Amarinder Singh| കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചു; പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ച് അമരീന്ദർ സിംഗ്
ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷയ്ക്കയച്ച കത്ത് അമരീന്ദർ സിംഗ് പുറത്തുവിട്ടത്. ഏഴ് പേജുള്ള രാജിക്കത്തിൽ കോൺഗ്രസിനെതിരെയും നേതാക്കൾക്കെതിരെയും ആരോപണം ഉന്നയിക്കുന്നുണ്ട്.
ന്യൂഡൽഹി: കോൺഗ്രസിൽ (Congress) നിന്നും രാജിവച്ച പഞ്ചാബ് (Punjab) മുൻ മുഖ്യമന്ത്രി അമരീന്ദർ സിംഗ് (Amarinder Singh) തന്റെ പുതിയ പാർട്ടിയുടെ പേര് പ്രഖ്യാപിച്ചു. പഞ്ചാബ് ലോക് കോൺഗ്രസ് (Punjab Lok Congress) എന്നാണ് പാർട്ടിയുടെ പേര്. കോൺഗ്രസിൽ നിന്ന് ഔദ്യോഗികമായി രാജിവച്ചതായി അറിയിച്ച് പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് (Sonia Gandhi) അമരീന്ദർ രാജിക്കത്ത് സമർപ്പിച്ചു.
കോൺഗ്രസ് പാർട്ടിക്കും മറ്റ് നേതാക്കൾക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചുകൊണ്ടാണ് അമരീന്ദർ സിംഗ് രാജിക്കത്ത് സമർപ്പിച്ചത്. താൻ തളർന്നിട്ടില്ലെന്നും വിരമിച്ചിട്ടില്ലെന്നും പഞ്ചാബിലെ ജനങ്ങൾക്കായി ഒരുപാട് കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ടെന്നും അദ്ദേഹം സോണിയാ ഗാന്ധിക്കെഴുതിയ കത്തിൽ പറഞ്ഞു. ഞാൻ സൈനികനായി തുടരാനാണ് ഉദ്ദേശിക്കുന്നത്, മാഞ്ഞുപോകാനല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ട്വിറ്ററിലൂടെയാണ് കോൺഗ്രസ് അധ്യക്ഷയ്ക്ക് അയച്ച കത്ത് അമരീന്ദർ സിംഗ് പുറത്തുവിട്ടത്. ഏഴ് പേജുള്ള രാജിക്കത്തിൽ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ളവർക്കെതിരെയും വിമർശനങ്ങളുണ്ട്.
"നിങ്ങളുടെയും എന്റെ സ്വന്തം മക്കളെപ്പോലെ ഞാൻ ഇപ്പോഴും അഗാധമായി സ്നേഹിക്കുന്ന നിങ്ങളുടെ കുട്ടികളുടെയും പെരുമാറ്റം എനിക്ക് ശരിക്കും വേദനിച്ചു. 1954 ൽ ഞങ്ങൾ ഒരുമിച്ച് സ്‌കൂളിൽ പോയിരുന്ന കാലം മുതൽ, ഇപ്പോൾ 67 വർഷമായി, അവരുടെ അച്ഛനെ എനിക്കറിയാവുന്നതാണ്... " - അമരീന്ദർ സിംഗ് കുറിച്ചു. “കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ അനുഭവത്തിലൂടെ കടന്നുപോകുന്നതുകൊണ്ട് മറ്റൊരു മുതിർന്ന കോൺഗ്രസുകാരനും ഞാൻ നേരിട്ട അപമാനത്തിന് സമാനമായൊന്ന് അനുഭവിച്ചുകാണില്ലെന്ന് കരുതുന്നു” - സിംഗ് കൂട്ടിച്ചേർത്തു.
Also Read: Amarinder Singh: കോൺഗ്രസ് വിടുന്നു, ബിജെപിയിലേക്കില്ല; നിലപാട് വ്യക്തമാക്കി അമരീന്ദർ സിംഗ്
നവംബറോടെ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാനാണ് നീക്കം. നവ്ജോത് സിംഗ് സിദ്ദു എവിടെ മത്സരിച്ചാലും നേരിടുമെന്ന് അമരീന്ദർ പറഞ്ഞു. സഖ്യത്തിലോ അല്ലാതെയോ 117 സീറ്റുകളില്‍ മത്സരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബില്‍ ബിജെപിയുമായി സഹകരിക്കാന്‍ അമരീന്ദർ സിംഗ് ഉപാധി വച്ചിരുന്നു.
സെപ്‌തംബർ 18ന് പഞ്ചാബ് കോൺഗ്രസ് അദ്ധ്യക്ഷൻ നവ്ജ്യോത് സിംഗ് സിദ്ദുവുമായുളള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് അമരീന്ദർ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. കോൺഗ്രസിൽ മുതിർന്ന നേതാക്കളെ പാടേ അവഗണിക്കുന്ന രീതിയാണെന്നും അമരീന്ദർ വിമർശിച്ചിരുന്നു.
കര്‍ഷക സമരം കേന്ദ്രം ഒത്തുതീര്‍പ്പാക്കിയാല്‍ സഹകരിക്കുമെന്നായിരുന്നു അമരീന്ദർ സിംഗിന്‍റെ വാഗ്ദാനം. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ വരുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സീറ്റ് ധാരണയുണ്ടാകുമെന്നും അമരീന്ദർ സിംഗ് അറിയിക്കുകയായിരുന്നു. നവംബറോടെ കർഷക സമരത്തിന് പരിഹാരമാകുമെന്ന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ് കിട്ടിയിട്ടുണ്ടെന്ന് അമരീന്ദറിന്‍റെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇതുവരേയും ഞാൻ കോണ്ഗ്രസിലായിരുന്നു. പക്ഷേ ഇനി ഞാൻ കോണ്ഗ്രസിലുണ്ടാവില്ല. മര്യാദക്കെട്ട രീതിയിലാണ് പാർട്ടിയിൽ എന്നെ പരിഗണിക്കുന്നത് - എന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതിന് ശേഷമുള്ള അമരീന്ദർ സിംഗിന്‍റെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ശേഷം എഐസിസി (AICC) നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദർ സിംഗിനെ (Amarinder Singh) അനുനയിപ്പിക്കാനുള്ള ശ്രമങ്ങൾ ഹൈക്കമാൻഡ് നടത്തിയിരുന്നെങ്കിലും ഫലം കണ്ടില്ല. മുതിർന്ന നേതാക്കളായ അംബികാ സോണിയും (Ambika Soni) കമൽനാഥും (Kamalnath) അമരീന്ദറിനെ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. അദ്ദേഹം പാർട്ടി വിട്ട് പോകുന്നത് തടയാനുള്ള ശ്രമത്തിലായിരുന്നു നേതൃത്വം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...