ലഖ്‌നൗ: ഉത്തര്‍പ്രദേശ് വീണ്ടും ഉപതിരഞ്ഞെടുപ്പ് ചൂടിലേയ്ക്ക് നീങ്ങുകയാണ്. ഉപതിരഞ്ഞെടുപ്പ് വരാനിരിക്കെ സ്വീകരിക്കുന്ന രണനീതിയെക്കുറിച്ചുള്ള സൂചന നല്‍കി സമാജ് വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്..


COMMERCIAL BREAK
SCROLL TO CONTINUE READING

2022ലെ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഒറ്റയ്ക്ക് മത്സരിക്കാനാണ് സമാജ് വാദി പാര്‍ട്ടി തയ്യാറെടുക്കുന്നതെന്ന്‍ വ്യക്തമാക്കിയ അഖിലേഷ് ഈ തിരഞ്ഞെടുപ്പില്‍ ആരുമായി സഖ്യം ഉണ്ടാക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത് എന്നത് സംബന്ധിച്ചും സൂചന നല്‍കി.


തനിക്ക് ബിഎസ്പിയെകുറിച്ച്‌ ഒന്നും പറയാനില്ലെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അഖിലേഷ് നല്‍കിയ പ്രതികരണം വ്യക്തമാക്കുന്നത്, ഇനി എസ്പി - ബിഎസ്പി സഖ്യ പരീക്ഷണം ഉണ്ടാവില്ല എന്നത് തന്നെയാണ്.


അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ ഉടലെടുത്ത സഖ്യം പിരിഞ്ഞപ്പോള്‍ ആവശ്യം വന്നാല്‍ ഒന്നിച്ച്‌ മത്സരിക്കുമെന്ന് ഇരുവരും പ്രഖ്യാപിച്ചിരുന്നു. 


വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാന്‍ എസ്പി ആലോചിക്കുന്നില്ല. ചെറിയ പ്രാദേശിക പാര്‍ട്ടികളുമായി സഖ്യത്തിനാണ് ശ്രമം. സംസ്ഥാനത്ത് നടക്കുന്ന 13 നിയമസഭാ ഉപതിരഞ്ഞെടുപ്പുകളില്‍ ചെറിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും അഖിലേഷ് പറഞ്ഞു. 


വലിയ പാര്‍ട്ടികളുമായി എസ്പിയുണ്ടാക്കിയ സഖ്യത്തെ കുറിച്ച്‌ എല്ലാവര്‍ക്കുമറിയാം. അതൊന്നും വിജയകരമായിട്ടില്ലെന്നും അഖിലേഷ് പറയുന്നു. അതുകൊണ്ട് ഇനി അത്തരം പരീക്ഷണത്തിനില്ല എന്നും അഖിലേഷ് വ്യക്തമാക്കി.


യുപിയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി നേരത്തെ സംസ്ഥാന ഘടകത്തെ ഒന്നടങ്കം അഖിലേഷ് യാദവ് പിരിച്ചുവിട്ടിരുന്നു.