പാക്കിസ്ഥാന് പിടിയിലായ ഇന്ത്യൻ സൈനികനെ വിട്ടുകിട്ടാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് രാജ്‌നാഥ് സിങ്
നിയന്ത്രണരേഖ മറികടന്നതിനെ തുടർന്ന് പാക് സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യൻ സൈനികന്‍റെ മോചനത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വ്യാഴാഴ്ച ഉച്ചയോടെ പാകിസ്താനിലെ ചാംബാ സെക്ടറിലായിരുന്നു സംഭവം.
ന്യൂഡൽഹി: നിയന്ത്രണരേഖ മറികടന്നതിനെ തുടർന്ന് പാക് സൈന്യത്തിന്‍റെ പിടിയിലായ ഇന്ത്യൻ സൈനികന്‍റെ മോചനത്തിനായി എല്ലാ നടപടികളും സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. വ്യാഴാഴ്ച ഉച്ചയോടെ പാകിസ്താനിലെ ചാംബാ സെക്ടറിലായിരുന്നു സംഭവം.
രാഷ്ട്രീയ റൈഫിൾസിലെ 22കാരനായ ചന്ദു ബാബുലാല്‍ ചൗഹാനെ പാകിസ്താൻ ബന്ദിയാക്കി എന്നാണ് ലഭിച്ച വിവരമെന്നും സൈനികനെ മോചിപ്പിക്കാന്‍ പാകിസ്താനോട് ആവശ്യപ്പെടുമെന്നും രാജ്‌നാഥ് സിംഗ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യൻ സേന പാക് അധീന കശ്മീരിലെ തീവ്രാവാദ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ മിന്നലാക്രമണത്തിന് ശേഷമാണ് ചന്ദു ബാബുലാല്‍ ചൗഹാൻ പിടിയിലാണെന്ന വിവരം പുറത്തുവന്നത്. എന്നാൽ, മിന്നലാക്രമണത്തിൽ പങ്കെടുത്ത പ്രത്യേക സംഘത്തിൽ ചന്ദു ബാബുലാല്‍ അംഗമായിരുന്നില്ല. നിയന്ത്രണരേഖയിൽ പട്രോളിങ് നടത്തുന്നതിനിടെ അബദ്ധത്തിലാണ് സൈനികൻ പാക് മേഖലയിൽ പ്രവേശിച്ചത്.
സാധാരണ അബദ്ധവശാൽ ഇന്ത്യയുടെയും പാകിസ്താന്‍റെയും സൈനികരോ സിവിലിയന്മാരോ നിയന്ത്രരേഖ മറികടക്കാറുണ്ട്. ഇത്തരത്തിൽ പിടിയിലാകുന്നവരെ പരസ്പരം കൈമാറുകയാണ് ഇരുരാജ്യങ്ങളും ചെയ്യാറുള്ളത്. ചന്ദു ബാബുലാല്‍ ചൗഹാനെ വിട്ടു കിട്ടുന്നതിനായി രൺബീർ സിങ് പാക് ഡറയക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷനോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഇന്നലെ ഉച്ചയ്ക്കാണ് പാക് അധീന കശ്മീരിലെ അഞ്ച് തീവ്രവാദി കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും 38 നുഴഞ്ഞുകയറ്റക്കാരെ വധിച്ചുവെന്നും ഇന്ത്യന്‍ സൈന്യം അറിയിച്ചത്. നുഴഞ്ഞുകയറി കശ്മീരിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും ആക്രമണം നടത്താന്‍ തീവ്രവാദികള്‍ ഒരുങ്ങുന്നതായുള്ള വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതെന്നും സൈന്യം വ്യക്തമാക്കി.