ലഖ്നൗ : സമാജ്‌വാദി പാര്‍ട്ടിയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗം തീരുമാനമാകാതെ പിരിഞ്ഞു. നിയമസഭാകക്ഷി യോഗത്തിൽ അഖിലേഷിനെതിരെ രൂക്ഷവിമർശനം ഉയർന്നു. അഖിലേഷിനെയും ശിവപാലിനെയും യോജിപ്പിക്കാനുള്ള ശ്രമമാണ് മുലായം നടത്തിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

2017ലെ യു.പി തെരഞ്ഞെടുപ്പ് പാര്‍ട്ടി വിജയിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് താന്‍ ഈ യോഗം വിളിച്ചത്. ഭിന്നതകള്‍ മറന്ന് അഖിലേഷും ശിവ്പാലും അനുരഞ്ജനത്തിന് തയ്യാറാകണമെന്നും മുലയാം പറഞ്ഞു. ഇരുവരേയും കൈകൊടുക്കാന്‍ മുലായം ക്ഷണിച്ചു. 


അതിനിടെ മൈക്കിന് മുന്നിലെത്തിയ അഖിലേഷ് ചില മാധ്യമങ്ങളിലൂടെ തനിക്കെതിരെ നുണപ്രചാരണം നടക്കുന്നുവെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം നടക്കുന്നതായും ആരോപിച്ചു. ഈ സമയം മൈക്ക് ശി‌വ്‌പാല്‍ പിടിച്ചുവാങ്ങുകയും മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്ന് വിളിച്ചു പറയുകയും ചെയ്തു. ഇതോടെ യോഗത്തില്‍ കയ്യാങ്കളിയായി. തുടര്‍ന്ന് യോഗം ഒരു തീരുമാനവും എടുക്കാതെ പിരിയുകയും ചെയ്തു.


അതേസമയം, അഖിലേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കില്ലെന്ന് മുലായം വ്യക്തമാക്കി. ഇളയ സഹോദരനായ ശിവ്പാല്‍ യാദവിനെയും പാര്‍ട്ടിയില്‍ തിരിച്ചെത്തിയ അമര്‍ സിംഗിനെയും കൈവിടില്ലെന്നും അദ്ദേഹം പറഞ്ഞു. സമാജ് വാദി പാര്‍ട്ടിക്കും തനിക്കും വേണ്ടി ശിവപാല്‍ യാദവ് നടത്തിയ ത്യാഗങ്ങളെ മറക്കാന്‍ തനിക്ക് കഴിയില്ല. 


അമര്‍ സിംഗിന്‍റെ തെറ്റുകള്‍ നേരത്തെ ക്ഷമിച്ചതാണ്. അതുകൊണ്ടുതന്നെ അമര്‍ സിംഗിനെയും പുറത്താക്കാന്‍ തനിക്കാകിലെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിയില്‍ യുവാക്കള്‍ക്ക് വളരെ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഞാനൊരു ദുര്‍ബലനല്ലെന്നും യുവാക്കള്‍ തന്നോടൊപ്പമില്ലെന്ന് കരുതരുതെന്നും മുലായം പറഞ്ഞു. 


 



 


യോഗത്തിനു ശേഷം അഖിലേഷ് യാദവ് മുലായമിനെ വസതിയില്‍ എത്തി കണ്ടു. എന്നാല്‍ കൂടിക്കാഴ്ചയുടെ വിശദാംശം പുറത്തുവന്നിട്ടില്ല.