ന്യൂഡല്‍ഹി: കേരളത്തില്‍ അഖിലയെ മതംമാറ്റി ഹാദിയയാക്കിയ കേസിന്‍റെ അന്വേഷണ വിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍‌ഐ‌എ) യുമായി പങ്ക് വയ്ക്കണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതി ഈ നിര്‍ദേശം കേരള പോലീസിനാണ് നല്‍കിയത്. കേരള പോലീസിന്‍റെ കൈവശമാണ് കേസിന്‍റെ വിശദാംശങ്ങള്‍ ഉള്ളതെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതി ഈ നിലപാട് സ്വീകരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

വൈക്കം സ്വദേശിനിയും,ഹോമിയോ വിദ്യാര്‍ഥിയുമായ അഖിലയെ മതംമാറ്റിയതുമായി ബന്ധപ്പെട്ട കേസിലാണ് സുപ്രീം കോടതി നിര്‍ദ്ദേശം. കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന കേന്ദ്രസര്‍ക്കാറിന്‍റെ ആവശ്യം പിന്നീട് തീരുമാനിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.  അതിനിടെ, കേസില്‍ എന്‍.ഐ.എ അന്വേഷണത്തെ എതിര്‍ത്ത ഹര്‍ജിക്കാരന്‍ ഷഹീന്‍ ജഹാന്‍റെ അഭിഭാഷകന് സുപ്രീം കോടതിയുടെ വിമര്‍ശനം നേരിടേണ്ടിവന്നു. സുതാര്യവും സ്വതന്ത്രവുമായ അന്വേഷണം ഷെഹിന്‍ ആഗ്രഹിക്കുന്നില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.


ഹാദിയയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ ഭര്‍ത്താവും പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായ ഷഫീന്‍ ജഹാനാണ് സുപ്രീംകോടതിയെ സമീപിച്ചത്.  മതം മാറിയ ഹാദിയയും ഷഫീനും തമ്മിലുള്ള വിവാഹം മേയ് 24നാണ് ഹൈക്കോടതി അസാധുവാക്കിയത്.  നിര്‍ബന്ധിച്ച് മതംമാറ്റിയെന്നാരോപിച്ച് പിതാവ് അശോകന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്. മാത്രമല്ല, ഷഫീന്‍ ജഹാന് ഐ.എസ്. ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്ന് ഹാദിയയുടെ പിതാവിനുവേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി ആരോപിച്ചിരുന്നു.  പക്ഷെ, ഇതൊക്കെ വേറുതെയാനെന്നും ഇതിനൊന്നും ഒരു തെളിവുമില്ലെന്നും ഷഫീന്‍ ജഹാനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ മറുപടി നല്‍കിയിരുന്നു.