‍റെ അമ്മ മരിച്ചതായും സംസ്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ തങ്ങള്‍ പോയതായും ഹേമന്ത് പറഞ്ഞു. 


ആ അവസരത്തില്‍ താന്‍ സമ്മര്‍ ദ്ദത്തിലാണെന്നും വിവാഹത്തിന് തയാറല്ലെന്നും അജിതേഷ് ഹേമന്തിനെ അറിയിക്കുകയായിരുന്നു. അതേസമയം, വിവാഹം നിയമപരമായി കോടതിയില്‍ വച്ച് രജിസ്റ്റര്‍ ചെയ്യാനുള്ള തയാറെടുപ്പിലാണ് സാക്ഷിയും അജിതേഷും. 


അങ്ങനെയൊരു വിവാഹം നടത്തിയിട്ടില്ലെന്ന ക്ഷേത്ര പൂജാരി പറഞ്ഞതിനെ തുടര്‍ന്നാണ്‌ ദമ്പതികളുടെ തീരുമാനം. റാം ജാനകി ക്ഷേത്രത്തിലെ പൂജാരി പരശുറാം ദാസാണ് വിവാഹം നടത്തിയിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. 


വിവാഹം നടന്നതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റില്‍ റാം ജാനകി ക്ഷേത്രത്തിന്‍റെയും ആചാര്യ വിശ്വപതി ശുകലിന്‍റെയും പേരുകള്‍ പരാമര്‍ശിച്ചിട്ടുണ്ട്. ആചാര്യ വിശ്വപതിയും റാം ജാനകി ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ല എന്നാണ് പരശുറാം പറയുന്നത്. 


40 വര്‍ഷമായി ഇവിടെയുള്ള തന്‍റെ സ്റ്റാമ്പ് ആ സര്‍ട്ടിഫിക്കറ്റില്‍ ഇല്ലെന്നും അത് കെട്ടിചമച്ചതാണെന്നു൦ പരശുറാം പറഞ്ഞു.


ഉത്തർപ്രദേശിലെ ബിജെപി എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്ര പങ്കുവച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. 


കുടുംബത്തിന്‍റെ എതിർപ്പ് മറികടന്നാണ് ദളിത് വിഭാഗത്തിൽപ്പെട്ട അജിതേഷ് കുമാറുമായി സാക്ഷി വിവാഹിതയായത്. തന്‍റെയും ഭർത്താവിന്‍റെയും ജീവന് ഭീഷണിയുണ്ടെന്നാണ് സാക്ഷി വീഡിയോയില്‍ പറഞ്ഞിരുന്നത്. 


തനിക്കും ഭർത്താവിനും അദ്ദേഹത്തിന്‍റെ കുടുംബത്തിനു൦ എന്തെങ്കിലും സംഭവിച്ചാൽ പിതാവും സഹോദരനു൦ രാജീവ് റാണയുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി പറഞ്ഞിരുന്നു.